അക്ഷരശ്ലോകം
തയ്യപ്പറമ്പില് ഗോപാലന്‍കുട്ടി മേനോന്
ആദ്യം ശ്ലോകത്തെപ്പറ്റി രണ്ടു വാക്കു പറഞ്ഞുകൊള്ളട്ടെ. വേദകാലം മുതലേ ശ്ലോകത്തിനു
പ്രസക്തിയുണ്ടായിരുന്നു. മനുഷ്യമനസ്സിലെ മനോഹരമായ ചിന്തകളും വികൃതമായ
ചിന്തകളും ശ്ലോകത്തില്‍ക്കൂടി പുറത്തുചാടിയിട്ടുണ്ട്. ശ്ലോകങ്ങള്‍ കേവലം ഒരു
രചനാപദ്ധതി മാത്രമല്ല. അതിശക്തമായ രീതിയില്‍ ശാസ്ത്രങ്ങള്‍ രചിക്കുന്നതിനും ശ്ലോകങ്ങള്‍
ഉപയോഗിച്ചിട്ടുണ്ട്. സംസ്കൃതത്തിലെ അമരകോശം (നാമലിംഗാനുശാസനം) ഇതിന് ഒരു
തികഞ്ഞ ഉദാഹരണമാണ്. ഓരോ കാലഘട്ടത്തില്‍ രചിക്കപ്പെട്ട ശ്ലോകങ്ങള്‍ സംസ്കാര
ചൈതന്യസൂചകങ്ങളായി ഇന്നും അവശേഷിക്കുന്നു. ഭാരതീയര്‍ എവിടെയൊക്കെ ചെന്നു
പെട്ടിട്ടുണ്ടോ അവിടെയൊക്കെ ഭാരതത്തിന്റെ വൃത്തബോധവും സങ്കല്‍പ്പങ്ങളും നിഴലിച്ചു
കാണാം. രസത്തിനും അറിവിനും വേണ്ടി ശ്ലോകപാരമ്പര്യം എന്ന ലേഖനത്തില്‍
കൊടുത്തിട്ടുള്ള ജാവ ദ്വീപിലെ ജാവ ഭാഷയില്‍ രചിച്ച ഒരു ശ്ലോകം താഴെ കൊടുക്കാം.
സമര് ദിവാ രാത്രി നെ കങ് സുഖാലയ
ദനിങ് പ്രകാശാത്മക സര്‍വ്വ ഭാസ്വര
അനിങ് സെകര്ണ്ണിംഗ് കുമുദാ ജരിംഗ് കുലം
മുഅങ് ചക്രവാകിന് പപസഹ്ലവാന് പ്രിയ
(അര്‍ത്ഥം : സുരലോകത്തിലെ പദാര്‍ത്ഥങ്ങളുടെ സ്വയം പ്രകാശം കൊണ്ടു രാപ്പകലുകള്‍
തിരിച്ചറിയാവതല്ലാതായി. വികസിച്ച ആമ്പലും വിരഹിയായ കോകവും ആണ് രാവിനെ
സൂചിപ്പിച്ചത്.)
ആര്യാവര്‍ത്തത്തില്‍ രൂപം കൊണ്ട ശ്ലോകപാരമ്പര്യം ദ്വീപാന്തരങ്ങളില്‍ എന്ന പോലെ
ദ്രാവിഡഭൂമിയിലും പ്രചരിച്ചതു സ്വാഭാവികം അല്ലേ? ശിലാലിഖിതങ്ങളിലും ശ്ലോകങ്ങള്‍
കാണാം. അനുഷ്ടുപ്പും ദീര്‍ഘവൃത്തങ്ങളും ഉപയോഗിച്ചു കാണുന്നു. അനുഷ്ടുപ്പ് വൃത്തം
അക്ഷരശ്ലോകത്തില്‍ ഉപേക്ഷിക്കപ്പെട്ടു കാണുന്നു. ശാസ്ത്രങ്ങളാലും ആചാരങ്ങളാലും
സാരഗര്‍ഭമായ അനുഷ്ടുപ്പ് വൃത്തം കൂടി ഉള്‍പ്പെടുത്താവുന്നതാണ്.
കവനകൌതുകത്തിന്റെ പത്രാധിപരായ മഹാപണ്ഡിതന് അക്ഷരശ്ലോകവിദഗ്ദ്ധന്‍
കടലായില്‍ പരമേശ്വരന് ഇത്തരത്തിലുള്ള ശ്ലോകങ്ങള്‍ ഹിന്ദിയില്‍ അക്ഷരശ്ലോക
സദസ്സുകളില്‍ അവതരിപ്പിക്കാറുണ്ട്. അദ്ദേഹം ഹിന്ദിയിലും പാണ്ഡിത്യം സമ്പാദിച്ച
ഒരു വ്യക്തിയാണ്.
വേദകാലം മുതല്‍ കവികള്‍ പല നിലയ്ക്കു ചാടൂക്തികളായി ചൊല്ലിയ ശ്ലോകങ്ങള്‍
ആളുകള്‍ക്കു മറക്കാന്‍ കഴിയാത്ത വിധം സരസങ്ങള്‍ ആയിരുന്നു.
ധര്‍മ്മശാസ്ത്രങ്ങളില്‍ എന്ന പോലെ ജൈന ബൌദ്ധ കൃതികളിലും ശ്ലോകങ്ങള്‍ കയറിപ്പറ്റി.
ഓര്‍മ്മിച്ചു ചൊല്ലുന്ന പ്രാസവും ശ്ലോകങ്ങളില്‍ സ്വീകരിച്ചു തുടങ്ങി. വീരരസം
പ്രകടിപ്പിക്കാന്‍ ശാര്‍ദ്ദൂലവിക്രീഡിതം ആണ് വേണ്ടത് എന്ന ധാരണയും പരന്നു. ശ്ലോകം
ഓര്‍ത്തു ചൊല്ലാന്‍ പ്രാസം പ്രയോജനപ്രദം ആകും എന്നും പരക്കെ അംഗീകരിക്കപ്പെട്ടു.
ചാടുകവിതകള് സാഹിത്യവിനോദം ആക്കി എടുത്തു പലപ്പോഴും സദസ്യരെ
രസിപ്പിക്കാറുണ്ട്.
കേരളത്തില്‍ മാത്രമല്ല ഭാരതം മുഴുവന്‍ വ്യാപിച്ചിരുന്ന ഈ സാഹിത്യവിനോദം ഇന്നു
നാമാവശേഷമായി എന്നു തന്നെ പറയാം. രണ്ടു തെലുങ്കു കവികള്‍ നിമിഷകവികള്‍
ആയിരുന്നു. 1) ദിവാകര്‍ല തിരുപ്പതി ശാസ്ത്രി (1877-1920) 2) ചെല്ലപില്ല വെങ്കട
ശാസ്ത്രി (1870-1950). നിമിഷകവിതകള്‍ തീര്‍ക്കാനും അവ എല്ലാം അതേപടി
ആവര്‍ത്തിച്ചു ചൊല്ലാനും അവര്‍ക്കു കഴിഞ്ഞിരുന്നു. അതുകൊണ്ട് അവര്‍
ശതാവധാനികള്‍ എന്ന പേരിനും അര്‍ഹരായിത്തീര്‍ന്നു. കേരളത്തില്‍ മാത്രമല്ല എന്നു
കാണിക്കാന്‍ ആണ് ഇക്കഥ ഇവിടെ കൂട്ടിച്ചേര്‍ത്തത്.
അതുപോലെ തന്നെ ഭോജരാജാവിന്റെ സദസ്സില്‍ ഉണ്ടായിരുന്ന കവികളുടെ സരസദ്രുത
കവിതയും സമസ്യയും മറക്കാവതല്ല. അതില്‍ ഒരു സമസ്യ ഇവിടെ ചേര്‍ക്കാം. ഭോജന്
ഒരു സമസ്യ ഇട്ടുകൊടുത്തു. അത് ഇതാണ്. “ചരമഗിരിനിതംബേ ചന്ദ്രബിംബം ലലംബേ”
കേട്ട പാടേ ഭവഭൂതി ഒന്നാം പാദം ചൊല്ലി. ഉടന്‍ ദണ്ഡി രണ്ടാം പാദവും കാളിദാസന്
മൂന്നാം പാദവും ചൊല്ലി. അപ്പോള്‍ അത് ഒരു മനോഹരമായ ശ്ലോകം അയിത്തീര്ന്നു.
ഒരുമിച്ചു താഴെ കുറിക്കാം.
അരുണകിരണജാലൈരന്തരീക്ഷേ ഗതര്ക്ഷേ
ചലതി ശിശിരവാതേ മന്ദമന്ദം പ്രഭാതേ
യുവതിജനകദംബേ നാഥമുക്തോഷ്ഠബിംബേ
ചരമഗിരിനിതംബേ ചന്ദ്രബിംബം ലലംബേ
ആ കാലങ്ങളിലും നല്ല ശ്ലോകങ്ങള്‍ പഠിച്ചു ആവര്‍ത്തിച്ചു ചൊല്ലുമായിരുന്നു. അതിന്
അവസാനത്തെ അക്ഷരം ആയിരുന്നു എടുത്തിരുന്നത്. അതുകൊണ്ട് അതിനെ
അന്ത്യാക്ഷരി എന്നു വിളിച്ചു വന്നു. ഇതു കേവലം സാഹിത്യവിനോദം മാത്രം ആയല്ല
ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ധാരണാശക്തി, ഓര്‍മ്മശക്തി, പാണ്ഡിത്യം ഇവ വര്‍ദ്ധിപ്പിക്കല്‍
കേള്‍വിക്കാര്‍ക്കു രസം ജനിപ്പിക്കല്‍ ഇങ്ങനെ പലതും ഉദ്ദേശിക്കപ്പെട്ടിരുന്നതായി
പറയപ്പെടുന്നു. പൂര്‍വ്വസൂരികള്‍ രചിച്ച പല ശ്ലോകങ്ങളും പല തത്ത്വങ്ങളും ഈ
പ്രസ്ഥാനത്തില്ക്കൂടി ജനഹൃദയങ്ങളിലേക്ക് ഇന്നും ആവാഹിക്കപ്പെടുന്നു. ഇത് ഒരു
ശ്രാവ്യകലയാണ്. ക്ഷേത്രകലയാണ്. ഉത്സവപ്പറമ്പുകളിലും വലിയ പലേ വീടുകളിലും
ഈ കല ഇന്നും ആസ്വദിച്ചു വരുന്നു.
കേരളത്തില്‍ മണിപ്രവാളസാഹിത്യത്തിന്റെ ആവിര്‍ഭാവത്തോടെ വളരെ പെരുത്തു
മുക്തകങ്ങള്‍ രൂപം കൊണ്ടു. കവികള്‍ അതാതു സന്ദര്‍ഭത്തില്‍ ശ്ലോകങ്ങള്‍
വിരചിക്കാനും തുടങ്ങി. പണ്ഡിതന്മാരുടെ സദസ്സുകളിലെ “വെടിവട്ടം” (നേരംപോക്കു
പറഞ്ഞിരിക്കുക) ശ്ലോകം ചൊല്ലുന്നതിനും ഉപയോഗിച്ചു പോന്നു. ഇതില്‍ കൊടുങ്ങല്ലൂര്‍
കോവിലകത്തെ ഗുരുകുലം വലിയ പങ്കു വഹിച്ചിരുന്നു. ആ കാലഘട്ടത്തിലാണ്
“അക്ഷരശ്ലോകം” എന്ന പേര് ചാര്‍ത്തിക്കൊടുത്തത്. ഉത്തരാര്‍ദ്ധത്തിലെ ആദ്യ അക്ഷരം
ഉപയോഗിച്ച് അടുത്തയാള്‍ ചൊല്ലണം എന്ന കര്‍ശനനിയമം സൃഷ്ടിച്ചതും ഇവിടെ നിന്നു
തന്നെയാണ്. മൂന്നാം വരിയിലെ ആദ്യ അക്ഷരം എടുക്കുമ്പോള്‍ ആലോചിക്കാന്‍
അല്പസമയം കിട്ടും എന്നതുകൊണ്ടായിരിക്കണം ഇങ്ങനെ തീരുമാനിച്ചത് എന്നു
നമുക്ക് ഊഹിക്കാവുന്നതാണ്. ഇന്നു കാണുന്ന രീതിയില്‍ അല്ല കൊടുങ്ങല്ലൂരില്‍ അന്ന്
അക്ഷരശ്ലോകം ചൊല്ലിയിരുന്നത്. അക്ഷരം കിട്ടിയാല്‍ ശ്ലോകം അപ്പോള്‍ ഉണ്ടാക്കി
ചൊല്ലണം. രണ്ടു പ്രാവശ്യം ചൊല്ലണം. ഇപ്രകാരം ചൊല്ലിയിരുന്ന കവികളില്‍ ചിലരുടെ
പേരുകള്‍ താഴെ ചേര്‍ക്കാം. കുഞ്ഞിരാമവര്‍മ്മ തമ്പുരാന്, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍
തമ്പുരാന്, കൊച്ചുണ്ണിത്തമ്പുരാന്‍, ഒറവങ്കര രാജന്, വെണ്മണി അച്ഛന്, വെണ്മണി
മഹന്‍, കാത്തുള്ളില്‍ അച്യുത മേനോന്, നടുവം എന്നിവരാണു പ്രധാനികള്‍.
1066 ല്‍ (1891) കുഞ്ഞിരാമവര്‍മ്മ തമ്പുരാന്റെ ഭാര്യാഗൃഹത്തില്‍ വച്ച് അക്ഷരശ്ലോക
മത്സരം നടത്തി. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്, കുഞ്ഞിരാമ വര്‍മ്മ തമ്പുരാന്, ഒറവങ്കര
രാജന്, കാത്തുള്ളില്‍ അച്യുത മേനോന് എന്നിവര്‍ പങ്കെടുത്തു. നാലര മണിക്കൂര്‍ നീണ്ടു
നിന്ന മത്സരത്തില്‍ വിജയിച്ചതു കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ആയിരുന്നു. ഇതേ പോലെ
കൊച്ചി രാജാവു തിരുവഞ്ചിക്കുളത്ത് ഭജിക്കാന്‍ വന്നപ്പോള്‍ അദ്ദേഹത്തിനു കേള്‍ക്കണം
എന്നു പറഞ്ഞതു കൊണ്ട് ഒരു മത്സരം വച്ചു. പങ്കെടുത്തവര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്,
കൊച്ചുണ്ണിത്തമ്പുരാന്‍, ഒറവങ്കര രാജന്, കുഞ്ഞിരാമവര്‍മ്മ. കുംഭകോണം കൃഷ്ണ
ശാസ്ത്രിയും കൊച്ചി രാജാവും മദ്ധ്യസ്ഥം വഹിച്ചു. അതിലും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്
വിജയിച്ചു. ആ മത്സരത്തെപ്പറ്റി ഒറവങ്കര ഒരു ശ്ലോകവും എഴുതി. അതു താഴെ ചേര്‍ക്കാം.
മഞ്ജുത്വം കൈക്കലാക്കീ കവികുലതിലകന് കൊച്ചു കൊച്ചുണ്ണിഭൂപന്
കുഞ്ഞിക്കുട്ടക്ഷിതീശന് ദ്രുതതരകവിതാവൈഭവം കൊണ്ടു പോയി
രഞ്ജിക്കും മാറു തീര്‍ത്താന്‍ പല കൃതികളെയും കുഞ്ഞിരാമക്ഷിതീശന്
ഭഞ്ജിക്കാതേ കടിഞ്ഞൂല്‍ പ്രസവസദൃശമായ് ഞാനുമൊപ്പിച്ചു മാറി
ഇത്തരം മത്സരങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കുഞ്ഞിരമാവര്മ്മ തമ്പുരാന് 1951ല്‍
എഴുതിയ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് എന്ന പുസ്തകത്തില്‍ ഉണ്ട് (പേജ് 147 മുതല്‍
150 വരെ)
അന്നുണ്ടായിരുന്ന പോലെ ഒരു സദസ്സും മത്സരവും മേലില്‍ പ്രതീക്ഷിക്കാവുന്നതല്ല. ഇന്ന്
അലിഖിതങ്ങളാണെങ്കിലും പല നിയമങ്ങളും നാം സദസ്സിലും മത്സരത്തിലും
അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇതിനു സാര്‍വത്രികമായ ഒരു നിയമാവലി
ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അക്ഷരശ്ലോകമത്സരം ഇന്നു സര്‍ക്കാര്‍
തലത്തിലും നടത്തി വരുന്നുണ്ട്.
ഈ കല വിദ്യാഭ്യാസപ്രാധാന്യം ഉള്ളതാണ്. ഒരു ശൈലി സ്വീകരിച്ചു ചൊല്ലി
പഠിക്കേണ്ടതുണ്ട്. എന്നാല്‍ ശ്ലോകത്തിന്റെ ശരിയായ ശൈലിയില്‍ അടിയുറച്ചതും
ആയിരിക്കണം. ഇന്നു പ്രചാരത്തിലുള്ള വൃത്തങ്ങള്‍ എല്ലാം തന്നെ ചൊല്ലാന്‍
ശീലിക്കേണ്ടതാണ്. അര്‍ത്ഥബോധവും വൃത്തബോധവും ഉണ്ടാകേണ്ടതുണ്ട്. ആയിരം
ശ്ലോകം പഠിച്ചാല്‍ അരക്കവിയായി എന്ന് ഒരു പഴമൊഴിയും പറഞ്ഞുവരാറുണ്ട്.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കാലം അക്ഷരശ്ലോകത്തിന്റെ സുവര്‍ണ്ണകാലം എന്നു
പറയാവുന്നതാണ്. അദ്ദേഹം സംസാരിക്കുന്നതു തന്നെ കവിതയില്‍ ആയിരുന്നു. അദ്ദേഹം
സ്യാലനായ കോയിപ്പള്ളി പരമേശ്വരക്കുറുപ്പിനു വേണ്ടി ഒരു ശുപാര്‍ശക്കത്തു
കൊടുത്തു. സി. അന്തപ്പായിക്കാണ് എഴുത്ത്. അതില്‍ കുറുപ്പിന്റെ വിദ്യാഭ്യാസയോഗ്യത
പറഞ്ഞുകൊടുക്കുന്ന ഒരു ശ്ലോകമുണ്ട്. ചതുരംഗം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടതു
കൈ കൊണ്ട് എഴുതിയ ശ്ലോകങ്ങളില്‍ ഒന്ന്.
അറിയാം ചിലതാംഗലേയഭാഷാ
മുറിവാക്യങ്ങള്‍; പഠിപ്പതത്ര മാത്രം
ശരിയായ് മലയാളഭാഷയായാ-
ലുരിയാടാമെഴുതാം കവിത്വമാകാം
1955 മുതല്‍ അക്ഷരശ്ലോക പരിഷത്ത് മുഖപത്രമായി കവനകൌതുകം തുടങ്ങിയതോടു
കൂടി അക്ഷരശ്ലോക യൂണിറ്റുകള്‍ കേരളം ഒട്ടുക്ക് ഇന്നുപ്രവര്ത്തിച്ചു വരുന്നു.
ഇനിയും പല ഉദാഹരണങ്ങളും തെളിവുകളും ഇവിടെയുണ്ട്. അവ മുഴുവന്‍
ലേഖനത്തില്‍ കൊണ്ടുവരുന്നതു ബുദ്ധിമുട്ടാണ്. ഇതില്‍ നിന്ന് അക്ഷരശ്ലോകം എന്ന
നാമധേയം രൂപം കൊണ്ടതു കൊടുങ്ങല്ലൂര്‍ ഗുരുകുലത്തില്‍ നിന്നാണ് എന്നു വ്യക്തം
ആകുന്നുണ്ട്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കവിതയെ കൂടുതല്‍ ജനകീയം ആക്കി. പച്ച
മലയാളത്തില്‍ കവിതകള്‍ എഴുതി. വെണ്മണി പ്രസ്ഥാനം പ്രചാരത്തില്‍ ആയി. ആ
കാലഘട്ടത്തില്‍ ശ്ലോകങ്ങള്‍ അറിയാത്തവര്‍ ആരും തന്നെ ഇല്ലായിരുന്നു.
ഞാന്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് എന്റെ മുത്തച്ഛനായ മഹാകവി കാത്തോള്ളില്‍
അച്യുതമേനോന്റെ സ്മാരകമായി ഒരു അക്ഷരശ്ലോക സമിതി നടത്തി വരുന്നുണ്ട്.
അതിന്റെ പ്രസിഡന്റ് ആണ് ഞാന്‍. ഒരു ദിവസം സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന്
അക്ഷരശ്ലോകതല്പരരായ രണ്ടു പ്രൊഫസര്‍മാര്‍ എന്നെ സമീപിച്ച് അവര്‍ക്ക്
അക്ഷരശ്ലോകത്തിന്റെ വേരുകളെ കുറിച്ച് അറിയണം എന്നും അക്ഷരശ്ലോകം
കേള്‍ക്കണം എന്നും പറഞ്ഞു. ഞാന്‍ അവരെയും കൊണ്ടു കൊടുങ്ങല്ലൂര്‍
കോവിലകത്തു പോയി കാണിച്ചുകൊടുത്തു. അവര്‍ പല വിവരങ്ങളും ശേഖരിച്ചു
കൊണ്ടു പോയി. ഇനിയും വരും എന്നെല്ലാം പറയുകയും ചെയ്തു. അക്ഷരശ്ലോക
സദസ്സു കാണിച്ചുകൊടുത്തു. കേള്‍പ്പിച്ചുകൊടുത്തു. ഒടുവില്‍ അവരെ അഭിനന്ദിച്ചു
കൊണ്ടു രണ്ടു ശ്ലോകങ്ങളും എഴുതി കൊടുത്തു. അങ്ങനെ അവരെ യാത്രയാക്കി.
അവരുടെ വരവു ഞങ്ങള്‍ക്ക് അഭിമാനമായി തോന്നി.
ഇപ്പോള്‍ ഈ കല വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നാം അതിനു വേണ്ട സാഹചര്യം
ഒരുക്കി കൊടുക്കേണ്ടതാണ്. ഇവിടത്തെ സമിതിക്കു 19 വയസ്സായി. കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും വെവ്വേറെ മത്സരം ഉണ്ട്. വിജയികള്‍ക്കു സമ്മാനം സ്വര്‍ണ്ണമാണ്.
എല്ലാം അഭ്യുന്നതി പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലേഖനം ചുരുക്കുന്നു.
അക്ഷരശ്ലോകവൈദഗ്ധ്യവും അവതരണവൈദഗ്ധ്യവും
– ഡോ ആർ രാജൻ
അക്ഷരശ്ലോക വൈദഗ്ധ്യം
കിട്ടിയ അക്ഷരത്തിൽ അനുഷ്ടുപ്പല്ലാത്ത സംസ്കൃത വൃത്തത്തിലുള്ള ശ്ലോകം സ്വന്തം ഓർമയിൽ നിന്നും തെറ്റ് കൂടാതെ ഉടൻ ചൊല്ലുവാനുള്ള കഴിവാണ് കഴിവാണ് അക്ഷരശ്ലോക വൈദഗ്ധ്യം .
“തെറ്റ് കൂടാതെ” എന്നതിൽ ഉച്ചാരണ ശുദ്ധി , വൃത്തശുദ്ധി , ഭാഷാശുദ്ധി മുതലായ പലതും ഉൾപെടും. പക്ഷേ സ്വരമാധുര്യം സംഗീതാത്മകത്വം മുതലായവ ഈ നിർവചനത്തിന്റെ ഒരു ഭാഗത്തും ഉൾപ്പെടുന്നില്ല . സാഹിത്യമൂല്യമുള്ള ശ്ലോകങ്ങൾ തെരഞ്ഞെടുത്തു ചൊല്ലുക എന്നുള്ളതും അക്ഷരശ്ലോക വൈദഗ്ധ്യത്തിന്റെ ഭാഗമല്ല . സ്വന്തമായി ശ്ലോകം നിർമിച്ചു ചൊല്ലുന്നവർ കാളിദാസന്റെ ശ്ലോകങ്ങൾ കാണാപ്പാഠം പഠിച്ചു ചൊല്ലുന്നവരേക്കാൾ ഒട്ടും അക്ഷരശ്ലോകവൈദഗ്ധ്യം കുറഞ്ഞവരല്ല .
അവതരണ വൈദഗ്ധ്യം
സാഹിത്യ മൂല്യമുള്ള പദ്യങ്ങൾ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിക്കാനുള്ള കഴിവാണ് അവതരണ വൈദഗ്ധ്യം . “ഭംഗി” എന്നതിൽ സ്വരമാധുര്യം രാഗം മുതലായവയും ഉൾപ്പെടുമെന്ന് പറയപ്പെടുന്നു . (“സൌഭാഗ്യമേ സുസ്വരം”, “രാഗമാം പാലു വേണം” മുതലായ ആപ്തവാക്യങ്ങൾ ഓർമിക്കുക) .
ശ്ലോകങ്ങൾ ചൊല്ലുന്ന എല്ലാവർക്കും ഈ രണ്ടു വൈദഗ്ധ്യങ്ങളും ഉണ്ടായിരിക്കണമെന്നില്ല . ഒന്നിന് പകരം മറ്റൊന്ന് മതിയാകുന്നതുമല്ല . അതിനാൽ ഈ രണ്ടു വൈദഗ്ധ്യങ്ങളേയും കൂട്ടിക്കുഴക്കാതെ വെവ്വേറേ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കുകയും വെവ്വേറെ സമ്മാനങ്ങൾ നല്‍കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ് .
സ്വരമാധുര്യവും രാഗത്തിൽ പാടാനുള്ള കഴിവും ഉള്ള ഒരാൾ കിട്ടിയ അക്ഷരത്തിൽ ശ്ലോകം ചൊല്ലാതിരുന്നാലും അയാളെ അക്ഷരശ്ലോക വിദഗ്ദ്ധനായി പരിഗണിച്ചു സമ്മാനം കൊടുക്കുന്ന രീതി ചിലർ അവലംബിച്ച് കാണുന്നു . അവതരണ വൈദഗ്ധ്യം ഇല്ലാത്തവരെ എലിമിനേറ്റു ചെയ്താൽ അക്ഷരശ്ലോകത്തിന്റെ ആസ്വാദ്യത വർധിക്കുമെന്നും തൽഫലമായി ധാരാളം ശ്രോതാക്കളെ കിട്ടുമെന്നുമുള്ള വ്യാമോഹത്തിനടിമപ്പെട്ടു ചില തൃശൂർ പണ്ഡിതന്മാർ യഥാർത്ഥ അക്ഷരശ്ലോക വിദഗ്ദ്ധന്മാരെ നിയമവിരുദ്ധമായി നിഷ്കരുണം എലിമിനേറ്റ് ചെയ്യുന്നതായും കണ്ടുവരുന്നു .
അവതരണ വൈദഗ്ധ്യത്തിനു വേണ്ടി അക്ഷരശ്ലോക വൈദഗ്ധ്യത്തെ ബലികഴിക്കുന്ന ഇത്തരം സാഹസങ്ങൾ അക്ഷരശ്ലോകത്തെ വഴിതെറ്റിക്കുകയും ശ്ലോകപ്പാട്ട് മത്സരങ്ങളായി അധഃപതിപ്പിക്കയും ചെയ്യും . യുവജനോത്സവങ്ങളിൽ പെണ്‍കുട്ടികൾ മാത്രം ജയിക്കുന്നതും ആണ്‍കുട്ടികൾ ഈ രംഗത്തേക്ക് കടന്നു വരാൻ മടിക്കുന്നതും പോലെയുള്ള ദൂഷ്യ ഫലങ്ങൾ ഈ അധഃപതനത്തിന്റെ സൂചനയായി കണ്ടിട്ടെങ്കിലും ഇത്തരക്കാർ തങ്ങളുടെ വികലധാരണകൾ തിരുത്തുകയും അതിസാഹസങ്ങളിൽ നിന്നും പിന്തിരിയുകയും ചെയ്താൽ നന്ന്.
കവിതയിലെ പാട്ട് മലയാളത്തിന്റെ ശാപം
– കോവിലന്
മലയാളത്തിന്റെ കാവ്യാസ്വാദനം ഇപ്പോഴും ചങ്ങമ്പുഴ വരെ മാത്രമാണ് എത്തി നില്‍ക്കുന്നത്.മറ്റൊരു ഭാഷാകവിതയിലും ഇല്ലാത്തവണ്ണം മലയാള കവിതയില്‍ പാട്ടാണ്. നന്നായി പാടിയാല്‍ കവിതയായി. ആ പാട്ടാണു മലയാളത്തിന്റെ ശാപം. സച്ചിദാനന്ദനെപ്പോലെ ഒറ്റപ്പെട്ട ചില കവികളുണ്ടെങ്കിലും അവര്‍ക്കു പാടാനറിയാത്തതിനാല് അവരെ കവികളായി അംഗീകരിക്കുന്നില്ല. ഒരു കാലത്ത് മലയാളത്തില്‍ സൗന്ദര്യശാസ്ത്ര സമീക്ഷയായിരുന്നെങ്കില് ഇന്നതു ലാവണ്യശാസ്ത്രമായിരിക്കുന്നു. ഒരു നുള്ളു ”ലവണം” ചേര്‍ത്താല്‍ ലാവണ്യമായി.
സാഹിത്യത്തിലെ ആധുനികോത്തരതയെ പറ്റി പഠിച്ചും, എഴുതിയും ഇന്നു സഹൃദയനായ മലയാളിയെ ബോധവല്‍ക്കരിക്കുമ്പോള്‍ മലയാള സ്കൂളുകളില്‍ കുട്ടികളില്ലാത്ത അവസ്ഥയാണു്. സൗകര്യമുള്ളവന് ഉയര്‍ന്ന സ്കൂളുകളില്‍ പോകുന്നു. ജോലി കിട്ടണമെങ്കില്‍ ഇംഗ്ലീഷ് തന്നെ പഠിക്കണം. തുഞ്ചന്‍ പറമ്പിന്റെ നിര്‍മിതിക്കു ഗള്‍ഫില്‍ നിന്നു പണം കിട്ടി. കേരളത്തില്‍ മാത്രം നമുക്ക് നമ്മുടേതായൊന്നുമില്ല.
ഏതൊക്കെയായാലും, എവിടെ ജോലിക്കു പോയാലും, ഇംഗ്ലീഷ് പഠിച്ചാലും മലയാളം ഇല്ലാതാക്കുവാന്‍ സാധിക്കില്ല. ഇന്നു പലരും ആ ഭീതിയിലാണ്. പക്ഷെ ഇതു മലയാളമാണ് ഇതിനല്‍പ്പം പഠനഗൗരവമുണ്ട് എന്നു ചിന്തിക്കുവാനുള്ള ധാരണ നമ്മുടെ എഴുത്തുകാര്‍ക്കുണ്ടാവണം.
സ്വാശ്രയ അക്ഷരശ്ലോക മത്സരങ്ങള്‍ എന്ത് എന്തിനു എങ്ങനെ?
ഡോ.ആര്.രാജന്
എന്താണ് സ്വാശ്രയ അക്ഷരശ്ലോക മത്സരം?
അക്ഷരശ്ലോകമത്സരാര്ഥികള്ക്കു നീതി നിഷേധിക്കുന്നതിനു ഏതെങ്കിലും തരത്തില്‍ കാരണമായി വര്‍ത്തിക്കുന്ന ആരെയും ആശ്രയിക്കാതെ നടത്തുന്ന അക്ഷരശ്ലോകമത്സരങ്ങളാണ് സ്വാശ്രയ അക്ഷരശ്ലോകമത്സരങ്ങള്‍. പണത്തിനു വേണ്ടിയാണു മിക്കപ്പോഴും ആശ്രയിക്കേണ്ടിവരുന്നത്. അക്ഷരശ്ലോകത്തിനു വേണ്ടി നിര്‍ലോഭമായി പണം തരാന്‍ തയ്യാറുള്ള ദാനശീലന്മാരായ വ്യക്തികളും സ്ഥാപനങ്ങളും ധാരാളമുണ്ട്.പക്ഷേ അതൊന്നും യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ധന്മാരിലേക്ക് എത്തിച്ചേരുന്നില്ല. അക്ഷരശ്ലോകത്തെപ്പറ്റി വികല ധാരണകള്‍ വച്ചുപുലര്‍ത്തുന്ന ചില ഉന്നതന്മാര് ഇടയ്ക്കു ചാടി വീണ് അതെല്ലാം വഴിതിരിച്ചു വിടുന്നു. ഉന്നതന്മാരുടെ അഭിപ്രായങ്ങള്‍ക്കു ഓശാന പാടി നില്ക്കുന്ന ഒരു ന്യൂനപക്ഷത്തിനു മാത്രമാണു ദാനശീലന് മാരുടെ ഔദാര്യം കൊണ്ടുള്ള പ്രയോജനം മുഴുവന്‍ ലഭിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഒരാള്‍ക്കു നീതി ലഭിക്കണമെങ്കില്‍ അയാള്‍ ഒന്നുകില്‍ വെള്ളക്കാരരനായിരിക്കണം അല്ലെങ്കില്‍ രാജകുടുംബാംഗമായിരിക്കണം അതുമല്ലെങ്കില്‍ ഇപ്പറഞ്ഞവരുടെ ആശ്രിതനായിരിക്കണം എന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. അതുപോലെയുള്ള ഒരു ദുരവസ്ഥയാണ് സാധാരണക്കാരായ അക്ഷരശ്ലോകക്കാര്‍ക്ക് ഇപ്പോള്‍ ഉള്ളത്. ഉന്നതന്മാരോടു പരാതി പറയുന്നത് ബ്രിട്ടീഷുകാരോടു പരാതി പറയുന്നതുപോലെ നിഷ്പ്രയോജനമാണ്. പോതുജനങ്ങളാണെങ്കില് ഉന്നതന്മാര് പറയുന്നതു മാത്രമേ വിശ്വസിക്കുകയുള്ളൂ. അപ്പോള്‍ പിന്നെ നീതി കിട്ടാന്‍ എന്താണു വഴി? അതാണു സ്വാശ്രയത്വം. നമുക്കു നീതി നിഷേധിക്കുന്നവരെയും നമ്മള് പറയുന്നതു വിശ്വസിക്കാത്തവരെയും ആശ്രയിക്കാതെ നമുക്കു നീതി ഉറപ്പാക്കണം. പണമാണ് അക്ഷരശ്ലോകവിദഗ്ധന്മാരുടെ ഏറ്റവുംവലിയ പ്രശ്നം.മറ്റൊരു കാര്യത്തിലും അവര്‍ ആരുടെയും പിന്നിലല്ല. നമ്മുടെ പ്രശ്നങ്ങള്‍ ശരിക്കു മനസ്സിലാക്കി ഏതെങ്കിലും സമ്പന്നനായ ദാനശീലന്മാര്‍ നമ്മെ സഹായിക്കാന്‍ തയ്യാറാകുന്നതു വരെയെങ്കിലും നമുക്കു സ്വന്തം ചെലവില്‍ത്തന്നെ മത്സരങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. മത്സരാര്ഥികളില് നിന്നു 250 രൂപാ വീതം പ്രവേശന ഫീസ് വാങ്ങിയാല്‍ സാമാന്യം ഭേദപ്പെട്ട ഒരുമത്സരം ആരെയും ആശ്രയിക്കാതെ നടത്താം. ചുരുക്കിപ്പറഞ്ഞാല്‍ മത്സരാര്‍ഥികള്‍ക്കു വേണ്ടി മത്സരാര്‍ഥികള്‍ നടത്തുന്ന മത്സരാര്‍ഥികളുടെ മത്സരം എന്നു പറയാം.
സ്വാശ്രയ അക്ഷരശ്ലോകമത്സരങ്ങള്‍ എന്തിനു്?
അക്ഷരശ്ലോകക്കാര്‍ മിക്കവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. അവരില്‍ നിന്നു ഗണ്യമായ തുക പ്രവേശന ഫീസ് വാങ്ങുന്നത് നല്ലതാണോ? എന്തുകൊണ്ടു ദാനശീലന്മാരോട് സംഭാവന ചോദിച്ചു വാങ്ങിക്കൂടാ? ഇത്തരം ചോദ്യങ്ങള്‍ പലരും ചോദിക്കാറുണ്ട്. അക്ഷരശ്ലോകം എന്താണെന്നു ശരിക്കു മനസ്സിലാക്കിയിട്ടുള്ള ദാനശീലന്മാരില് നിന്നു പണം വാങ്ങുന്നതില്‍ യാതൊരു തെറ്റും ഇല്ല. പക്ഷേ അത്തരത്തില്‍ ഒരാളെയെങ്കിലും കണ്ടുകിട്ടാനാണു പ്രയാസം. ചില ധനദാദാക്കള് ഏറ്റവും മനോഹരമായി പാടിയ പെണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ചിട്ടു പറയും “ഈ കുട്ടിയാണ് ഏറ്റവും ഭംഗിയായി ശ്ലോകം ചൊല്ലിയതു. അതു കൊണ്ട് ഈ കുട്ടിക്കു തന്നെ ഒന്നാം സമ്മാനം കൊടുക്കണം”. ഇത്തരക്കാരില്‍ നിന്നു പണം വാങ്ങാതിരിക്കുന്നതല്ലേ നല്ലതു? “നിലവാരം കുറഞ്ഞു പോകാതിരിക്കാന്‍ സാഹിത്യമൂല്യം അളന്നു മാര്‍ക്കിടണം” എന്നു പറഞ്ഞാല്‍ പോലും അയാളുടെ ദാനം കുപ്പയിലേക്ക് വലിച്ചെറിയെണ്ടതാണ്. “ഭംഗിയായി ചൊല്ലുന്നവരെ ജയിപ്പിക്കണം; ശ്രോതാക്കളെ പുളകം കൊള്ളിക്കുന്നവരെ ജയിപ്പിക്കണം” എന്നിങ്ങനെ പല വലിയ കാര്യങ്ങളും അവര്‍ തട്ടി മൂളിക്കും. ഇത്തരം വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്നവരുടെ പണം ഒരിക്കലും അന്തസ്സുള്ള അക്ഷരശ്ലോകക്കാര്‍ സ്വീകരിക്കാന്‍ പാടില്ല. “നാധമേ ലബ്ധകാമാ”എന്നാണു കാളിദാസന് പറഞ്ഞിട്ടുള്ളത്. അധമന്മാരില് നിന്നു കിട്ടിയാലും യാതൊരു കാര്യവും ഇല്ല . ഉത്തമന്മാരായ ദാനശീലന്മാരെ കിട്ടാത്തതു കൊണ്ടു മാത്രമാണ് സ്വന്തം പണം ചെലവാക്കാന്‍ പറയുന്നത്. ആശ്രയിക്കാന്‍ പാടില്ലാത്തവരെ ഒരിക്കലും ആശ്രയിക്കരുത്. അക്ഷരശ്ലോകത്തിന്റെ നിയമങ്ങളിലും അടിസ്ഥാന തത്ത്വങ്ങളിലും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മത്സരം നടത്താനുള്ള സ്വാതന്ത്ര്യം നമുക്ക് എപ്പോഴും ഉണ്ടായിരിക്കണം.
സ്വാശ്രയമത്സരം എങ്ങനെയാണു നടത്തേണ്ടത്?
അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ യാതൊന്നും ലംഘിക്കരുത്. ആരെയും പ്രീതിപ്പെടുത്താന്‍ വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. മത്സരാര്‍ഥികളുടെ എണ്ണം കുറഞ്ഞുപോകുമെന്നു ഭയപ്പെടരുത്. രണ്ടേ രണ്ടു മത്സരാര്‍ഥികള്‍ മാത്രം വന്നാലും അതു ധാരാളം മതി. വന്നവര്‍ക്കു നീതി കൊടുക്കാനാണു ശ്രദ്ധിക്കേണ്ടത്. വരാത്തവരെപ്പറ്റി ചിന്തയേ വേണ്ട. പ്രവേശന ഫീസായി വാങ്ങിയ തുക മുഴുവന്‍ സമ്മാനമായി മത്സരാര്‍ഥികള്‍ക്കു അന്നുതന്നെ തിരിച്ചു കൊടുക്കണം. ഹാള്‍ വാടക ഭക്ഷണം മുതലായ ചെലവുകള്‍ സംഘാടകര്‍ തന്നെ വഹിക്കണം. സംഘാടകര്‍ ലാഭമുണ്ടാക്കി എന്ന തോന്നല്‍ ഒരിക്കലും മത്സരാര്‍ഥികള്‍ക്ക് ഉണ്ടാകരുത്. സംഘാടകര്‍ അല്പം നഷ്ടം സഹിക്കുന്ന സാഹചര്യമാണ് എപ്പോഴും അഭികാമ്യം.
രണ്ടു മത്സരാര്‍ഥികള്‍ ഉണ്ടെങ്കില്‍ 500 രൂപ പിരിഞ്ഞു കിട്ടും. അതില്‍ നിന്ന് ഒന്നാമനു 350 രൂപ രണ്ടാമന് 150 രൂപ എന്നിങ്ങനെ സമ്മാനം കൊടുക്കാം. മൂന്നു പേര് വന്നാല്‍ 350 , 250 , 150 എന്നിങ്ങനെ തുക വീതിച്ചു കൊടുക്കാം. പരമാവധി സമ്മാനം 500 രൂപ അതായതു പ്രവേശന ഫീസിന്റെ ഇരട്ടി മാത്രം. സമ്മാനത്തുകയുടെ വലിപ്പം ഒരിക്കലും മത്സരാര്‍ഥികളെ ആകര്‍ഷിക്കാന്‍ പര്യാപ്തമാവുകയില്ല. നീതി കിട്ടും എന്നുള്ള ഉറപ്പു മാത്രമയിരിക്കും ഏക ആകര്‍ഷണം. സ്വാരമാധുര്യമുള്ള പെണ്‍കുട്ടികള്‍ മാത്രം ജയിക്കുന്ന ശ്ലോകപ്പാട്ടു മത്സരങ്ങളിലും എലിമിനേഷന് ഉള്ള മൂല്യവര്‍ദ്ധിത കോപ്രായങ്ങളിലും പങ്കെടുത്തു നിരാശരും അപമാനിതരും ആയി കഴിയുന്ന യഥാര്‍ത്ഥ അക്ഷരശ്ലോകപ്രേമികള്‍ വരാതിരിക്കില്ല.
അവസാന റാങ്ക് കാരനു പോലും സമ്മാനം കിട്ടണം. ഒരു ശ്ലോകമെങ്കിലും ചൊല്ലിയ ആരും സമ്മാനം കിട്ടാതെ തിരിച്ചു പോകരുത്. ഓരോരുത്തര്‍ക്കും കിട്ടേണ്ട സമ്മാനത്തുക എത്ര എന്നു കണ്ടുപിടിക്കാന്‍ ഒരു സമവാക്യം ഉണ്ട്. അത് ഇങ്ങനെയാണ്: P=2f (n+1-r) divided by (n+1) . ഇവിടെ P= സമ്മാനത്തുക,f= ഫീസ്; n= മത്സരാര്‍ഥികളുടെ എണ്ണം; r=റാങ്ക്. പത്തു പേര് പങ്കെടുത്ത ഒരു മത്സരത്തില്‍ എട്ടാം റാങ്ക് നേടിയ ആള്‍ക്ക് എത്ര രൂപ സമ്മാനം കിട്ടും എന്നു നമുക്കു കണക്കു കൂട്ടി നോക്കാം. ഇവിടെ f=250 ,n=10 , r=8 . ഇവയില്‍ നിന്നു P അഥവാ സമ്മാനത്തുക കണ്ടു പിടിക്കണം. (n+1) =11 എന്നു കൂടി ഓര്‍മ്മിച്ചാല്‍ സംഗതി വളരെ എളുപ്പമാകും. ആദ്യമായി 2f നെ n+1-r കൊണ്ടു ഗുണിക്കണം. അതായതു 500 നെ 11 – 8 കൊണ്ടു ഗുണിക്കണം. 500 X 3 = 1500 . ഈ സംഖ്യയെ n+1 അഥവാ 11 കൊണ്ടു ഹരിക്കണം. അപ്പോള്‍ 136 എന്നു കിട്ടും. ഇതാണ് എട്ടാം റാങ്കു കാരന് അര്‍ഹമായ സമ്മാനത്തുക. ഈ തുകയെ റൌണ്ട് ചെയ്തു 140 രൂപയോ 150 രൂപയോ ആക്കി കൊടുക്കാവുന്നതാണ്. റാങ്ക് ലിസ്റ്റിന്റെ ആദ്യ പകുതിയില്‍ സ്ഥാനം നേടുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുകയില്ല.രണ്ടാം പകുതിയില്‍ ഉള്ളവര്‍ക്ക് നഷ്ടം ഉണ്ടാകും. ഈ നഷ്ടത്തെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ഒരു സംഭാവനയായി കണക്കാക്കി സമാധാനിക്കാന്‍ കഴിയുന്നവരെ മാത്രം മത്സരത്തില്‍ പങ്കെടുപ്പിച്ചാല്‍ മതി. അല്ലാത്തവര്‍ എപ്പോഴും ഒരു ബാദ്ധ്യതയായിരിക്കും. “എന്റെ പണം കൊണ്ടു അവന് സമ്മാനം വാങ്ങി സുഖിക്കണ്ട.” എന്ന മട്ടിലുള്ള ചിന്താഗതി വച്ചു പുലര്‍ത്തുന്നവരും ഉണ്ട്. അവരെയും മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. എന്റെ പണത്തിന്റെ ഒരു ഭാഗം എന്നേക്കാള്‍ മികച്ച ഒരു അക്ഷരശ്ലോക വിദഗ്ദ്ധനു കിട്ടിയാല്‍ എനിക്ക് അതില്‍ സന്തോഷമേ ഉള്ളൂ എന്ന് ആത്മാര്‍ത്ഥമായി പറയാന്‍ കഴിയുന്നവരെ മാത്രം പ്രതീക്ഷിച്ചാല്‍ മതി.
സ്വാശ്രയ മത്സരങ്ങള്‍ നടത്തുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
1. മൈക്ക് സെറ്റ് പോലെയുള്ള അനാവശ്യമായ പൊങ്ങച്ചങ്ങള്‍ ഒഴിവാക്കണം.
2. ആസ്വാദകരെ തൃപ്തിപ്പെടുത്താനും അവരുടെ പ്രശംസ നേടാനും ഉള്ള വ്യഗ്രത ഉപേക്ഷിക്കണം.
3. ഓരോ മത്സരത്തിനും ഉള്ള പണം അപ്പപ്പോള്‍ പിരിച്ചെടുക്കുകയും അന്നന്നു തന്നെ ഉപയോഗിച്ചു തീര്‍ക്കുകയും വേണം. ഭാവിയിലേക്കു സംഗ്രഹിച്ചു വയ്ക്കരുത്. വരവുചെലവു കണക്കുകള്‍ മത്സരാര്‍ഥികളെ തത്സമയം ബോധിപ്പിക്കണം.
അക്ഷരശ്ലോകവും ശ്രോതാക്കളെ ആഹ്ലാദിപ്പിക്കലും
ഡോ.ആര്.രാജന്
അക്ഷരശ്ലോകത്തിന്റെ പ്രഥമമായ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കലാണെന്ന് ചില ആധുനികന്മാര് പ്രചരിപ്പിച്ചുവരുന്നു. അവരാണു മാര്‍ക്കിടല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കള്‍. യഥാര്‍ത്ഥത്തില്‍ പ്രഥമമായ ലക്ഷ്യം അച്ചു മൂളാതെ ചൊല്ലി ജയിക്കുക എന്നതു തന്നെയാണ്. ആ ലക്ഷ്യത്തോടെ ചൊല്ലുമ്പോള്‍ ശ്രോതാക്കള്‍ക്ക് ആഹ്ലാദമുണ്ടാകുന്നെങ്കില് അതൊരു നല്ല കാര്യം തന്നെ.പക്ഷേ അതിനെ പ്രാഥമിക ലകഷ്യമാക്കിയാല് എല്ലാം തകിടം മറിയും
ഫുട്ബാള്‍ കളിക്കുന്നവരുടെ ലക്ഷ്യം ഗോളടിച്ചു ജയിക്കുക എന്നതു മാത്രമാണ്. കാണികളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി അവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. എങ്കിലും കളി കണ്ട് ആസ്വദിക്കാന്‍ ആയിരക്കണക്കിന് ആസ്വാദകര്‍ വരും. ക്രിക്കറ്റ്, ടെന്നീസ്, ചെസ്സ് മുതലായ എല്ലാ വിനോദങ്ങളിലും നിര്‍ദ്ദിഷ്ട ലക്ഷ്യം നേടി ജയിക്കുക എന്നതു മാത്രമാണു പ്രാഥമിക ലക്ഷ്യം. അതിനാല്‍ അവയിലൊന്നിലും കാണികളെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്ന വസ്തുത അളന്നു മാര്‍ക്കിടേണ്ട ആവശ്യം ഇല്ല.
അക്ഷരശ്ലോകക്കാര്‍ കിട്ടിയ അക്ഷരങ്ങളിലെല്ലാം ശ്ലോകം ചൊല്ലി ജയിക്കാനാണ് ശ്രമിക്കേണ്ടത്. ആ ശ്രമത്തിനിടയില്‍ ശ്രോതാക്കള്‍ക്ക് ആഹ്ലാദം തോന്നുന്നെങ്കില്‍ അതിനെ ഒരു ഉപോല്പന്നം എന്ന നിലയില്‍ സ്വീകരിക്കാം. അതിനു പകരം പ്രാഥമിക ലക്ഷ്യമായി കണക്കാക്കി മാര്‍ക്കിടുന്നത് ആലോചനാശൂന്യമായ പ്രവൃത്തിയാണു്. നെല്ലു കുത്തുന്നതിന്റെ ലക്ഷ്യം ഉമി ഉത്പാദിപ്പിക്കലാണ് എന്നു പറയുന്നതു പോലെ അസംബന്ധമാണത്.
തെറ്റായ ലക്ഷ്യം സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് യുവജനോത്സവങ്ങളിലും മറ്റും “ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോക വിദഗ്ദ്ധ” എന്ന അവസ്ഥ ഉണ്ടായത്.
ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത ചില ആസ്വാദകവരേണ്യന്മാരും സാഹിത്യവിശാരദന്മാരും ഒക്കെയാണു പുരോഗമന വാദികളുടെ മത്സരങ്ങളില്‍ ജഡ്ജിമാരായി വരാറുള്ളത്. മത്സരാര്‍ഥികള്‍ ചൊല്ലുന്നതു കേട്ടിട്ട് അവര്‍ക്ക് എത്രത്തോളം ആഹ്ലാദം തോന്നി എന്നതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്കു വീഴുന്നത്. പലര്‍ക്കും ആഹ്ലാദം തോന്നുന്നതിന്റെ കാരണം സ്വരമാധുര്യവും പാട്ടും ആണ്. ഈ പരിഷ്കൃതാശയന്മാരുടെ പുരോഗമനപരവും മൂല്യവര്‍ദ്ധിതവും ആയ അക്ഷരശ്ലോക മത്സരങ്ങള്‍ യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോക മത്സരങ്ങളേ അല്ല. ആണെന്ന് അവര്‍ അവകാശപ്പെടുന്നു എന്നു മാത്രം.
ഫുട്ബാള്‍ മത്സരങ്ങളില്‍ ഗോള്‍ പരിഗണിക്കുന്നതിനു പകരം മൂന്ന് ആസ്വാദകവരേണ്യന്മാര് തങ്ങള്‍ക്കു തോന്നിയ ആഹ്ലാദത്തിന് ആനുപാതികമായി മാര്‍ക്കിട്ടു വിധി പ്രസ്താവിച്ചാല്‍ എങ്ങനെ ഇരിക്കും? അതു പോലെ തന്നെയാണ് ഇതും.
അക്ഷരശ്ലോകക്കാരെ ആക്രമിച്ചു കീഴടക്കിയവര്‍
-ഡോ.ആര്.രാജന്
ബ്രിട്ടീഷുകാര്‍ ഭാരതം ആക്രമിച്ചു കീഴടക്കുകയായിരുന്നോ? ഈ ചോദ്യത്തിനു പലരുടെയും ഉത്തരം പലതായിരിക്കും. ഒരു ബ്രിട്ടീഷുകാരനോടു ചോദിച്ചാല്‍ ആക്രമണം നടത്തിയിട്ടേ ഇല്ല എന്നേ അയാള്‍ പറയൂ. ഇന്ത്യാ മഹാരാജ്യം മാതൃകാപരമായി ഭരിക്കാന്‍ ഇന്ത്യാക്കാരെ സഹായിക്കുക മാത്രമേ ചെയ്തുള്ളൂ എന്നാണു ബ്രിട്ടീഷുകാരുടെ ഭാഷ്യം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അങ്ങനെ ആയിരുന്നോ? തീര്‍ച്ചയായും അല്ല. പഴശ്ശിരാജയെയും ടിപ്പു സുല്‍ത്താനെയും ഒക്കെ കൊന്നൊടുക്കിയത് സഹായിക്കലിന്റെ ഭാഗം ആയിരുന്നോ? ഝാന്‍സി റാണിയെ സ്ഥാനഭ്രഷ്ടയാക്കിയതു ആക്രമണം അല്ലായിരുന്നോ? നഗ്നമായ കടന്നാക്രമണങ്ങളില്ക്കൂടിത്തന്നെയാണ് ഇവിടെ ബ്രിട്ടീഷുകാര്‍ ആധിപത്യം സ്ഥാപിച്ചത്. സഹായത്തിന്റെ മറ പിടിച്ചുള്ള ആക്രമണം ആയിരുന്നതിനാല്‍ നൂറ്റാണ്ടുകളോളം അതു തിരിച്ചറിയപ്പെട്ടില്ല. സഹായിച്ചു സഹായിച്ചു സര്‍വ്വവും അപഹരിച്ചു നിസ്വരും നിസ്സഹായരും ആക്കി അടക്കി ഭരിക്കുക എന്ന ഗൂഢതന്ത്രമാണ് അവര്‍ പയറ്റിയത്.
ഇതുപോലെ ചില ആക്രമിച്ചു കീഴടക്കലുകള്‍ പല രംഗങ്ങളിലും നടക്കുന്നുണ്ട്. ശക്തന്മാരും ബുദ്ധിമാന്മാരും ധനവാന്മാരും സംഘടിതരും ഒക്കെയായ ഒരു ഉപരിവര്‍ഗ്ഗം ഈ മേന്മകള് ഒന്നും ഇല്ലാത്ത ഒരു അധ:കൃതവര്ഗ്ഗത്തെ നീതിയും നിയമവും ധര്‍മ്മവും എല്ലാം കാറ്റില്‍ പറത്തി ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള ആക്രമണത്തിലൂടെ കീഴ്പ്പെടുത്തി അടക്കി ഭരിക്കുന്ന സംഭവങ്ങള്‍ ചരിത്രത്തില്‍ ഉടനീളം വീണ്ടും വീണ്ടും സംഭവിക്കുന്നതു കാണാം.
ചിലരെ കീഴടക്കാന്‍ യാതൊരാക്രമണവും ആവശ്യമില്ല. അവര്‍ സ്വയം കീഴടങ്ങിക്കൊള്ളും. എന്നാല്‍ അല്പം ബുദ്ധിയും വിവരവും തന്റേടവും ഉള്ളവരെ കീഴടക്കണമെങ്കില്‍ വലുതോ ചെറുതോ ആയ ആക്രമണങ്ങള്‍ വേണ്ടി വരും. ചിലരെ കീഴടക്കാന്‍ വാക്കുകള്‍ കൊണ്ടുള്ള ആക്രമണം മതിയാകും. കുറേക്കൂടി ബുദ്ധിയും ശക്തിയും ഉള്ളവരെ കീഴടക്കാന്‍ ശാരീരിക ആക്രമണം തന്നെ വേണ്ടി വരും. പഴശ്ശിരാജയെയും മറ്റും കീഴടക്കാന്‍ കടുത്ത ആക്രമണം തന്നെ വേണ്ടി വന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ അക്ഷരശ്ലോകക്കാര്ക്കെതിരെയും അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവും ആയ ഒരു ആക്രമണം നടക്കുകയുണ്ടായി. വാക്കുകള്‍ കൊണ്ടുള്ള ഒരു ആക്രമണമായിരുന്നു അത്. വെറും വാക്കുകള്‍ കൊണ്ടുള്ള ആക്രമണം ആയിരുന്നിട്ടുകൂടി ആക്രമണകാരികള്‍ക്കു വന്പിച്ച വിജയം ലഭിച്ചു എന്നതാണ് അത്ഭുതം.
പണ്ടുകാലത്ത് അക്ഷരശ്ലോകം സമത്വസുന്ദരം ആയിരുന്നു. പാമരന്മാര് ഉള്‍പ്പെടെ എല്ലാവര്ക്കും ഇവിടെ സ്വാഗതവും സ്ഥാനവും ഉണ്ടായിരുന്നു. പണ്ഡിതന് ചൊല്ലുന്നതിനെക്കാള്‍ ഒരു ശ്ലോകമെങ്കിലും കൂടുതല്‍ ചൊല്ലിയാല്‍ പാമരനു ജയിക്കാന്‍ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ഏതാനും പണ്ഡിതന്മാരും ഉന്നതന്മാരും ശബ്ദമേന്മക്കാരും കൂടി അക്ഷരശ്ലോകസാമ്രാജ്യം ആക്രമിച്ചു കീഴടക്കിയിരിക്കുന്നു. അവരുടെ എകശാസനയാണ് ഇപ്പോള്‍ നടക്കുന്നത്. പാമരന്മാര്‍ക്കും ശബ്ദമേന്മ കുറഞ്ഞവര്‍ക്കും യാതൊരു രക്ഷയും ഇല്ല. മൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലി, ഭംഗിയായി അവതരിപ്പിച്ചു, ശ്രോതാക്കളെ പുളകം കൊള്ളിച്ചു മുതലായ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അനര്‍ഹര്‍ വിജയം അടിച്ചെടുക്കുന്നു. അര്‍ഹതയുള്ളവരെ എലിമിനേറ്റു ചെയ്ത് അപമാനിക്കുന്നു. ഉന്നതന്മാരുടെ മുമ്പില്‍ എറാന്‍ മൂളി നില്ക്കാത്തവര്ക്ക് ഇഹഗതിയും പരഗതിയും ഇല്ല.
ബ്രിട്ടീഷുകാര്‍ ഇന്ത്യാഭരണം കയ്യടക്കിയതുപോലെ ഉള്ള ഒരു കുത്സിതപ്രവൃത്തിയാണ് ഇതും. നേരേചൊവ്വേ മത്സരങ്ങള്‍ നടത്തിയാല്‍ നിസ്തര്‍ക്കമായി ജയിക്കേണ്ട മത്സരാര്‍ഥികള്‍ ഒക്കെ ഇപ്പോള്‍ എലിമിനേഷന് പോലെയുള്ള തട്ടിപ്പുവിദ്യകളിലൂടെ വഞ്ചിക്കപ്പെട്ടു പരാജിതരായി ശബ്ദിക്കാന്‍ പോലും ആകാതെ മൂലയില്‍ ഒതുങ്ങി കഴിയേണ്ടി വരുന്നു. കിട്ടിയ അക്ഷരങ്ങളില്‍ പലതിലും ശ്ലോകം തോന്നാതെ തുരുതുരെ അച്ചുമൂളുന്നവര് വിജയശ്രീലാളിതരായി യഥാര്‍ത്ഥ വിദഗ്ദ്ധന്മാര്ക്കു നേരേ കൊഞ്ഞനം കാട്ടുന്നു. പണം, പ്രതാപം മുതലായ മേന്മകളും ആസ്വാദകര്‍ എന്നു പറയപ്പെടുന്നവരുടെ പിന്തുണയും ഒക്കെ ആയുധമാക്കി ഉന്നതന്മാര് സാധാരണക്കാരെ അടിമകളാക്കി അടക്കി ഭരിച്ച് എകച്ഛത്രാധിപത്യം നിലനിര്‍ത്തുന്നു.
ബ്രിട്ടീഷുകാര്‍ക്കു ഭാരതം ആക്രമിച്ചു കീഴടക്കാന്‍ ഇത്ര എളുപ്പത്തില്‍ സാധിച്ചത് എന്തുകൊണ്ടാണ്? നമ്മുടെ സങ്കുചിതമനസ്ഥിതിയും സ്വാര്ത്ഥതാല്പര്യങ്ങളും ഐകമത്യമില്ലായ്മയും ചിന്താശൂന്യതയും ഒക്കെ കൊണ്ടാണ്. സര്വ്വജ്ഞന്മാരായി ഭാവിച്ചു സഹായികളായി നടിച്ചു വന്നു കയറുന്നവര്‍ക്ക് അക്ഷരശ്ലോകക്കാരെ കീഴടക്കി ഭരിക്കാന്‍ കഴിയുന്നതും ഇതൊക്കെ കൊണ്ടു തന്നെ.
ആടിനെ പട്ടിയാക്കുന്നതു പോലെയുള്ള വളരെ വിചിത്രമായ ഒരു ആക്രമണതന്ത്രമാണ് ഉന്നതന്മാര് പയറ്റിയത്. ഒരു ഉദാഹരണം പറയാം. ഒരിടത്തു യഥാര്‍ത്ഥ അക്ഷരശ്ലോകവൈദഗ്ദ്ധ്യം വേണ്ടത്രയുള്ള ഒരു സാധാരണക്കാരന് ഉണ്ടായിരുന്നു. ഉന്നതന്മാരുടെ രംഗപ്രവേശത്തിനു മുമ്പ് അയാള്‍ എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിപ്പോന്നു. ഉന്നതന്മാര് മാര്‍ക്കിടല്‍ എലിമിനേഷന് മുതലായ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അയാള്‍ പൊടുന്നനെ ഏറ്റവും അവസാന സ്ഥാനക്കാരന് ആയി മാറി. വിദ്യാഭ്യാസവും സാമ്പത്തികശേഷിയും പിടിപാടും ഒന്നും വേണ്ടത്ര ഇല്ലാത്ത ആ മനുഷ്യനു നിസ്സഹായനായി അന്തംവിട്ടു നില്‍ക്കാനേ കഴിഞ്ഞുള്ളു. ഉന്നതന്മാര് അയാളോടു കല്‍പ്പിച്ചത് ഇങ്ങനെ ആയിരുന്നു. “നീ സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങളാണ് ചെല്ലുന്നത്. നിന്റെ അവതരണശൈലി പണ്ഡിതോചിതമോ ആസ്വാദ്യമോ അല്ല. ഞങ്ങള്‍ മാര്‍ക്കിട്ടപ്പോള്‍ നിനക്കാണ് ഏറ്റവും കുറച്ചു മാര്‍ക്കു കിട്ടിയത്. അതിനാല്‍ നിന്നെ ഞങ്ങള്‍ എലിമിനേറ്റു ചെയ്തിരിക്കുന്നു”
ഉന്നതന്മാരുടെ വിധി നിയമവിരുദ്ധമാണെന്ന് അയാള്‍ക്ക് അറിയാമോ ആവോ. ഏതായാലും പ്രതികരണം എന്ന നിലയില്‍ അയാള്‍ യാതൊന്നും ചെയ്തില്ല. തന്റെ വിധിയെ പഴിച്ചുകൊണ്ട് ഒരു മൂലയില്‍ മിണ്ടാതെ ഒതുങ്ങിക്കൂടുക മാത്രമാണ് അയാള്‍ ചെയ്തത്.
യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് അയാള്‍ക്കു യാതൊരു പോരായ്മയും ഉണ്ടായിരുന്നില്ല. ഒന്നാം തരം അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആയിരുന്നു അയാള്‍. എങ്കിലും ഉന്നതന്മാരുടെ പുച്ഛവും പരിഹാസവും നിരന്തരമായ കുറ്റപ്പെടുത്തലുകളും അയാളെ തികച്ചും നിര്വ്വീര്യന് ആക്കിക്കളഞ്ഞു.
താന്‍ വില കൊടുത്തു വാങ്ങിക്കൊണ്ടു പോകുന്ന ആടു വെറും ഒരു പട്ടി ആണെന്നു വഴിയില്‍ അങ്ങുമിങ്ങും കാത്തു നിന്ന സൂത്രശാലികള്‍ എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞപ്പോള്‍ പണ്ടൊരു ബ്രാഹ്മണന് പതറിപ്പോയി. അയാള്‍ ആടിനെ വഴിയില്‍ ഉപേക്ഷിച്ചിട്ടു പോയി. സൂത്രശാലികള്‍ ആടിനെ സ്വന്തമാക്കുകയും ചെയ്തു. ഇതുപോലെയാണ് അക്ഷരശ്ലോകക്കാരെ നിര്‍വ്വീര്യരാക്കി പുറന്തള്ളിയിട്ട് അവര്‍ക്കു ന്യായമായി അര്‍ഹതപ്പെട്ട നേട്ടങ്ങള്‍ എല്ലാം ചില സൂത്രശാലികളും അവരുടെ ശിങ്കിടികളും കൂടി അന്യായമായി സ്വന്തമാക്കി പങ്കിട്ടെടുക്കുന്നത്.
“മൂല്യം കുറഞ്ഞവന്”, “മൂല്യം കുറഞ്ഞവന്”, “മൂല്യം കുറഞ്ഞവന്” എന്നിങ്ങനെ പല പ്രാവശ്യം പലരും ഏകസ്വരത്തില്‍ പറഞ്ഞു കേട്ടാല്‍ ഏത് അക്ഷരശ്ലോകവിദഗ്ദ്ധനും പതറിപ്പോകും. സര്‍വ്വവും ഇട്ടെറിഞ്ഞിട്ടു പോകാനായിരിക്കും അവനു തോന്നുക. അവന് ഇട്ടെറിഞ്ഞിട്ടു പോകുന്നതെല്ലാം അവന്റെ ഏഴയലത്തു പോലും വരാന്‍ യോഗ്യത ഇല്ലാത്ത സൂത്രശാലികള്‍ കൈവശപ്പെടുത്തുകയും ചെയ്യും. ഇതാണു ഗീബല്‍സിയന്‍ തന്ത്രം. ഒരു കള്ളം നൂറു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞാല്‍ ജനങ്ങള്‍ അതു സത്യമാണെന്നു വിശ്വസിച്ചുകൊള്ളും എന്നാണു ഗീബല്‍സ് പറഞ്ഞിട്ടുള്ളത്.
ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം ചൂഷണം ചെയ്യപ്പെടുന്നവര്‍ അത് അറിയുന്നില്ല എന്നതാണ്. തങ്ങള്‍ക്ക് അവകാശപ്പെട്ടതു മുഴുവന്‍ ഉന്നതന്മാര് കവര്‍ന്നെടുത്താലും ചൂഷണത്തിന് ഇരയായവര്‍ അതു മനസ്സിലാക്കുകയില്ല. നിസ്സാരമായ ചില നേട്ടങ്ങളിലാണ് അവരുടെ കണ്ണ്. അന്യായമായി എലിമിനേറ്റു ചെയ്ത് അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്താലും അവര്‍ ഉന്നതന്മാരുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിന്നുകൊള്ളും. അങ്ങനെ നിന്നാല്‍ അവര്‍ക്കു ചില ചെറിയ ലാഭങ്ങള്‍ ഉണ്ട്. ഉന്നതന്മാരോടൊപ്പം ഇരുന്നു ചില ചെറിയ സദസ്സുകളില്‍ ശ്ലോകം ചൊല്ലാനുള്ള അവസരം ലഭിക്കും. അവര്‍ക്കു അതു വളരെ വലിയ ഒരു കാര്യമാണ്. ഉന്നതന്മാര്ക്ക് എറാന്‍ മൂളി നിന്നില്ലെങ്കില്‍ അതു നഷ്ടപ്പെടും എന്ന് അവര്‍ ഭയപ്പെടുന്നു. പ്രധാനപ്പെട്ടതും ധനലാഭം ഉള്ളതും ആയ ഒരു പരിപാടിയിലും ഈ എറാന്‍ മൂളികള്‍ക്കു സ്ഥാനം ലഭിക്കുകയില്ല. പക്ഷേ അതൊന്നും അവര്‍ക്ക് ഒരു പ്രശ്നമേ അല്ല. ഉന്നതന്മാര് വല്ലപ്പോഴും എറിഞ്ഞുകൊടുക്കുന്ന ചെറിയ ചെറിയ അപ്പക്കഷണങ്ങള്‍ കൊണ്ട് അവര്‍ തൃപ്തിപ്പെട്ടുകൊള്ളും.
ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാര്‍ക്ക് എതിരെ എന്തെല്ലാം ദ്രോഹങ്ങള്‍ ചെയ്തിട്ടും അവരുടെ കൂടെ സേവ കൂടി നില്ക്കാന് ആയിരക്കണക്കിനു ഇന്ത്യക്കാര്‍ തയ്യാറായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ ഒന്നൊന്നായി ആക്രമിച്ചു കീഴടക്കിയതു ബ്രിട്ടണില്‍ നിന്നു വെള്ളപ്പടയാളികളെ കൊണ്ടുവന്നിട്ടല്ല. ഇന്ത്യയില്‍ നിന്നു തന്നെ ആജ്ഞാനുവര്‍ത്തികളായി നില്ക്കാന് തയ്യാറുള്ള കറുത്തവരെ ചേര്‍ത്തു തട്ടിക്കൂട്ടിയെടുത്ത കുപ്പിണിപ്പടയെ ഉപയോഗിച്ചാണ്. സ്വാതന്ത്ര്യസമരസേനാനികളെ തല്ലാനും കൊല്ലാനും ഒക്കെ ഉപയോഗിച്ചതും ഈ കരിങ്കാലികളെ തന്നെ ആയിരുന്നു.
കരിങ്കാലികള്‍ എവിടെയും എപ്പോഴും സുലഭമാണ്. അക്ഷരശ്ലോക രംഗത്തും അങ്ങനെ തന്നെ. സ്വരമാധുര്യം ഇല്ലാത്തവരെ എലിമിനേറ്റു ചെയ്യുക, അച്ചുമൂളിയവരെ ജയിപ്പിക്കുക മുതലായ കടുത്ത അനീതികള്ക്കിരയായാലും ഉന്നതന്മാര്ക്ക് ശിങ്കിടി പാടി നില്ക്കാന് തയ്യാറുള്ള അക്ഷരശ്ലോകക്കാര്‍ ധാരാളം ഉണ്ട്. അവരുടെ പിന്തുണയാണ് ഉന്നതന്മാരുടെ കുടിലതന്ത്രങ്ങള്‍ക്ക് അത്ഭുതകരമായ വിജയം സമ്മാനിക്കുന്നത്.
ആക്രമണകാരികള്‍ സുവ്യക്തമായ മൂന്നു വിഭാഗങ്ങളില്‍ പെടുന്നു.
1. വിദ്യാഭ്യാസം, സംസ്കൃതപരിജ്ഞാനം, കവിത്വം മുതലായവ ഉള്ളതിന്റെ പേരില്‍ അക്ഷരശ്ലോകസര്വ്വജ്ഞന്മാരായി സ്വയം അവരോധിച്ച ഉന്നതന്മാര്. ജീവിതത്തില്‍ ഒരിക്കലും ഒരു അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്തവരെയും ഒരു ശ്ലോകം പോലും നേരേചൊവ്വേ ചൊല്ലാന്‍ കഴിവില്ലാത്തവരെയും ഒക്കെ ഈ വിഭാഗത്തില്‍ കാണാം. ആസ്വാദനവും ആസ്വാദനത്തെപ്പറ്റി തിയറി ഉണ്ടാക്കലും തങ്ങളുടെ തിയറിയെ വിശദീകരിച്ചു ഘോരഘോരം പ്രസംഗിക്കലും ഒക്കെയാണു ഇക്കൂട്ടരുടെ പ്രവര്‍ത്തനമേഖല. അക്ഷരശ്ലോകക്കാരെ ഉപദേശിക്കാനും ശാസിക്കാനും ശിക്ഷിക്കാനും കിട്ടുന്ന ഒരവസരവും ഇക്കൂട്ടര്‍ പാഴാക്കി കളയുകയില്ല. അക്ഷരശ്ലോക മത്സരവേദികളില്‍ ജഡ്ജിമാരായി വന്നിരുന്നു മാര്‍ക്കിടുന്നതാണ് ഇവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബി.
2. മേല്പ്പറഞ്ഞവര് ആസ്വാദ്യത അളന്നു മാര്‍ക്കിട്ടു വിദഗ്ദ്ധന്മാര് പ്രഗല്ഭന്മാര് പ്രതിഭാശാലികള്‍ എന്നൊക്കെയുള്ള പട്ടങ്ങള്‍ നല്കി അത്യുന്നതങ്ങളില്‍ പ്രതിഷ്ഠിച്ച അക്ഷരശ്ലോക കലാകോവിദന്മാര്‍. ഇവര്‍ക്കു സാധാരണക്കാരായ അക്ഷരശ്ലോകക്കാരെ പരമപുച്ഛമാണ്. തങ്ങളേക്കാള്‍ വലിയ അക്ഷരശ്ലോകക്കാര്‍ ലോകത്തില്‍ ഇല്ല എന്ന അഹങ്കാരമാണ് ഇവരുടെ മുഖമുദ്ര. പല പ്രാവശ്യം അച്ചുമൂളിയാലും പരാജയം സമ്മതിക്കാതെ തങ്ങളാണ് ജയിച്ചത് എന്നു ശഠിക്കുന്നവരും ഇവരുടെ കൂട്ടത്തില്‍ ഉണ്ട്. ഇത്തരക്കാര്‍ ചിലപ്പോള്‍ ഭരണാധികാരികളും ജഡ്ജിമാരും ഒക്കെ ആകും. അപ്പോഴാണ് അവര്‍ ഏറ്റവും വലിയ വിനാശകാരികളായിത്തീരുന്നത്.
3. ആസ്വാദകന്മാര് എന്നു പറയപ്പെടുന്നവരും ശ്ലോകം ചൊല്ലുന്നതു കേള്‍ക്കാനായി മാത്രം അക്ഷരശ്ലോകസദസ്സുകളില്‍ വരുന്നവരും ആയ ഒരു ന്യൂനപക്ഷം. ഇവരെ സംബന്ധിച്ചിടത്തോളം അനുഷ്ടുപ്പ് അല്ലാത്ത ശ്ലോകങ്ങള്‍ മാത്രം പാടാവുന്ന ഒരു തരം ലളിതഗാനമത്സരം ആണ് അക്ഷരശ്ലോകം. ഏറ്റവും മികച്ച അക്ഷരശ്ലോകവിദഗ്ദ്ധനെ ചൂണ്ടിക്കാണിച്ചു തരാന്‍ പറഞ്ഞാല്‍ അവര്‍ ഉടന്‍ തന്നെ ഏറ്റവും മനോഹരമായി പാടിയ പെണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ചു തരും. അവര്‍ ചൂണ്ടിക്കാണിച്ചവര്‍ തന്നെ ജയിച്ചാല്‍ അവര്‍ക്കു സ്വര്‍ഗ്ഗം കിട്ടിയ സംതൃപ്തിയാകും. മിക്കപ്പോഴും അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍ ഒന്നാം ഗ്രൂപ്പില്‍ പെടുന്ന സര്വ്വജ്ഞന്മാരുടെയും മൂന്നാം ഗ്രൂപ്പില്‍ പെടുന്ന ഇവരുടെയും ചിന്താഗതി ഏതാണ്ട് ഒരുപോലെ തന്നെ ആയിരിക്കും. ഉന്നതന്മാര്ക്കെതിരെ ആരെങ്കിലും പരാതി പറഞ്ഞാല്‍ പറയുന്നവരെ പുച്ഛിച്ചും പരിഹസിച്ചും തറ പറ്റിക്കുന്നത് ഇവരുടെ ഇഷ്ടവിനോദമാണ്. ഒരു സൈക്കിളും കാറും കൂട്ടി മുട്ടിയാല്‍ ആ പ്രദേശത്തുള്ള സകല ഞാഞ്ഞൂലുകളും ഓടി വന്നു കാറുകാരന്റെ നേരേ തട്ടിക്കയറുമല്ലോ. അതുപോലെയാണ് ഇവരുടെയും തട്ടിക്കയറ്റം. ശരിയും തെറ്റും ഒന്നും അവര്‍ ചിന്തിക്കുകയില്ല. ആരെങ്കിലും പരാതി പറയുന്നെങ്കില്‍ അതിന് ഒരേ ഒരു കാരണം സ്വാര്‍ത്ഥതയാണ് എന്ന കാര്യത്തില്‍ അവര്‍ക്കു യാതൊരു സംശയവും ഇല്ല.
മേല്‍പ്പറഞ്ഞ മൂന്നു വിഭാഗക്കാരും കൂടി ഒത്തു ചേരുമ്പോള്‍ സുശക്തമായ ഒരു ആക്രമണസേന രൂപപ്പെടുന്നു. പണവും പ്രതാപവും സ്വര്‍ണ്ണവും ഒക്കെ ഇവരുടെ അധീനതയില്‍ വേണ്ടത്ര ഉണ്ട്. അതിനാല്‍ ഇവരെ എതിര്‍ക്കുന്നതിനെക്കാള്‍ പ്രായോഗികം ഇവര്‍ക്കു ശിങ്കിടി പാടി നില്‍ക്കുന്നതാണ് എന്നു ചിന്തിക്കുന്ന അക്ഷരശ്ലോകക്കാര്‍ ധാരാളം ഉണ്ട്. ഉന്നതന്മാരുടെ ഒപ്പം നിന്നാല്‍ മാത്രമേ തങ്ങളുടെ വിലയും നിലയും വര്‍ദ്ധിക്കുകയുള്ളൂ എന്നു കരുതി ഏതു കൊള്ളരുതായ്മയ്ക്കു കൂട്ടു നിന്നിട്ടായാലും അവരുടെ പ്രീതി സമ്പാദിക്കണം എന്നു തീരുമാനിച്ചവരും ഉണ്ട്. അതു തന്നെയാണ് ആക്രമണകാരികളുടെ അത്ഭുതകരമായ വിജയത്തിന്റെ രഹസ്യം. ബ്രിട്ടീഷുകാരുടെ വിജയരഹസ്യവും മറ്റൊന്ന് ആയിരുന്നില്ലല്ലോ.
നിങ്ങള്‍ സാധാരണക്കാരനായ ഒരു അക്ഷരശ്ലോകക്കാരന് ആണെങ്കില്‍ നിങ്ങളുടെ സഹായി ആയി ഭാവിച്ചു പലരും നിങ്ങളെ സമീപിച്ചെന്നു വരാം. അങ്ങനെ ഒരാള്‍ വരികയാണെങ്കില്‍ അയാള്‍ മുന്‍പറഞ്ഞ മൂന്നു ഗ്രൂപ്പുകളില്‍ ഏതിലെങ്കിലും പെടുന്ന ആളാണോ എന്നു ചിന്തിച്ചു മനസ്സിലാക്കുക. ആണെങ്കില്‍ അയാളെ ഏഴു കാതം അകലെ നിര്‍ത്തണം. അല്ലെങ്കില്‍ നിങ്ങള്‍ കുടുങ്ങിയതു തന്നെ.
അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന കള്ളപ്രചരണം ആണ് ആക്രമണകാരികളുടെ ഏറ്റവും വലിയ ആയുധം. “നിനക്കു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ കഴിവില്ല. അതുകൊണ്ടു നീ വെറും എഴാം കൂലിയാണ്” എന്ന് ഈ ഉന്നതന്മാര് പറഞ്ഞാല്‍ ഒരുമാതിരിപ്പെട്ട എല്ലാ അക്ഷരശ്ലോകക്കാരും പതറിപ്പോകും. സപ്തനാഡികളും തളര്‍ന്ന അവര്‍ക്കു പിന്നെ ഒരക്ഷരം പോലും മിണ്ടാന്‍ കഴിയുകയില്ല. ഉന്നതന്മാരുടെ മുമ്പില്‍ കീഴടങ്ങി അവരുടെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുകയല്ലാതെ അവര്‍ക്കു ഗതിയില്ല.
യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണോ? ആണെങ്കില്‍ ഒരാള്‍ ചൊല്ലിയ ശ്ലോകത്തിന്റെ മൂന്നാം വരി നോക്കി അടുത്തയാള്‍ ചൊല്ലണം എന്ന നിയമം എന്തിനാണ്? എന്തുകൊണ്ടാണ് അനുഷ്ടുപ്പ് ചൊല്ലാന്‍ പാടില്ലാത്തത്? ഇത്തരം കാര്യങ്ങള്‍ അവര്‍ ആലോചിക്കുകയേ ഇല്ല. പെട്ടെന്നു തന്നെ കീഴടങ്ങാനും അടിമകളെപ്പോലെ ഓച്ഛാനിച്ചു നില്‍ക്കാനും ചിന്താശൂന്യത അവരെ പ്രേരിപ്പിക്കുന്നു.
ഗ്രഹണസമയത്തു ഞാഞ്ഞൂലും തല പൊക്കും എന്നു പറഞ്ഞതുപോലെയാണ് ആക്രമണകാരികളുടെ പ്രവര്‍ത്തനം. അക്ഷരശ്ലോകക്കാര്‍ എളുപ്പത്തില്‍ കീഴടങ്ങുന്നവരാണ് എന്നു മനസ്സിലായാല്‍ ഒരു ശ്ലോകം പോലും ചൊല്ലാന്‍ അറിഞ്ഞുകൂടാത്ത ഞാഞ്ഞൂലുകള് പോലും അവരെ ആക്രമിച്ചു കീഴടക്കാന്‍ കച്ച കെട്ടി ഇറങ്ങും. ഇംഗ്ലണ്ടില്‍ ഒരു ഗതിയും കിട്ടാതെ ഇന്‍ഡ്യയിലേക്കു കപ്പല്‍ കയറുകയും വെറും ഒരു ഗുമസ്തന് ആയി ജീവിതം തള്ളി നീക്കുകയും ചെയ്ത റോബര്‍ട്ട് ക്ലൈവ് ആണ് ഇന്‍ഡ്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ആക്രമണകാരി ആയി മാറിയത്. ഒരു പട്ടാളക്കാരന് പോലും അല്ലാതിരുന്ന അയാളുടെ വിജയത്തിന്റെ രഹസ്യം ഇന്‍ഡ്യക്കാരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയും എന്ന സത്യം അയാള്‍ മറ്റാരെയും കാള്‍ മുമ്പേ മനസ്സിലാക്കി എന്നതാണ്. എളുപ്പത്തില്‍ കീഴടങ്ങുന്നവര്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അവരെ കീഴടക്കാന്‍ കഴിവുള്ള തന്ത്രശാലികള്‍ എവിടെ നിന്നെങ്കിലും ചാടി വീഴുക തന്നെ ചെയ്യും. അതിനാല്‍ അറിവു നേടുക; ശക്തി നേടുക; ഒരിക്കലും കീഴടങ്ങുകയില്ല എന്നു ദൃഢനിശ്ചയം ചെയ്യുക. ആക്രമണകാരികളെ ഒറ്റക്കെട്ടായി നേരിടുക.
ആക്രമണകാരികളുടെ വഗ്ദ്ധോരണി ഇങ്ങനെ മുന്നേറുന്നു. “ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള കഴിവാണ് അക്ഷരശ്ലോക വൈദഗ്ദ്ധ്യം. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കണമെങ്കില്‍ സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി ചൊല്ലണം. ഭംഗിയായി ചൊല്ലണമെങ്കില് സ്വരമാധുര്യം വേണം. അതു മാത്രമല്ല കര്‍ണ്ണാനന്ദകരമായ ഈണത്തിലും രാഗത്തിലും സംഗീതഗന്ധിയായിട്ട് അവതരിപ്പിക്കുകയും വേണം. ഇതൊക്കെ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ഉത്തമകലാകാരന്മാരും ഒക്കെ ആയ ഞങ്ങളെക്കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. അവിദഗ്ദ്ധന്മാരും അപ്രഗല്ഭന്മാരും പ്രതിഭാഹീനന്മാരും കലാബോധവും മൂല്യബോധവും ഇല്ലാത്തവരും ആയ നിങ്ങളെക്കൊണ്ടു സാധിക്കുകയില്ല. ഇത്രയും മോശക്കാരായ നിങ്ങള്‍ അക്ഷരശ്ലോകം ചൊല്ലിയിട്ടു യാതൊരു കാര്യവും ഇല്ല. അതുകൊണ്ടു നിങ്ങളെ ഞങ്ങള്‍ എലിമിനേറ്റു ചെയ്തിരിക്കുന്നു”.
ഉന്നതന്മാരുടെ കല്ലേപ്പിളര്‍ക്കുന്ന ഈ കല്‍പ്പനയ്ക്കു മുമ്പില്‍ ചൂളിപ്പോകാത്ത അക്ഷരശ്ലോകക്കാര്‍ അത്യന്തം വിരളമാണ്. അപ്പോള്‍ പിന്നെ അവര്‍ കീഴടങ്ങുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല. അധികാരിയുടെ കോഴിമുട്ട അടിയാന്റെ അമ്മി ഉടയ്ക്കും എന്നാണല്ലോ ചൊല്ല്.
ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണ് അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം എന്ന പ്രചരണത്തില്‍ സത്യത്തിന്റെ കണികയെങ്കിലും ഉണ്ടോ എന്നു ഈ അടിമകള്‍ ചിന്തിക്കുന്നതേ ഇല്ല. ശ്ലോകരൂപത്തില്‍ ഉള്ള നാരായണീയം, വെങ്കിടേശ്വരസുപ്രഭാതം, ഹരിവരാസനം മുതലായ കൃതികള്‍ അനുഗൃഹീതകലാകാരന്മാരെ കൊണ്ടു മനോഹരമായി ആലപിപ്പിച്ചു കാസറ്റിലും സീഡിയിലും ഒക്കെ ആക്കി വിറ്റു ചിലര്‍ ധാരാളം പണം സംപാദിക്കുന്നുണ്ട്. വാങ്ങി കേട്ട് ആസ്വദിക്കാന്‍ ധാരാളം ആളുകള്‍ ഉള്ളതു കൊണ്ടാണല്ലോ ഇതു സാധിക്കുന്നത്. അതിനാല്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ ശ്ലോകങ്ങള്‍ ഉപയോഗിക്കാം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല. പക്ഷേ അത് ആരുടെ കര്‍ത്തവ്യം ആണ് എന്നതാണു ചിന്തിക്കേണ്ടത്. അത് അക്ഷരശ്ലോകക്കാരുടെ കര്‍ത്തവ്യം ആണോ? ഒരിക്കലും അല്ല. ആയിരുന്നുവെങ്കില്‍ നാരായണീയം കാസറ്റ് ഇറക്കാന്‍ ഗുരുവായൂര്‍ ദേവസ്വം എന്തുകൊണ്ടു പി. ലീലയെ ക്ഷണിച്ചു? നാരായണീയത്തിനു വ്യാഖ്യാനം എഴുതിയ ആളും സംസ്കൃതപണ്ഡിതനും അക്ഷരശ്ലോക ചക്രവര്‍ത്തിയും ഒക്കെ ആയ എന്‍.ഡി.കൃഷ്ണനുണ്ണിയെ എന്തുകൊണ്ടു ക്ഷണിച്ചില്ല? ശ്ലോകമായാലും കീര്‍ത്തനമായാലും സിനിമാപ്പാട്ടായാലും ശ്രോതാക്കളെ ആഹ്ലാദിപ്പിക്കണമെങ്കില്‍ അതിനു പാട്ടുകാര്‍ തന്നെ വേണം. ആ ജോലി അക്ഷരശ്ലോകക്കാര്‍ക്ക് ഉള്ളതല്ല. അവര്‍ വലിഞ്ഞുകയറി അത് ഏറ്റെടുക്കാന്‍ പോയാല്‍ “ആകാത്തതിന്നേറ്റു പിടിക്കല്‍” എന്ന വിനാശകരമായ ആനമണ്ടത്തരം ആയിത്തീരും. ആന പിണ്ഡം ഇടുന്നതു കണ്ടു മുയല് മുക്കുന്നതു പോലെയും കടലിന്റെ ഒപ്പം വലുതാകാന്‍ തവള ശ്വാസം പിടിച്ചതു പോലെയും ഒക്കെ ആകും പരിഹാസ്യമായ ആ വിഫലപ്രയത്നം.
ശ്ലോകങ്ങള്‍ മനോഹരമായി ആലപിച്ചു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന ജോലി പി.ലീലയും എം.എസ്. സുബ്ബലക്ഷ്മിയും യേശുദാസും ഒക്കെ ഭംഗിയായി നിര്‍വ്വഹിച്ചു കൊള്ളും. ആ ജോലി അക്ഷരശ്ലോകക്കാര്‍ക്ക് ഉള്ളതല്ല. അവര്‍ വലിഞ്ഞുകയറി അത് ഏറ്റെടുക്കാന്‍ പോയാല്‍ പരിഹാസ്യരാകുകയേ ഉള്ളൂ. പാട്ടുകാര്‍ കൊടുക്കുന്ന ആഹ്ലാദത്തിന്റെ ആയിരത്തില്‍ ഒരംശമെങ്കിലും കൊടുക്കാന്‍ അക്ഷരശ്ലോകക്കാര്‍ക്കു കഴിയുമോ?
ആക്രമണസ്വഭാവം ചിലര്‍ക്കു ജന്മസിദ്ധമാണ്. നിങ്ങളെ ആക്രമിച്ചു കീഴടക്കാന്‍ അവര്‍ക്ക് അനുകൂലസാഹചര്യം ഒത്തുകിട്ടിയാല്‍ അവര്‍ അതിന് ഒട്ടും മടിക്കുകയില്ല. സത്യം, നീതി, ധര്‍മ്മം മുതലായവയെ പറ്റിയുള്ള ചിന്തകള്‍ ഒന്നും തന്നെ അവരെ പിന്തിരിപ്പിക്കുകയില്ല. അനുകൂലസാഹചര്യം എങ്ങനെ മുതലാക്കാം എന്നതു മാത്രം ആയിരിക്കും അവരുടെ ചിന്ത. അത്തരക്കാര്‍ക്കെതിരെ രണ്ടു കാര്യങ്ങള്‍ ആണു ചെയ്യാനുള്ളത്.
1. അവര്‍ക്ക് അവസരങ്ങള്‍ നല്‍കാതിരിക്കുക. അവരെ ആദ്യം തന്നെ ബുദ്ധിപൂര്‍വ്വം തിരിച്ചറിയണം. അവര്‍ക്ക് ആക്രമിക്കാന്‍ യാതൊരു പഴുതും കൊടുക്കരുത്. ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുള്ളവര്‍ ഒത്തൊരുമിച്ചു നിന്നു ശക്തി ആര്‍ജ്ജിക്കണം. ശക്തന്മാരെ ഒഴിവാക്കിയിട്ടു ദുര്ബ്ബലന്മാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുക എന്നതാണ് എപ്പോഴും ആക്രമണകാരികളുടെ നയം.
ഇക്കാര്യത്തില്‍ ആക്രമണകാരികള്‍ക്കും രോഗാണുക്കള്‍ക്കും ഒരേ നയമാണ് ഉള്ളത്. രോഗാണുക്കള്‍ ആരോഗ്യവും പ്രതിരോധശക്തിയും ഉള്ളവരെ ആക്രമിക്കുകയില്ല. ഇവ കുറഞ്ഞവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്യും.
2. വല്ല കാരണവശാലും കീഴടക്കപ്പെട്ടു പോയാല്‍ ആക്രമണകാരികളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം. അവരുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കരുത്. അത് ഏറ്റവും വലിയ മണ്ടത്തരം ആണ്. ആക്രമണകാരികളുടെ മുമ്പില്‍ കുമ്പിട്ടും എറാന്‍ മൂളിയും നിന്നിട്ടു യാതൊന്നും നേടാന്‍ കഴിയുകയില്ല. അങ്ങനെ നില്‍ക്കുന്നതിന്റെ ആത്യന്തികഫലം അടിമത്തം മാത്രമായിരിക്കും.
ആക്രമണസ്വഭാവം ഉള്ള മനുഷ്യരും മൃഗങ്ങളും രോഗാണുക്കളും ആണു ലോകത്തില്‍ നരകം സൃഷ്ടിക്കുന്നത്. അതുകൊണ്ട് ആയിരിക്കണം “മറ്റുള്ളവരാണു നരകം ( Hell is other people)” എന്നു ജീന്‍ പോള്‍ സാര്‍ത്രെ എന്ന തത്വചിന്തകന്‍ പറഞ്ഞത്. അക്ഷരശ്ലോകക്കാര്‍ക്കു നരകം സൃഷ്ടിക്കുന്നവര്‍ ധാരാളം ഉണ്ട്. പൊങ്ങച്ചക്കാര്‍, ബുദ്ധിശൂന്യന്മാര്, ചിന്താജഡന്മാര്, പണത്തിന്റെ ഹുങ്കു കാണിക്കുന്നവര്‍,സ്വാര്ത്ഥന്മാര് ഇങ്ങനെ പലരും ഒത്തുചേര്‍ന്ന ഒരു സംഘടിതശക്തിയാണ് അവര്‍ക്കു നരകം സൃഷ്ടിക്കുന്നത്.
നാല്ക്കാലി ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ എന്ന ആക്ഷേപമാണ് അക്ഷരശ്ലോകക്കാര്ക്കെതിരെ ആക്രമണകാരികള്‍ പ്രയോഗിക്കുന്ന ഏറ്റവും ശക്തവും മൂര്‍ച്ചയേറിയതും ആയ ആയുധം. ഈ ആയുധം പ്രയോഗിച്ചാല്‍ ചെറുത്തു നില്ക്കാന് സാധാരണ ഗതിയില്‍ അക്ഷരശ്ലോകക്കാരില്‍ മിക്കവര്‍ക്കും കഴിയാറില്ല. അക്ഷരശ്ലോകക്കാരുടെ അജ്ഞത കൊണ്ടു മാത്രമാണ് ഈ ആയുധം അവരെ ഇത്ര എളുപ്പത്തില്‍ മുറിവേല്‍പ്പിക്കുന്നതും കീഴ്പ്പെടുത്തുന്നതും. നാല്ക്കാലി ശ്ലോകങ്ങള്‍ എന്നു പറയപ്പെടുന്ന പലതും ആ പേര് അര്‍ഹിക്കുന്നില്ല. അര്‍ത്ഥവും ആശയവും ഉള്ളതും വൃത്തഭംഗം വ്യാകരണത്തെറ്റു ഭാഷാപരമായ വൈകല്യം മുതലായ ദോഷങ്ങള്‍ ഇല്ലാത്തതും ആയ ഏതു ശ്ലോകവും അക്ഷരശ്ലോകത്തില്‍ സര്‍വ്വാത്മനാ സ്വീകാര്യം ആണ്. സ്വീകരിച്ച എല്ലാ ശ്ലോകങ്ങള്‍ക്കും തുല്യ പരിഗണന നല്‍കാനാണു നിയമം അനുശാസിക്കുന്നത്. അതിനാല്‍ സ്വീകാര്യമായ ശ്ലോകങ്ങളെ നാല്ക്കാലി ശ്ലോകങ്ങള്‍ എന്ന് ആക്ഷേപിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. ഉദാഹരണമായി ഏതോ ഒരു സ്കൂള്‍ക്കുട്ടി നിര്‍മ്മിച്ചതെന്നു പറയപ്പടുന്ന ഒരു ശ്ലോകം പരിശോധിക്കാം. വാടാ നമുക്കൊന്നു പിണങ്ങി നോക്കാം പേടിച്ചു മണ്ടുന്നവനല്ലെടോ ഞാന്‍ മൂഢത്വമോരോന്നു പറഞ്ഞു വന്നാല്‍ ഇടിച്ചു ഞാന്‍ നിന്നെ ശരിപ്പെടുത്തും. അക്ഷരശ്ലോകപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ ശ്ലോകത്തിനു യാതൊരു പോരായ്മയും ഇല്ല. എങ്കിലും ഇക്കാലത്ത് ആരും ഇതു മത്സരങ്ങളില്‍ ചൊല്ലാറില്ല. ചൊല്ലിയാല്‍ ആക്ഷേപിക്കപ്പെടും എന്ന കാര്യം തീര്‍ച്ചയാണ്. എന്തുകൊണ്ട് ആക്ഷേപിക്കുന്നു? വിവരക്കേടു കൊണ്ടു തന്നെ. ഈ ശ്ലോകം ചൊല്ലിയാലും വാശ്ചാരേഡ്ധ്വജധക് എന്ന ഗംഭീരമായ കാളിദാസശ്ലോകം ചൊല്ലിയാലും ഒരുപോലെ കണക്കാക്കാന്‍ ആണു നിയമം അനുശാസിക്കുന്നത്. അത് അറിഞ്ഞുകൂടാത്ത മൂഢന്മാരുടെ പരിഹാസത്തെ എന്തിനു ഭയപ്പെടണം? ഭയപ്പെടുന്നവരാണ് ആക്രമണത്തിനു പാത്രമാകുന്നവര്‍. പണം, പ്രതാപം, ശബ്ദമേന്മ, പാട്ട് ഇത്രയും ഉണ്ടെങ്കില്‍ ആര്‍ക്കും അക്ഷരശ്ലോകക്കാരെ ആക്രമിച്ചു കീഴടക്കാം എന്നതാണ് ഇന്നത്തെ അവസ്ഥ.
അനുകൂലസാഹചര്യങ്ങള്‍ എപ്പോഴും ആക്രമണത്തെ ക്ഷണിച്ചു വരുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യും. അഞ്ചു പവനില്‍ കൂടുതല്‍ സ്വര്‍ണ്ണം ആരെങ്കിലും കൈവശം വച്ചാല്‍ അതു കുറ്റകരം ആണെന്നും അതു മറ്റുള്ളവര്‍ക്കു പിടിച്ചെടുക്കാം എന്നും ഒരു നിയമം ഏതെങ്കിലും ഒരു തുഗ്ലക്ക് സൃഷ്ടിച്ചാല്‍ നിങ്ങളുടെ സ്വര്‍ണ്ണം പിടിച്ചെടുക്കാന്‍ ആദ്യം എത്തുന്നതു നിങ്ങളുടെ നല്ല അയല്ക്കാരന് തന്നെ ആയിരിക്കും. അതാണ് അനുകൂല സാഹചര്യത്തിന്റെ അപാര ശക്തി.
ഭംഗിയായി അക്ഷരശ്ലോകം ചൊല്ലുന്നവര്‍ക്ക് അച്ചു മൂളിയാലും ജയിക്കാം എന്ന ഒരു മൂഢനിയമം ചില പണ്ഡിതമ്മന്യന്മാര് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ സൃഷ്ടിച്ചു. അതോടെ അക്ഷരശ്ലോകം കീഴ്മേല്‍ മറിഞ്ഞു. ജന്മസിദ്ധമായ ശബ്ദമേന്മയുള്ള ചില അല്പജ്ഞന്മാര് യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്മാരുടെ മേല്‍ പുലികളെപ്പോലെ ചാടി വീണ് ആക്രമിക്കുന്ന കാഴ്ചയാണു പിന്നീടു കാണാന്‍ കഴിഞ്ഞത്. തുരുതുരെ അച്ചു മൂളുന്നവര്‍ക്ക് അക്ഷരശ്ലോകവിദഗ്ദ്ധര് ആകാനുള്ള സുവര്‍ണ്ണാവസരം ഒത്തു കിട്ടിയാല്‍ ആരാണ് അത് ഉപയോഗപ്പെടുത്താത്തത്? കഥയറിയാതെ ആട്ടം കാണുന്ന ആസ്വാദകവരേണ്യന്മാരുടെയും ധനാഢ്യന്മാരുടെയും നിര്‍ലോഭമായ പിന്തുണ കൂടി ഉള്ളപ്പോള്‍ വിശേഷിച്ചും.
അസാമാന്യ വൈദഗ്ദ്ധ്യവും ബുദ്ധിശക്തിയും വിദ്യാഭ്യാസവും ഒക്കെ ഉള്ള ചില അക്ഷരശ്ലോകക്കാര്‍ അല്പജ്ഞാനികളായ ചില ചപ്പടാച്ചി വാദക്കാരുടെ മുമ്പില്‍ കീഴടങ്ങി നില്ക്കുന്നതു കണ്ടാല്‍ ആരും അത്ഭുതപ്പെട്ടുപോകും. പാപ്പാന്റെ ചൊല്‍പ്പടിക്കു നിന്നു തടി പിടിക്കുന്ന ആനയെ ആണ് അത്തരക്കാര്‍ ഓര്‍മ്മിപ്പിക്കുന്നത്. ദൈവം ആനയെ സൃഷ്ടിച്ചപ്പോള്‍ത്തന്നെ അതിന്റെ തലയില്‍ അങ്ങനെ എഴുതിയിരുന്നിരിക്കും. അതുപോലെ ഈ അക്ഷരശ്ലോക വിദഗ്ദ്ധന്മാരുടെ തലയിലും എഴുതിയിട്ടുണ്ടായിരിക്കും. അല്ലാത്തപക്ഷം അല്പജ്ഞാനികളായ ഈ പൊങ്ങച്ചക്കാരുടെ മുമ്പില്‍ അവര്‍ എന്തിന് ഇങ്ങനെ ഓച്ഛാനിച്ചു നില്‍ക്കണം?
സാധാരണക്കാരായ അക്ഷരശ്ലോകക്കാരെ ആക്രമിച്ചു കീഴടക്കി ഭരിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിട്ടുള്ള ഉന്നതന്മാരുടെ മുഖമുദ്രയായി അഞ്ചു കാര്യങ്ങള്‍ ഉണ്ട്. അവയാണു പകാരപഞ്ചകം. അതായതു പണം, പ്രതാപം, പാട്ടു, പാണ്ഡിത്യം, പൊങ്ങച്ചം. ഇവ ഉള്ളവര്‍ ഒരിക്കലും നിങ്ങളുടെ സഹായികള്‍ ആവുകയില്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങളെ തകര്‍ത്തു തരിപ്പണം ആക്കിയാല്‍ മാത്രമേ അവര്‍ക്ക് അവരുടെ ലക്ഷ്യം നേടാന്‍ കഴിയുകയുള്ളൂ. അതിനാല്‍ പകാരപഞ്ചകം ഉള്ളവരെ കണ്ടാല്‍ ഓടി ഒളിക്കുക.
അക്ഷരശ്ലോകക്കാരെ തോല്‍പ്പിക്കണമെങ്കില്‍ അതു നിയമാനുസൃതമായ അക്ഷരശ്ലോക മത്സരത്തിലൂടെ മാത്രം ആയിരിക്കണം. അല്ലാതെ ഇത്തരം നഗ്നമായ കടന്നാക്രമണങ്ങളിലൂടെ ആയിരിക്കരുത്. സത്യത്തിനും നീതിക്കും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനും ഒന്നും ചേര്‍ന്നതല്ല അത്തരം ഹീനമായ ദുഷ്പ്രവൃത്തി.
ബ്രിട്ടീഷുകാരുടെ കുടിലതന്ത്രങ്ങള്‍ ഭാരതീയര്‍ നൂറ്റാണ്ടുകളോളം തിരിച്ചറിഞ്ഞില്ല. പരിപൂര്‍ണ്ണ അടിമത്തത്തിലേക്കു വഴുതി വീണ ശേഷം മാത്രമേ അവര്‍ അതറിഞ്ഞുള്ളൂ. അതുവരെ ബ്രിട്ടീഷുകാര്‍ അവരെ അടിമകളാക്കി ഭരിക്കുകയും ചെയ്തു.
എളുപ്പത്തില്‍ കീഴടങ്ങുന്നവര്‍ എവിടെ ഉണ്ടെങ്കിലും ഒട്ടും താമസിയാതെ തന്നെ ആക്രമണകാരികള്‍ പൊടുന്നനെ അവിടെ ചാടി വീഴുകയും അവരെ കീഴടക്കുകയും ചെയ്യും. ആക്രമണകാരികള്‍ക്ക് ഒരിക്കലും പഞ്ഞം ഉണ്ടാവുകയില്ല.
സായിപ്പിനെ കാണുമ്പൊള്‍ കവാത്തു മറക്കുന്നവര്‍ക്ക് അടിമകളായി ഇരിക്കാനല്ലാതെ മറ്റൊന്നിനും കഴിയുകയില്ല. സായിപ്പിന്റെ മുമ്പില്‍ നട്ടെല്ലു നിവര്‍ത്തി നിന്നു Quit India എന്നു പറയാന്‍ ധൈര്യവും വിവരവും ഉള്ളവര്‍ ഉണ്ടായപ്പോള്‍ മാത്രമാണു സ്വാതന്ത്ര്യം കിട്ടിയത്.
അക്ഷരശ്ലോകക്കാര്‍ ചൂഷകരുടെ തനിനിറം തിരിച്ചറിയുന്നതു വരെ ചൂഷകരുടെ ആക്രമിച്ചു കീഴടക്കലും അടക്കി ഭരിക്കലും നിര്‍ബ്ബാധം തുടരുക തന്നെ ചെയ്യും.
ഏതെങ്കിലും ഒരു പ്രദേശത്ത് അക്ഷരശ്ലോകസംഘാടകര് അച്ചു മൂളിയവരെ ജയിപ്പിക്കുകയോ അച്ചു മൂളാത്തവരെ എലിമിനേറ്റു ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവിടെ അക്ഷരശ്ലോകക്കാര്‍ ആക്രമിച്ചു കീഴടക്കപ്പെട്ടു എന്ന് അനുമാനിക്കാം.
അക്ഷരശ്ലോകവിദഗ്ദ്ധന്മാര് തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാര് ആകുകയും തങ്ങളില്‍ നിന്നു കവര്‍ന്നെടുക്കപ്പെട്ട അവകാശങ്ങള്‍ തിരിച്ചു പിടിക്കാന്‍ ബുദ്ധിപൂര്‍വ്വം ധൈര്യത്തോടെ പട വെട്ടുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശബ്ദഭംഗി ഇല്ലാത്തവരെ എലിമിനേറ്റു ചെയ്യുകയും അച്ചുമൂളിയവരെ ജയിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ധിക്കാരികളായ അക്രമികളുടെ മുമ്പില്‍ എറാന്‍ മൂളിയും ഓച്ഛാനിച്ചും നിന്നിട്ട് എന്തു നേടാന്‍? ആത്മാഭിമാനം പണയം വച്ച് എന്തെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ തന്നെ അതുകൊണ്ട് എന്തു പ്രയോജനം?
സര്‍വ്വ കാര്യങ്ങളിലും അജ്ഞന് സര്വ്വജ്ഞന്
അക്ഷരശ്ലോകസര്വ്വജ്ഞന്മാര് അരങ്ങു തകര്‍ക്കുന്ന കാലം ആണല്ലോ ഇത്. അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്വങ്ങളോ ബാലപാഠങ്ങള്‍ പോലുമോ അറിഞ്ഞുകൂടാത്ത പലരും സര്വ്വജ്ഞന്മാരായി ഞെളിഞ്ഞു നടന്നു മറ്റുള്ളവരെ ഭരിച്ചു തകര്‍ക്കുന്നു. ഇതു കലികാലത്തിന്റെ സവിശേഷത ആയിരിക്കാം. കലികാലത്തില്‍ ഇങ്ങനെ പലതും സംഭവിക്കുമെന്നു വ്യാസന് പറഞ്ഞിട്ടുണ്ട്. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം, ഭാവാവിഷ്കാരം, പ്രകരണശുദ്ധി, ശൈലീവല്ലഭത്വം, ലാവണ്യാംശം മുതലായ ചില ഭാരം കൂടിയ വാക്കുകള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടു നടന്നാല്‍ ആര്‍ക്കും അക്ഷരശ്ലോകസര്‍വ്വജ്ഞന്‍ ആകാം. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ഒരു നാഥനില്ലാക്കളരി ആണല്ലോ അക്ഷരശ്ലോകം.
ഈ സര്വ്വജ്ഞന്മാര് നടത്തുന്ന അക്ഷരശ്ലോകമത്സരങ്ങളില്‍ തുരുതുരെ അച്ചുമൂളുന്നവര് നിഷ്പ്രയാസം ജയിക്കുന്ന അത്ഭുതക്കാഴ്ച പോലും കാണാന്‍ കഴിയും. എതക്ഷരം കിട്ടിയാലും അച്ചുമൂളാതെ ഉരുളയ്ക്ക് ഉപ്പേരി പോലെ ഉടനുടന്‍ ശ്ലോകം ചൊല്ലാന്‍ കഴിവുള്ള മിടുക്കന്മാരെ സര്വ്വജ്ഞന്മാര് ആദ്യം തന്നെ എലിമിനേറ്റു ചെയ്യും. ആസ്വാദ്യമായി ചൊല്ലിയില്ല എന്നതാണ് അവരുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം. ആര്‍ക്കും ഒരു പരാതിയും പറയാന്‍ പറ്റുകയില്ല. പറഞ്ഞാല്‍ മുന്‍പറഞ്ഞ വാക്കുകളെ ആയുധമാക്കി ഉപയോഗിച്ചു സര്വ്വജ്ഞന്മാര് അവരെ അരിഞ്ഞു വീഴ്ത്തിക്കളയും. രാവണന് ചന്ദ്രഹാസം എടുത്തു വീശി ജടായുവിന്റെ ചിറകരിഞ്ഞു വീഴ്ത്തിയതു പോലെ.
ഈ സര്വ്വജ്ഞന്മാര് ഔദാര്യപൂര്‍വ്വം ചിലര്‍ക്കു വിദഗ്ദ്ധന്, പ്രഗല്ഭന്, പ്രതിഭാശാലി മുതലായ ബഹുമതിബിരുദങ്ങള്‍ കല്പ്പിച്ചു കൊടുക്കാറുണ്ട്. ഈ ബിരുദങ്ങള്‍ കിട്ടാന്‍ ശബ്ദസൌകുമാര്യം ഉണ്ടായാല്‍ മാത്രം മതി. ഹ, ധ, ബ,ല മുതലായ പ്രയാസമുള്ള അക്ഷരങ്ങളോ മാലിനി, പുഷ്പിതാഗ്ര മുതലായ പ്രയാസമുള്ള വൃത്തങ്ങളോ വന്നാല്‍ ഈ പ്രതിഭാശാലികളില്‍ പലര്‍ക്കും ശ്ലോകം ചൊല്ലാന്‍ കഴിയുകയില്ല. അ, ക, പ മുതലായ സുലഭാക്ഷരങ്ങളോ സ്രഗ്ദ്ധര, ശാര്‍ദ്ദൂലവിക്രീഡിതം മുതലായ സുലഭവൃത്തങ്ങളോ വന്നാല്‍ അവര്‍ നല്ല സാഹിത്യമൂല്യമുള്ള ചില ഗംഭീരശ്ലോകങ്ങള് കര്‍ണ്ണാനന്ദകരമായ ഈണത്തിലും രാഗത്തിലും സംഗീതമധുരമായി തട്ടി മൂളിക്കും. സര്വ്വജ്ഞന്മാര് മറ്റൊന്നും ആലോചിക്കാതെ അവരെ ജയിപ്പിച്ചു പ്രതിഭാശാലി പട്ടം കൊടുക്കുകയും ചെയ്യും.
സര്വ്വജ്ഞന്മാര് ഭരണം പിടിച്ചെടുക്കുന്നതിനു മുമ്പു പുരുഷന്മാര്ക്കും ആണ്‍കുട്ടികള്‍ക്കും അക്ഷരശ്ലോകവേദികളില് അര്‍ഹിക്കുന്ന സ്ഥാനം കിട്ടിയിരുന്നു. പക്ഷേ ഇപ്പോള്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പുഷ്കരകാലമാണ്. സര്വ്വജ്ഞന്മാരുടെ സിദ്ധാന്തം അനുസരിച്ചു നടത്തിയ മത്സരങ്ങളില്‍ ഇതഃപര്യന്തം ജയിച്ചവരുടെ ലിസ്റ്റ് എടുത്തു പരിശോധിച്ചാല്‍ ഇക്കാര്യം കരതലാമലകം പോലെ വ്യക്തമാകും. ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ എന്നതാണു സര്വ്വജ്ഞന്മാരുടെ സിദ്ധാന്തം അനുസരിച്ചു സര്‍ക്കാര്‍ നടത്തുന്ന യുവജനോത്സവമത്സരങ്ങളിലെയും അവസ്ഥ. ചുരുക്കിപ്പറഞ്ഞാല്‍ സര്വ്വജ്ഞന്മാരുടെ ഗംഭീരപരിഷ്കാരം അക്ഷരശ്ലോകത്തെ കീഴ്മേല്‍ മറിച്ചിരിക്കുന്നു.
സര്‍വ്വകാര്യങ്ങളിലും അജ്ഞന്മാരായ ഈ സര്വ്വജ്ഞന്മാരുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് അക്ഷരശ്ലോകത്തിന് എന്നെങ്കിലും മോചനം ഉണ്ടോ?
കവിതയും ഫുട്ബാളും
യെവ്ജെനി യെവ്തുഷെങ്കോ
ഫുട്ബാള്‍ എന്നെ ഒരുപാടു കാര്യങ്ങള്‍ പഠിപ്പിച്ചു. എന്റെ സാഹിത്യസംബന്ധിയായ പോരാട്ടങ്ങളില്‍ ഫുട്ബാളിലെ ചുവടുവയ്പ്പുകള്‍ എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്. ഫുട്ബാള്‍ പലപ്പോഴും പല തരത്തിലും കവിതയെക്കാള്‍ എളുപ്പമാണ്. ഫുട്ബാളില്‍ നിങ്ങള്‍ ഒരു ഗോളടിച്ചാല്‍ അതിനു വ്യക്തമായ തെളിവുണ്ട്. ബോള്‍ എന്തായാലും നെറ്റില്‍ ഉണ്ടാവും. അവര്‍ക്കു കുതര്‍ക്കം ഉന്നയിക്കാന്‍ കഴിയുകയില്ല. റഫറി വല്ലപ്പോഴും ഒരിക്കല്‍ മാത്രമേ ഗോള്‍ അനുവദിക്കാതെ ഇരിക്കുകയുള്ളൂ. പക്ഷേ കവിതയില്‍ നിങ്ങള്‍ ഒരു ഗോളടിച്ചാല്‍(ലക്ഷ്യം നേടിയാല്‍) ആയിരക്കണക്കിനു റഫറിമാരുടെ, ചെവി തുളയ്ക്കുന്ന വിസില്‍ ശബ്ദം കേള്‍ക്കാം. നിങ്ങളുടെ പക്കലാകട്ടെ യാതൊരു തെളിവും ഉണ്ടാവുകയും ഇല്ല. മിക്കപ്പോഴും ഓഫ്സൈഡ് ബാളിനെ അവര്‍ ഗോളായി വിധി എഴുതുകയും ചെയ്യും.
പൊതുവേ പറഞ്ഞാല്‍ എന്തൊക്കെ അഴുക്കുകളും അഴിമതികളും ഉണ്ടെങ്കിലും സാഹിത്യത്തെക്കാള്‍ വൃത്തിയുള്ള ബിസിനസ്സ് ആണു ഫുട്ബാള്‍.
പരിഹാസത്തെ ഭയപ്പെടുകയല്ല നേരിടുകയാണു വേണ്ടത്
ഡോ. ആര്. രാജന്
അക്ഷരശ്ലോകക്കാരെ പരിഹസിക്കാന്‍ കിട്ടുന്ന എതവസരവും വിട്ടുകളയാത്ത ചില ഉന്നതന്മാര് ഉണ്ട്. പ്രധാനമായും രണ്ടു പരിഹാസശരങ്ങളാണ് അവര്‍ എയ്തു വിടാറുള്ളത്. 1. നാല്ക്കാലി ശ്ലോകങ്ങള്‍ ചൊല്ലുന്നു. 2. ആസ്വാദ്യമല്ലാതെ ചൊല്ലുന്നു. ഈ പരിഹാസം കേട്ടു മിക്ക അക്ഷരശ്ലോകക്കാരും ചൂളിപ്പോകാറുണ്ട്. ഈ പരിഹാസശരങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള അവരുടെ തത്രപ്പാടു കണ്ടാല്‍ ആര്‍ക്കും സഹതാപം തോന്നും. ഈ തത്രപ്പാടിന്റെ ഫലമായിട്ട് ആയിരിക്കണം അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പോലും ലംഘിക്കുന്ന തമ്പ്രാക്കളുടെ മുമ്പില്‍ എറാന്‍ മൂളി നില്‍ക്കാനും അവര്‍ ഏര്‍പ്പെടുത്തിയ മാര്‍ക്കിടല്‍, എലിമിനേഷന് മുതലായ തലതിരിഞ്ഞ പരിഷ്കാരങ്ങളെ വാഴ്ത്തിപ്പാടാനും മത്സരാര്‍ഥികള്‍ വ്യഗ്രത കാട്ടുന്നത്. പക്ഷേ ഹാ കഷ്ടം! ഈ വിധേയത്വം അവരെ എവിടെ കൊണ്ട് എത്തിച്ചു? കൂടുതല്‍ പരിതാപകരവും സഹതാപാര്ഹവും ആയ അവസ്ഥയില്‍!
നാല്ക്കാലി ചൊല്ലലും ആസ്വാദ്യമല്ലാത്ത അവതരണവും അക്ഷരശ്ലോകത്തിന്റെ മുഖമുദ്രയാണ്. ഉപ്പിന്റെ ഉപ്പുരസം പോലെ. ഉപ്പിന്റെ ഉപ്പുരസം നഷ്ടപ്പെട്ടാല്‍ ഉപ്പു പിന്നെ എന്തിനു കൊള്ളാം? എനിക്ക് ഇത്രയും മോശപ്പെട്ട ഉപ്പുരസം ആണല്ലോ ഉള്ളത്. എനിക്കു പഞ്ചസാരയുടെ മാധുര്യം ഇല്ലല്ലോ. എന്നു പറഞ്ഞ് ഉപ്പു സങ്കടപ്പെടാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും ഫലം?
പണ്ടൊരിക്കല്‍ ഉപ്പു ബ്രഹ്മാവിനോടു പരാതി പറഞ്ഞു.”അങ്ങു പഞ്ചസാരയ്ക്കു നല്ല മാധുര്യം കൊടുത്തു. എനിക്കു വളരെ അനാസ്വാദ്യമായ ഉപ്പുരസം ആണ് തന്നത്. അതുകൊണ്ട് ആരും എനിക്കു വില കല്‍പ്പിക്കുന്നില്ല. അങ്ങ് ഇതു തിരിച്ചെടുത്തിട്ട് എനിക്ക് അല്‍പ്പം മധുരം തരണം”. “അങ്ങനെയാകട്ടെ” എന്നു ബ്രഹ്മാവു പറഞ്ഞു. ഉപ്പിന്റെ ഉപ്പുരസം മുഴുവനും മാറി ചെറിയ മധുരം ഉണ്ടായി. പക്ഷേ ജനങ്ങള്‍ ഉപ്പിനെ പരിപൂര്‍ണ്ണമായി അവഗണിച്ചു. മധുരത്തിന് അവര്‍ക്കു ചിരപരിചിതമായ പഞ്ചസാര ഉള്ളതു കൊണ്ടു മറ്റൊന്നും വേണ്ടിയിരുന്നില്ല. ഉപ്പ് എന്ന പേരു പോലും അവര്‍ മറന്നു. ഉപ്പിട്ടു കഞ്ഞി കുടിക്കുന്നതിനു പകരം പഞ്ചസാര ഇട്ടു കഞ്ഞി കുടിക്കാന്‍ തുടങ്ങി. മനുഷ്യരുടെ ഈ അവഗണന ഉപ്പിനെ കൂടുതല്‍ ദുഃഖിതന് ആക്കി. എനിക്കു പഴയ ഉപ്പുരസം തന്നാല്‍ മതി എന്നു പറഞ്ഞു തിരികെ ചെന്നു. അങ്ങനെ മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതുപോലെ ഉപ്പു വീണ്ടും ഉപ്പായി. അക്ഷരശ്ലോകക്കാര്‍ എല്ലാവരും ഉപ്പിന്റെ ഈ കഥ ഓര്മ്മിച്ചിരിക്കുന്നതു നന്നായിരിക്കും.
പാട്ടു പഞ്ചസാരയാണെങ്കില്‍ അക്ഷരശ്ലോകം ഉപ്പാണ്. ഉപ്പ് ഉപ്പായിട്ടു തന്നെ ഇരിക്കുന്നതാണു നല്ലത്. പഞ്ചസാരയാകാന് ശ്രമിച്ചാല്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാകും.
സംഗീതം ഒരു കലയാണ്. അതിന് ആസ്വാദ്യത കൂടിയേ തീരൂ. എത്രത്തോളം ആസ്വാദ്യം ആക്കുന്നോ അത്രത്തോളം അതു ജനപ്രിയം ആവുകയും ചെയ്യും. അതുകൊണ്ടാണു യേശുദാസിന് എല്ലാ സിനിമയിലും പാടാന്‍ അവസരം കിട്ടുന്നതും ജയചന്ദ്രന് ഒന്നിലും കിട്ടാതിരിക്കുന്നതും. പക്ഷേ അക്ഷരശ്ലോകം അങ്ങനെയല്ല. അത് ഒരു വിനോദം മാത്രമാണ്. അതിന് ആസ്വാദ്യത ഒരു അവശ്യഘടകമല്ല. ഉപ്പിനു മാധുര്യം ഒട്ടും ആവശ്യമില്ലാത്തതു പോലെ. അക്ഷരശ്ലോകം ആസ്വദിക്കാന്‍ അക്ഷരശ്ലോകക്കാരുടെ ബന്ധുമിത്രാദികള്‍ അല്ലാതെ എത്ര പേര് വരും? അക്ഷരശ്ലോകത്തിന് ആസ്വദ്യതാമൂല്യമല്ല വിനോദമൂല്യമാണ് പ്രധാനം.
ജയചന്ദ്രനെ തങ്ങളുടെ സിനിമകളില്‍ ഒന്നിലും പാടാന്‍ വിളിക്കാതിരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം എല്ലാ സംവിധായകന്മാര്ക്കും ഉണ്ട്. അദ്ദേഹത്തിനു യാതൊരു പരാതിയും പറയാന്‍ പറ്റുകയില്ല. പറഞ്ഞാലും “യേശുദാസ് പാടുന്നതു കേള്‍ക്കാന്‍ ആണ് ഞങ്ങളുടെ ആസ്വാദകന്മാര്ക്കു കൂടുതല്‍ ഇഷ്ടം” എന്നു പറഞ്ഞു സ്വയം ന്യായീകരിക്കാനും പരാതിയെ പുച്ഛിച്ചു തള്ളിക്കളയാനും നിഷ്പ്രയാസം സാധിക്കും. പക്ഷേ അക്ഷരശ്ലോകം അതുപോലെ അല്ല. “ഞങ്ങളുടെ ആസ്വാദകര്‍ നിങ്ങളുടെ ചൊല്ലല്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളെ എലിമിനേറ്റു ചെയ്തിരിക്കുന്നു” എന്നു പറയാന്‍ ഒരു ഉന്നതനും അധികാരമില്ല. അങ്ങനെ പറഞ്ഞാല്‍ “ഇതു സംഗീതമല്ല; അക്ഷരശ്ലോകമാണ്” എന്ന് അവരെ ഓര്‍മ്മപ്പെടുത്താന്‍ ഓരോ മത്സരാര്‍ഥിക്കും അവകാശമുണ്ട്.
അക്ഷരശ്ലോകം ശ്രോതാക്കള്‍ക്ക് ആസ്വാദ്യം ആയിരിക്കണം എന്നു ശഠിക്കുകയും “സൌഭാഗ്യമേ സുസ്വരം”, “രാഗമാം പാലു വേണം” മുതലായ പുതിയ പുതിയ ആപ്തവാക്യങ്ങള്‍ സൃഷ്ടിച്ചു പ്രചരിപ്പിക്കുകയും ചെയ്യുന്ന സര്വ്വജ്ഞന്മാര് യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകത്തെ വഴി തെറ്റിച്ചും കാടു കയറ്റിയും നശിപ്പിക്കുകയാണു ചെയ്യുന്നത്.
അക്ഷരശ്ലോകത്തെ ആസ്വാദ്യമാക്കാന്‍ ശ്രമിക്കുന്നത് ഉപ്പിനെ മധുരമാക്കാന്‍ ശ്രമിക്കുന്നതു പോലെ അസംബന്ധവും വിഡ്ഢിത്തവും ആണ്. ആസ്വാദ്യമാക്കാന്‍ ശ്രമിക്കുന്തോറും സംഗീതത്തിന്റെ രൂപഭാവങ്ങളും ലക്ഷണലക്ഷ്യങ്ങളും അക്ഷരശ്ലോകത്തില്‍ ക്രമേണ കടന്നു കൂടുകയും ശ്ലോകപ്പാട്ട് എന്ന നിലയിലേക്ക് അത് അധഃപതിക്കുകയും ചെയ്യും. സര്വ്വജ്ഞന്മാരുടെ പരിഷ്കാരം കൊണ്ടു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതു തന്നെയാണ്. യുവജനോത്സവങ്ങളിലെ അക്ഷരശ്ലോകം ശ്രദ്ധിച്ചു നിരീക്ഷിച്ചാല്‍ ഇക്കാര്യം കരതലാമലകം പോലെ വ്യക്തമാകും. “ഏറ്റവും മനോഹരമായി പടുന്ന പെണ്‍കുട്ടി ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ” എന്നതാണല്ലോ അവിടത്തെ അവസ്ഥ. പ്രകടമായ ഈ അധഃപതനം കണ്ടിട്ടു പോലും സര്വ്വജ്ഞന്മാര് അവരുടെ ആനമണ്ടത്തരം മനസ്സിലാക്കുകയോ തെറ്റു തിരുത്തുകയോ ചെയ്യുന്നില്ല. അവര്‍ ഉപ്പിനെ പഞ്ചസാര ആക്കിയേ അടങ്ങൂ.
നാല്ക്കാലി ചൊല്ലുന്നു എന്നോ അനാകര്‍ഷകമായി ചൊല്ലുന്നു എന്നോ ആരെങ്കിലും പരിഹസിച്ചാല്‍ പോടാ എന്നു പറയുകയാണു വേണ്ടത്. അവനെക്കൊണ്ടു നമുക്കു യാതൊരു പ്രയോജനവും ഇല്ല. അവന് അക്ഷരശ്ലോകം എന്താണെന്ന് അറിയാത്ത പമ്പരവിഡ്ഢിയാണ്. അവന്റെ പ്രശംസയ്ക്കു വേണ്ടി നമ്മുടെ വ്യക്തിത്വം കളഞ്ഞു കുളിച്ചാല്‍ നമ്മള് ത്രിശങ്കുവില്‍ ആകും. അതിനാല്‍ നമ്മുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടു മുന്നോട്ടു പോകുകയാണു വേണ്ടത്. പാട്ടുകാരെ അനുകരിക്കുന്ന മൂഢമായ പൊങ്ങച്ചം അവസാനിപ്പിക്കണം.
അക്ഷരശ്ലോകത്തെ എത്രയൊക്കെ പരിഷ്കരിച്ച് ആസ്വാദ്യമാക്കിയാലും യേശുദാസിന്റെ പാട്ടുകച്ചേരിക്കു കിട്ടുന്ന ആസ്വാദകരുടെ പതിനായിരത്തില്‍ ഒരംശമെങ്കിലും കിട്ടുമോ? പിന്നെ എന്തിനു സ്വയം പരിഹാസ്യരാകുന്ന ഈ ആനമണ്ടത്തരം?
സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം എന്ന് അക്ഷരശ്ലോകത്തിന്റെ ഒരു നിയമവും അനുശാസിക്കുന്നില്ല. കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചു ചൊല്ലുന്നയാളിനും സ്വന്തമായി നിമിഷശ്ലോകം നിര്‍മ്മിച്ചു ചൊല്ലുന്നയാളിനും തുല്യപരിഗണന കൊടുക്കാനാണു നിയമം അനുശാസിക്കുന്നത്. അക്ഷരശ്ലോകക്കാര്‍ ശ്ലോകങ്ങള്‍ തെറ്റു കൂടാതെ ചൊല്ലിയാല്‍ മതി; പി.ലീല നാരായണീയവും യേശുദാസ് ഹരിവരാസനവും എം.എസ്.സുബ്ബലക്ഷ്മി വെങ്കടേശ്വരസുപ്രഭാതവും പാടിയതു പോലെ പാടേണ്ട ആവശ്യമില്ല. അങ്ങനെയൊന്നും നിര്ബ്ബന്ധിക്കാന് യാതൊരു നിയമവും ഇല്ല. പിന്നെ ഈ മഠയന്മാരുടെ പരിഹാസത്തെ എന്തിനു ഭയപ്പെടണം?
യജമാനന്മാരുടെ ആശ്രിതവാത്സല്യം
ഡോ.ആര്.രാജന്
അക്ഷരശ്ലോകം ചൊല്ലുന്നവരില് മൂല്യം കൂടിയവരും മൂല്യം കുറഞ്ഞവരും എന്നൊരു വിഭജനം ഉണ്ടോ? ഇല്ല എന്നതാണു വാസ്തവം. അക്ഷരശ്ലോകം സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമാണ്. അതില്‍ ഇത്തരത്തിലുള്ള യാതൊരു ഉച്ചനീചത്വങ്ങള്‍ക്കും സ്ഥാനമില്ല. വോട്ടര്‍മാരെ മൂല്യം കൂടിയ വോട്ടര്‍മാര്‍ എന്നും മൂല്യം കുറഞ്ഞ വോട്ടര്‍മാര്‍ എന്നും വിഭജിക്കാന്‍ പാടില്ലാത്തതു പോലെ അക്ഷരശ്ലോകക്കാരെയും അങ്ങനെ വിഭജിക്കാന്‍ പാടില്ല. പണ്ടുള്ളവര്‍ ആരും അങ്ങനെ വിഭജിച്ചിരുന്നും ഇല്ല.
പക്ഷേ 1955 ല്‍ അക്ഷരശ്ലോകക്കാരുടെ യജമാനന്മാരായി സ്വയം അവരോധിച്ച തൃശ്ശൂരിലെ ചില സര്വ്വജ്ഞന്മാര് കാണിച്ച ഒരു അതിബുദ്ധിയുടെ ഫലമായി അങ്ങനെ ഒരു വിഭജനം നിലവില്‍ വന്നു. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ മൂല്യം കൂടിയവര്‍, ഭംഗിയായി ചൊല്ലുന്നവര്‍ മൂല്യം കൂടിയവര്‍ എന്നൊക്കെ ആയിരുന്നു അവരുടെ സിദ്ധാന്തം.
സ്വന്തമായി ശ്ലോകങ്ങള്‍ ഉണ്ടാക്കിച്ചൊല്ലുന്നവര് എപ്പോഴും മൂല്യം കുറഞ്ഞവര്‍ ആയിരിക്കും. അവരുടെ ശ്ലോകങ്ങള്‍ക്കു സാഹിത്യമൂല്യം പൊതുവേ വളരെ കുറവായിരിക്കുമല്ലോ. അതേ സമയം മഹാകവികളുടെ ശ്ലോകങ്ങള്‍ കാണാപ്പാഠം പഠിച്ചു ചൊല്ലുന്നവര്‍ വലിയ മൂല്യശാലികള് ആയിരിക്കുകയും ചെയ്യും.
മൂല്യം കൂടിയവര്‍ മാത്രമേ ജയിക്കാവൂ എന്ന കാര്യത്തില്‍ സര്‍വ്വജ്ഞന്മാര്‍ക്കു വലിയ നിര്‍ബ്ബന്ധമാണ്. മൂല്യം കുറഞ്ഞവര്‍ എന്ന് അവര്‍ക്കു തോന്നുന്നവരെ എല്ലാം അവര്‍ നിഷ്കരുണം എലിമിനേറ്റു ചെയ്യും.
സാഹിത്യമൂല്യവും അവതരണഭംഗിയും ആണ് മൂല്യനിര്‍ണ്ണയത്തിന്റെ ആധാരം എന്നു പറയപ്പെടുന്നുണ്ടെങ്കിലും ഒരാള്‍ മൂല്യം ഉള്ളവന് ആകണമെങ്കില്‍ അയാള്‍ക്കു ഏറ്റവും പ്രധാനമായി വേണ്ടത് ശബ്ദമേന്മയും സംഗീതഗന്ധവും ആണ് എന്നതാണു യാഥാര്‍ത്ഥ്യം. സര്വ്വജ്ഞന്മാര് നടത്തുന്ന മത്സരങ്ങള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ഇക്കാര്യം കരതലാമലകം പോലെ വ്യക്തമാകും. ശബ്ദമേന്മയും സംഗീതഗന്ധവും ജന്മസിദ്ധമാകയാല് ഭാഗ്യവാന്മാരായ ചില ഗര്ഭശ്രീമാന്മാര്ക്കു മാത്രമേ അവരുടെ മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയുകയുള്ളൂ.
മൂല്യം കൂടിയവര്‍ എന്നു തോന്നുന്നവരോടു സര്വ്വജ്ഞന്മാര്ക്ക് അതിരറ്റ വാത്സല്യമാണ്. മൂല്യം കൂടിയവരെ പരാജയത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ വേണ്ടി അവര്‍ ഏതു നിയമവും തിരുത്തും. മൂല്യം കൂടിയവര്‍ എന്നു പറയപ്പെടുന്നവര്‍ക്കു പൊതുവേ വളരെ കുറച്ചു ശ്ലോകങ്ങള്‍ മാത്രമേ അറിയാവൂ. മൂന്നു പ്രാവശ്യം തുടര്‍ച്ചയായി ഒരേ അക്ഷരം കിട്ടിയാല്‍ അവരില്‍ പലര്‍ക്കും ശ്ലോകം ചൊല്ലാന്‍ കഴിയുകയില്ല. അതു മനസ്സിലാക്കിയ സര്വ്വജ്ഞന്മാര് ഒരക്ഷരം തുടര്‍ച്ചയായി മൂന്നു പ്രാവശ്യം കൊടുക്കുന്നതു നിയമവിരുദ്ധം ആണെന്നു വിധിച്ചു. എന്നിട്ടും വൃത്തനിബന്ധന വരുമ്പോള്‍ ചില മൂല്യവാന്മാര് അച്ചുമൂളുന്ന സാഹചര്യം നിലനിന്നു. അപ്പോള്‍ സര്വ്വജ്ഞന്മാര് മറ്റൊരു വാത്സല്യം കൂടി കാണിച്ചു. മൂല്യം കൂടിയവര്‍ രണ്ടു പ്രാവശ്യം വരെ അച്ചു മൂളിയാലും അവരെ ജയിപ്പിക്കാം എന്നു പ്രഖ്യാപിച്ചു. ഇത്രയൊക്കെ വാത്സല്യം കാണിച്ചിട്ടും തങ്ങള്‍ ആഗ്രഹിച്ച എല്ലാ മൂല്യവാന്മാരെയും ജയിപ്പിക്കാന്‍ കഴിഞ്ഞില്ല. പ്രിയങ്കരന്മാരായ ചില മൂല്യവാന്മാര് ചുരുങ്ങിയ സമയത്തിനുള്ളില്‍ മൂന്നും നാലും പ്രാവശ്യം അച്ചുമൂളി തങ്ങളുടെ തങ്ങളുടെ വൈജ്ഞാനിക പാപ്പരത്തം വെളിപ്പെടുത്തി. എന്തായാലും മൂല്യം കൂടിയവര്‍ എന്നു തങ്ങള്‍ കൊട്ടി ഘോഷിക്കുന്നവര്‍ പരാജയപ്പെടുന്നതു സര്‍വ്വജ്ഞന്മാര്‍ക്കു സഹിക്കാന്‍ പറ്റുമോ? അവര്‍ നിയമത്തില്‍ വീണ്ടും ഉദാരമായ ഒരു അയവു കൂടി വരുത്തി. “മൂല്യം കൂടിയവര്‍ എത്ര പ്രാവശ്യം അച്ചു മൂളിയാലും അവരെ നിര്‍ബ്ബാധം ജയിപ്പിക്കാം; മാര്‍ക്കു മാത്രം പരിഗണിച്ചാല്‍ മതി.” എന്നതാണ് അവര്‍ ഉണ്ടാക്കിയ ഏറ്റവും പുതിയ നിയമം.
ഹോ! എന്തൊരു ആശ്രിതവാത്സല്യം! യജമാനന്മാര് ആകുന്നെങ്കില്‍ ഇങ്ങനെ തന്നെ ആകണം.
എല്ലാം തിളച്ചു കുറുകുമ്പോള്‍……
ഇംഗ്ലീഷില്‍ ഒരു ശൈലിയുണ്ട്. “It all boils down to….”.നീണ്ട വിവരണങ്ങളുടെ സാരാംശം കുറിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. കഷായം നിര്‍മ്മിക്കുമ്പോള്‍ ആദ്യം ചേര്‍ത്ത ചേരുവകളില്‍ പലതും അപ്രത്യക്ഷമാകും. ചിലതിനു രൂപമാറ്റം സംഭവിക്കും. ചില പുതിയ വസ്തുക്കള്‍ ഉണ്ടാകും. തിളച്ചു കുറുകി അവസാനം ശേഷിക്കുന്നതാണു സാരാംശം.
ഇതുപോലെ അക്ഷരശ്ലോകസര്വ്വജ്ഞന്മാര് വരുത്തിയ പരിഷ്കാരങ്ങളുടെ സാരാംശം നമുക്കു പരിശോധിക്കാം. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യാംശം, മുതലായ വിലയേറിയതും ഘനഗംഭീരവും ആയ വസ്തുക്കള്‍ പലതും ചേര്‍ത്തുള്ള ഒരു കഷായമാണ് അവരുടെ പരിഷ്കാരം. സാഹിത്യമൂല്യമാണ് അവര്‍ സര്‍വ്വപ്രധാനമായി കൊട്ടി ഘോഷിക്കാറുള്ള ഒരു ഘടകം. സാഹിത്യമൂല്യം കൂടുതല്‍ ഉള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലുന്നത് അത്ര വലിയ പ്രയാസമുള്ള ഒരു കാര്യമാണോ? സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ല. ഒരു ഗുരുനാഥന്റെയോ വഴികാട്ടിയുടെയോ സഹായം ഉണ്ടെങ്കില്‍ ശ്ലോകങ്ങളുമായി പുലബന്ധം പോലും ഇല്ലാത്ത ഒരാള്‍ക്കു വേണമെങ്കിലും നല്ല സാഹിത്യമൂല്യമുള്ള ഏതാനും ശ്ലോകങ്ങള്‍ കാണാപ്പാഠം പഠിച്ചു കൊണ്ടുവന്നു ചൊല്ലാന്‍ നിഷ്പ്രയാസം കഴിയും. അക്ഷരനിബന്ധന സര്വ്വജ്ഞന്മാരുടെ മത്സരങ്ങളില്‍ ഒരു നോക്കുകുത്തി മാത്രമാണ്. മൂന്നു പ്രാവശ്യം ഒരേ അക്ഷരം കൊടുത്തു തങ്ങളുടെ ആശ്രിതന്മാരെ ബുദ്ധിമുട്ടിക്കരുത് എന്ന ഉഗ്രശാസനത്തിന്റെ സംരക്ഷണവും ഉണ്ട്. അച്ചുമൂളിയാലും മാര്‍ക്കു കൂടുതല്‍ ഉള്ളവരെ ജയിപ്പിക്കാം എന്ന വിപ്ലവാത്മകമായ പുതിയ നിയമത്തിന്റെ ആനുകൂല്യം പുറമേ. പിന്നെ എന്താണു വിജയത്തിന്റെ അടിസ്ഥാനം? ജഡ്ജിമാര്‍ക്കു തോന്നുന്ന സന്തോഷം. അതു ജന്മസിദ്ധമായ രണ്ടു കാര്യങ്ങളെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. ഒന്നു ശബ്ദമേന്മ; രണ്ടു സംഗീതഗന്ധം. സംശയമുണ്ടെങ്കില്‍ റിമി ടോമിയെപ്പോലെയുള്ള ഏതെങ്കിലും ഒരു പാട്ടുകാരിയെ വിളിച്ചു കൊണ്ടു വന്നു മര്‍ത്ത്യാകാരേണ ഗോപീ അമ്പ ത്തൊന്നക്ഷരാളീ മുതലായ ഏതാനും മൂല്യവത്തായ ശ്ലോകങ്ങള്‍ പഠിപ്പിച്ചു കൊടുത്തിട്ടു സര്വ്വജ്ഞന്മാരുടെ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു നോക്കുക. സര്വ്വജ്ഞന്മാര് ഇന്നുവരെ കൈ പിടിച്ചുയര്‍ത്തിയ എല്ലാ പ്രതിഭാശാലികളെയും കടത്തി വെട്ടി അവള് ഒന്നാം സ്ഥാനം നേടുക തന്നെ ചെയ്യും.
എല്ലാം തിളച്ചു കുറുകുമ്പോള്‍ അവശേഷിക്കുന്നതു ശ്ലോകപ്പാട്ട്!
ഏകാക്ഷരപ്രയോഗം
ഡോ.ആര്..രാജന്
പ്രാചീന അക്ഷരശ്ലോകമത്സരങ്ങളുടെ നെടുംതൂണായിരുന്നു ഏകാക്ഷരപ്രയോഗം. ഒരേ അക്ഷരം തന്നെ വീണ്ടും വീണ്ടും കൊടുത്തു എതിരാളികളെ അതിവേഗത്തില്‍ അച്ചുമൂളിച്ചു പരാജയപ്പെടുത്തുക എന്നതാണ് ഇതിന്റെ രീതി. 1955ല്‍ തൃശ്ശൂരിലെ പണ്ഡിതന്മാര് അക്ഷരശ്ലോകം “പരിഷ്കരിച്ച”തോടെ ഏകാക്ഷരപ്രയോഗത്തിന്റെ അപചയം ആരംഭിച്ചു. “അച്ചുമൂളാതെ ചൊല്ലി ജയിക്കുക” എന്നതിനു പകരം “നല്ല ശ്ലോകങ്ങള്‍ ഭംഗിയായി ചൊല്ലി ജയിക്കുക” എന്ന നിര്‍ദ്ദേശമാണു പരിഷ്കാരികള്‍ നല്‍കിയത്. ഏകാക്ഷരപ്രയോഗക്കാരെ അവര്‍ പുച്ഛിക്കുകയും പരിഹസിക്കുകയും മാത്രമല്ല എലിമിനേറ്റു ചെയ്തു ശിക്ഷിക്കുകയും ചെയ്യാന്‍ തുടങ്ങി. ഒരേ അക്ഷരം തുടര്‍ച്ചയായി മൂന്നു പ്രവശ്യത്തിലധികം നല്കാന് പാടില്ല എന്ന ഉഗ്രശാസനവും അവര്‍ നല്കി. ഏകാക്ഷരപ്രയോഗം പാമരന്മാര് കണ്ടു പിടിച്ചതാണ് എന്നതായിരുന്നു പണ്ഡിതന്മാരുടെ ജുഗുപ്സയ്ക്കു പ്രധാന കാരണം. അതു മൂല്യത്തകര്‍ച്ചയ്ക്കു കാരണമാകുമെന്നും അവര്‍ വാദിക്കുന്നു. അക്ഷരശ്ലോകത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന ഒരു മാര്‍ക്കിടല്‍ പ്രസ്ഥാനവും 1970 നോടടുപ്പിച്ച് അവര്‍ ആരംഭിച്ചു. അതോടുകൂടി അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചുമൂളിയാലും ജയിക്കാം എന്ന അവസ്ഥ സംജാതമായി. മൂല്യപ്രേമം വരുത്തിവച്ച വിന!
യുവജനോത്സവങ്ങളില്‍ “പരിഷ്കരിച്ച” അക്ഷരശ്ലോകം ഉള്‍പ്പെടുത്തിയതോടുകൂടി ഏകാക്ഷരപ്രയോഗം ഏതാണ്ടു നാമാവശേഷമായി. അദ്ധ്യാപകന്മാര് നല്ല സ്വരമാധുര്യവും സംഗീതവാസനയും ഉള്ള കുട്ടികളെ മാത്രം തെരഞ്ഞെടുത്ത് അക്ഷരശ്ലോകം പഠിപ്പിക്കാന്‍ തുടങ്ങി. അത്തരക്കാര്‍ക്കു മാത്രമേ മാര്‍ക്കു നേടി ജയിക്കാന്‍ കഴിയൂ എന്നതാണു കാരണം. അങ്ങനെ അനുഷ്ടുപ്പ് ഒഴികെയുള്ള സംസ്കൃതവൃത്തങ്ങളില്‍ ഉള്ള ശ്ലോകങ്ങള്‍ മാത്രം പാടാവുന്ന ഒരു തരം പാട്ടുമത്സരമായി അക്ഷരശ്ലോകം അധഃപതിച്ചു. “എന്റെ മകള്‍ നന്നായി ശ്ലോകം പാടും” എന്നു പറയുന്ന അമ്മമാരെ ഇന്നു കേരളത്തില്‍ ഉടനീളം കാണാം.
ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ അക്ഷരശ്ലോകത്തെ സംരക്ഷിക്കണമെങ്കില്‍ ഏകാക്ഷരപ്രയോഗം പുനരുജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഏകാക്ഷര പ്രയോഗം എന്താണെന്നു പോലും ഇക്കാലത്തു പലര്‍ക്കും അറിയില്ല. “കിട്ടിയ അക്ഷരം തന്നെ തിരിച്ചു കൊടുക്കുന്നതല്ലേ ഏകാക്ഷരപ്രയോഗം?” എന്നു ചോദിക്കുന്നവരാണു മിക്കവരും. കിട്ടിയ അക്ഷരം തിരിച്ചു കൊടുക്കുന്നത് ഏകാക്ഷരപ്രയോഗത്തിന് എതിരെയുള്ള ഒരു പ്രതിരോധതന്ത്രം മാത്രമാണ്. യഥാര്‍ത്ഥ ഏകാക്ഷരപ്രയോഗം അതല്ല. ഇങ്ങോട്ട് എതക്ഷരം കിട്ടിയാലും അങ്ങോട്ടു നാം ഉദ്ദേശിക്കുന്ന ഒരക്ഷരം തന്നെ കൊടുത്തുകൊണ്ട് ഇരിക്കുക എന്നതാണു ശരിയായ ഏകാക്ഷരപ്രയോഗം. ഉദാഹരണമായി കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ രീതി പരിശോധിക്കാം. അദ്ദേഹം ഏതു ശ്ലോകം ചൊല്ലിയാലും മൂന്നാം വരിയില്‍ ഹ ആയിരിക്കും വരിക. അദ്ദേഹത്തിന് എതിരെ 20 റൌണ്ടില്‍ അധികം പിടിച്ചു നില്ക്കാന് സാധാരണക്കാര്‍ക്ക് ആര്‍ക്കും കഴിഞ്ഞിരുന്നില്ല.
ഒരു ഏകാക്ഷരപ്രയോഗക്കാരന് ആകണമെങ്കില്‍ എത്ര ശ്ലോകം പഠിക്കണം എന്നു പലരും ചോദിക്കാറുണ്ട്. 120 എന്നാണ് ഉത്തരം. ആദ്യമായി 24 സ്വീകാര്യ അക്ഷരങ്ങളില്‍ ഒന്നിനെ നിങ്ങളുടെ തുറുപ്പക്ഷരം ആയി തെരഞ്ഞെടുക്കുക. അ ക പ മുതലായ അതിസുലഭാക്ഷരങ്ങളെ ഒഴിവാക്കുന്നതു നന്നായിരിക്കും. ഇ മുതല്‍ ഹ വരെയുള്ള 15 അക്ഷരങ്ങള്‍ ആണു തുറുപ്പക്ഷരം ആക്കാന്‍ ഉത്തമം. 24 സ്വീകാര്യ അക്ഷരങ്ങളില്‍ ഓരോന്നിലും നിങ്ങളുടെ തുറുപ്പക്ഷരം മൂന്നാം വരിയില്‍ വരുന്ന 5 ശ്ലോകങ്ങള്‍ (ഒരു പഞ്ചകം) പഠിക്കുക. ഹ ആണു നിങ്ങളുടെ തുറുപ്പക്ഷരം എങ്കില്‍ നിങ്ങള്‍ അഹപഞ്ചകം, കഹപഞ്ചകം, പഹപഞ്ചകം എന്നിങ്ങനെ 24 പഞ്ചകങ്ങള്‍ പഠിക്കണം. ഇവ മനസ്സില്‍ ഉറപ്പിച്ചു വച്ചാല്‍ സാധാരണക്കാരനായ ഏത് എതിരാളിയെയും അര മണിക്കൂറിനുള്ളില്‍ അച്ചു മൂളിച്ചു പരാജയപ്പെടുത്താം.
കാലക്രമേണ പഞ്ചകം എന്നതു സപ്തകം, അഷ്ടകം, ദശകം, വിംശതി എന്നിങ്ങനെ ഉയര്‍ത്തിക്കൊണ്ടു പോകണം. വിംശതി (20) എത്തിയാല്‍ നിങ്ങള്‍ ഒരു വലിയ ഏകാക്ഷരപ്രയോഗവിദഗ്ദ്ധന് ആയിത്തീരും.
ഏകാക്ഷരപ്രയോഗം പലര്‍ക്കും അരോചകം ആയി തോന്നും. വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്മാര് പലരും ഇതു പഠിക്കാന്‍ വിസമ്മതിക്കാറുണ്ട്. ബ്രാഹ്മണന്മാര് മാംസം ഭക്ഷിക്കാനും മുസ്ലീങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കാനും വിസമ്മതിക്കുന്നതു പോലെയുള്ള ഒരു ധാര്‍മ്മിക എതിര്‍പ്പാണ് ഇത്. അങ്ങനെയുള്ളവര്‍ക്കു വേണ്ടി പ്രാചീന ആചാര്യന്മാര് ഉപദേശിച്ചിട്ടുള്ളതാണു കിട്ടിയ അക്ഷരം തിരിച്ചു കൊടുക്കുക (ആദാനപ്രദാനം) എന്ന മാര്‍ഗ്ഗം. ഇത് ഒരു പ്രതിരോധതന്ത്രം മാത്രമാണ്. തുടക്കക്കാരായ ഏകാക്ഷര പ്രയോഗക്കാരെ നേരിടാന്‍ ഇതു മതിയാകും. ചിലപ്പോള്‍ അവരെ തോല്‍പ്പിക്കാനും ഇതു കൊണ്ടു കഴിഞ്ഞേക്കാം. പക്ഷേ വലിയ ഏകാക്ഷരപ്രയോഗവിദഗ്ദ്ധന്മാര്ക്ക് എതിരെ ഈ രീതി ഫലപ്രദം ആവുകയില്ല.
ഏകാക്ഷരപ്രയോഗം ആക്രമണതന്ത്രവും ആദാനപ്രദാനം പ്രതിരോധതന്ത്രവും ആണെന്നു ചുരുക്കി പറയാം. ആക്രമണം ആണ് ഏറ്റവും നല്ല പ്രതിരോധം എന്ന് എല്ലാ രംഗങ്ങളിലെയും പോരാളികള്‍ പറയാറുണ്ട്. അത് അക്ഷരശ്ലോകത്തിനും ബാധകമാണ്. ശുദ്ധമായ പ്രതിരോധം മാത്രം കൊണ്ടു വലിയ ഫലം ഉണ്ടാവുകയില്ല.
ഏകാക്ഷരപ്രയോഗം പഠിക്കുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ തുറുപ്പക്ഷരത്തില് തുടങ്ങുന്ന ശ്ലോകങ്ങള്‍ കുറച്ച് അധികം കരുതിക്കൊള്ളണം. ഹ ആണു നിങ്ങളുടെ തുറുപ്പക്ഷരം എങ്കില്‍ ഒന്നാം വരിയിലും മൂന്നാം വരിയിലും ഹ വരുന്ന ശ്ലോകങ്ങള്‍ അഞ്ചിനു പകരം പത്തെണ്ണം എങ്കിലും സ്റ്റോക്ക് ഉണ്ടായിരിക്കണം. എതിരാളി ഓരോ റൌണ്ടിലും ഹ തന്നെ തിരിച്ചു തന്നാല്‍ നിങ്ങള്‍ പരിഭ്രമിച്ചു പോകും. ഈ പരിഭ്രമം വലിയ വിദഗ്ദ്ധന്മാരെപ്പോലും പരാജയത്തിലേക്കു നയിച്ച ചരിത്രം ഉണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര മുന്‍കരുതല്‍ കൂടിയേ തീരൂ
.
തുറുപ്പക്ഷരം തെരഞ്ഞെടുക്കല്‍
ഡോ.ആര്.രാജന്
കമ്പ്യൂട്ടറൈസ്ഡ് അക്ഷരശ്ലോക മത്സരത്തില്‍ പങ്കെടുക്കാന്‍ ധാരാളം പേര് മുന്നോട്ടു വരുന്നുണ്ട്. പക്ഷേ അവര്‍ തങ്ങളുടെ തുറുപ്പക്ഷരം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. മിക്കവാറും എല്ലാവരും “അ” എന്ന ഒരേ ഒരക്ഷരമാണ് തെരഞ്ഞെടുക്കുന്നത്. തുറുപ്പക്ഷരം കയ്യൊപ്പു പോലെയാണ്. അതു തെരഞ്ഞെടുക്കുന്നതിനു മുമ്പു വളരെയേറെ ആലോചിക്കണം. ഒരിക്കല്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നീട് അതു മാറ്റാന്‍ അത്ര എളുപ്പമായിരിക്കുകയില്ല.
കമ്പ്യൂട്ടറിനെ തോല്‍പ്പിക്കുക എന്നതിനെ ആത്യന്തിക ലക്ഷ്യം ആയി കാണാന്‍ പാടില്ല. മനുഷ്യ എതിരാളികളെ തോല്‍പ്പിക്കുക എന്നത് ആയിരിക്കണം ആത്യന്തിക ലക്ഷ്യം. കമ്പ്യൂട്ടറിനെ തോല്‍പ്പിക്കുന്നതിനെക്കാള്‍ പതിന്മടങ്ങു പ്രയാസമായിരിക്കും മനുഷ്യ എതിരാളികളെ തോല്‍പ്പിക്കുന്നത്. കമ്പ്യൂട്ടറൈസ്ഡ് മത്സരം മനുഷ്യ എതിരാളികളെ നേരിടാനുള്ള ഒരു പരിശീലനക്കളരി മാത്രമാണ്. അതിനാല്‍ മനുഷ്യ എതിരാളികളെ മുന്നില്‍ കണ്ടു വേണം തുറുപ്പക്ഷരം തെരഞ്ഞെടുക്കാന്‍. എല്ലാവരും “അ” തെരഞ്ഞെടുത്താല്‍ മത്സരം വിരസം ആയിപ്പോകും എന്ന ദോഷവും ഉണ്ട്.
എതിരാളികളെ തോല്‍പ്പിക്കാന്‍ വേണ്ടിവരുന്ന സമയത്തെ മാത്രമാണു തുറുപ്പക്ഷരത്തിന്റെ തെരഞ്ഞെടുപ്പു ബാധിക്കുന്നത്. വിജയസാദ്ധ്യതയെ അതു ബാധിക്കുകയില്ല. വിജയസാദ്ധ്യത അദ്ധ്വാനത്തെ മാത്രം ആശ്രയിച്ചാണ് ഇരിക്കുന്നത്. ഏതു തുറുപ്പക്ഷരം തെരഞ്ഞെടുത്താലും അദ്ധ്വാനശീലര്‍ക്ക് ഏത് എതിരാളിയെയും തോല്‍പ്പിക്കാന്‍ കഴിയും. അതിനു വേണ്ടിവരുന്ന സമയം വ്യത്യസ്തം ആയിരിക്കും എന്നേ ഉള്ളൂ. “അ” യും “ക” യും ഒക്കെ കൊടുത്ത് എതിരാളികളെ തോല്‍പ്പിക്കുന്നവര്‍ പണ്ടു ധാരാളം ഉണ്ടായിരുന്നു.
ഒരാള്‍ തന്റെ തുറുപ്പക്ഷരം ആയി “ല” തെരഞ്ഞെടുക്കുന്നു എന്നിരിക്കട്ടെ. അയാള്‍ക്ക് 20 റൌണ്ടിനുള്ളില്‍ തന്നെ മിക്ക എതിരാളികളെയും തോല്‍പ്പിക്കാന്‍ കഴിയും. പക്ഷേ “അ” യോ “ക” യോ തെരഞ്ഞെടുക്കുന്ന ഒരാള്‍ക്കു ചിലപ്പോള്‍ 100 റൌണ്ടിലധികം ചോല്ലേണ്ടി വന്നേക്കാം. പണ്ടുള്ളവര്‍ക്കു സമയം ഒരു പ്രശ്നം ആയിരുന്നില്ല. പക്ഷേ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമുക്ക് അതൊരു വലിയ പ്രശ്നമാണ്.
എത്ര വേഗത്തില്‍ എതിരാളിയെ തോല്‍പ്പിക്കാന്‍ ഉപകരിക്കും എന്നതിന്റെ (മാത്രം) അടിസ്ഥാനത്തില്‍ അക്ഷരങ്ങളെ മൂന്നായി തരം തിരിക്കാം.
- അതിവേഗത്തില്‍ ജയിക്കാന്‍ ഉതകുന്നവ.
ച ഇ ഉ എ ഒ ഗ ജ ദ ധ ബ ഭ യ ര ല ശ ഹ എന്നീ 16 അക്ഷരങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഇവയില്‍ ഒന്നു തെരഞ്ഞെടുത്താല്‍ മനുഷ്യരുമായുള്ള മത്സരം ശരാശരി 20 റൌണ്ടിലധികം നീണ്ടു പോകാറില്ല.
- മധ്യമവേഗത്തില് ജയിക്കാന്‍ ഉതകുന്നവ.
ത ന മ വ സ എന്നീ 5 അക്ഷരങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഇവയില്‍ ഒന്നു പ്രയോഗിച്ചാല്‍ ശരാശരി 50 റൌണ്ടുകള്‍ കൊണ്ടു വിജയം നേടാം.
- കുറഞ്ഞ വേഗത്തില്‍ മാത്രം ജയിക്കാന്‍ ഉതകുന്നവ.
അ ക പ എന്നീ മൂന്നക്ഷരങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഇവയില്‍ ഒന്നു പ്രയോഗിച്ചു വിദഗ്ദ്ധനായ ഒരു എതിരാളിയെ തോല്‍പ്പിക്കണമെങ്കില്‍ ശരാശരി 70 റൌണ്ടു ചോല്ലേണ്ടി വരും. അത്രത്തോളം അതിസുലഭമാണ് ഈ അക്ഷരങ്ങള്‍. “ക” എന്ന ഒരക്ഷരത്തില്‍ മാത്രം ആയിരത്തിലധികം ശ്ലോകങ്ങള്‍ അറിയാവുന്ന ഒരു വിദഗ്ദ്ധന് മലപ്പുറം ജില്ലയില്‍ ഉണ്ടായിരുന്നു. ഒരു ദിവസം മുഴുവന്‍ ചൊല്ലിയാലും അദ്ദേഹത്തെ “ക” കൊടുത്തു തോല്‍പ്പിക്കാന്‍ കഴിയുകയില്ല.
കമ്പ്യൂട്ടറില്‍ ശ്ലോകങ്ങള്‍ ഫീഡ് ചെയ്യുമ്പോള്‍ അക്ഷരങ്ങളിലെ ശ്ലോകലഭ്യതയുടെ അനുപാതം കൃത്യമായി പാലിക്കാന്‍ എളുപ്പമല്ല. അതിനാല്‍ മത്സരാര്‍ഥികള്‍ അത് ഏകദേശരൂപത്തില്‍ എങ്കിലും മനസ്സിലാക്കി തുറുപ്പക്ഷരം തെരഞ്ഞെടുക്കേണ്ടതാണ്. ച ഒ എന്നീ അക്ഷരങ്ങളില്‍ സംസ്കൃതശ്ലോകങ്ങള്‍ വളരെ കുറവാണ്. അതിനാല്‍ ഈ അക്ഷരങ്ങള്‍ പ്രയോഗിച്ചാല്‍ സംസ്കൃതപണ്ഡിതന്മാരെ തോല്‍പ്പിക്കാന്‍ എളുപ്പമായിരിക്കും. സ യില്‍ മലയാളശ്ലോകങ്ങള്‍ കുറവാണെങ്കിലും സംസ്കൃതശ്ലോകങ്ങള്‍ ധാരാളമുണ്ട്. ഇങ്ങനെ പല കാര്യങ്ങളും ആലോചിച്ചാണ് തുറുപ്പക്ഷരം തെരഞ്ഞെടുക്കേണ്ടത്. നല്ല ഒരു തുറുപ്പക്ഷരം തെരഞ്ഞെടുത്തു നന്നായി അദ്ധ്വാനിച്ചാല്‍ അദ്ധ്വാനത്തിന് ആനുപാതികമായ ഫലം ലഭിക്കും എന്നതാണ് ഏകാക്ഷരപ്രയോഗത്തിന്റെ സവിശേഷത.
ഒന്നിലധികം കുട്ടികളെ പഠിപ്പിക്കുന്ന ആചാര്യന്മാര് ഓരോ കുട്ടിക്കും ഒരു വ്യത്യസ്ത തുറുപ്പക്ഷരം തെരഞ്ഞെടുത്തു കൊടുക്കുന്നതു നന്നായിരിക്കും.
.
പാമരന്മാരെ പുച്ഛിക്കുന്നതു നന്ദികേടും വിവരക്കേടും
കേരളീയ അക്ഷരശ്ലോകം ആവിഷ്കരിച്ചതു പണ്ഡിതന്മാര് ആയിരിക്കാം. പക്ഷേ അതിനെ അതിവേഗത്തില്‍ കേരളത്തില്‍ ഉടനീളം പ്രചരിപ്പിച്ചതു പാമരന്മാരാണ്. പാമരന്മാര് അതിനെ അതീവ താല്പര്യത്തോടെ സ്വാഗതം ചെയ്യുകയും അതിനുവേണ്ടി അശ്രാന്തപരിശ്രമം ചെയ്യുകയും ചെയ്തതു കൊണ്ടാണ് അതിന് ഇത്ര വേഗത്തില്‍ ഇത്രയധികം വളര്‍ച്ചയും പ്രചാരവും ഉണ്ടായത്. സംസ്കൃതവൃത്തങ്ങള്‍ മാത്രമേ പാടുള്ളൂ എന്നു പറഞ്ഞിട്ടും പാമരന്മാര് പിന്മാറാതെ ഈ സാഹിത്യവിനോദത്തെ സ്നേഹിച്ചു എന്നത് ഒരു മഹാത്ഭുതം തന്നെയാണ്. തീരെ അപ്രതീക്ഷിതമായ കാര്യങ്ങള്‍ ചിലപ്പോള്‍ ചിലയിടങ്ങളില്‍ സംഭവിക്കും. അക്ഷരശ്ലോകത്തിനു പാമരന്മാരില്‍ നിന്നു കിട്ടിയ സ്വാഗതം അങ്ങനെ ഒന്നാണ്. വളര്‍ച്ച മുരടിച്ചും അവഗണിക്കപ്പെട്ടും നശിച്ചു പോകാന്‍ എല്ലാ സാദ്ധ്യതയും ഉണ്ടായിരുന്ന ഒരു സാഹിത്യവിനോദമാണ് അതിവേഗത്തില്‍ വളര്‍ന്ന് ഇങ്ങനെ പടര്‍ന്നു പന്തലിച്ചത്. ഈ വളര്‍ച്ചയ്ക്കും പ്രചാരത്തിനും പണ്ഡിതന്മാര് പാമരന്മാരോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.
പണ്ട് അക്ഷരശ്ലോകം ചൊല്ലിയിരുന്നവരില് 90 ശതമാനവും പാമരന്മാര് ആയിരുന്നു. അവരുടെ ചൊല്ലല്‍ പണ്ഡിതോചിതം ആയിരുന്നില്ല. “ഇണങ്ങിനില്ക്കും ശ്രുതിയില്ല രാഗമില്ലക്ഷരവ്യക്തിയുമേറെയില്ല” എന്നു വള്ളത്തോള്‍ പറഞ്ഞതുപോലെ ആയിരുന്നു അവരുടെ ചൊല്ലല്‍. എങ്കിലും ആരും അവരെ പുച്ഛിക്കുകയോ പരിഹസിക്കുകയോ എലിമിനേറ്റു ചെയ്യുകയോ ചെയ്തിരുന്നില്ല. പാമരന്മാരെ ആകര്‍ഷിച്ച ഒരു പ്രധാന ഘടകം നിയമങ്ങളുടെ ലാളിത്യം ആയിരുന്നു. ഒരാള്‍ ഒരു ശ്ലോകം ചൊല്ലിയാല്‍ അടുത്തയാള്‍ അതിന്റെ മൂന്നാം വരിയുടെ ആദ്യാക്ഷരം കൊണ്ടു തുടങ്ങുന്ന ഒരു ശ്ലോകം ഓര്‍മ്മയില്‍ നിന്നു ചൊല്ലണം. ചൊല്ലിയില്ലെങ്കില്‍ അയാള്‍ തോല്‍ക്കും. ഇതല്ലാതെ മറ്റു നിയമങ്ങള്‍
ഒന്നും ഉണ്ടായിരുന്നില്ല. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യാംശം മുതലായ ചപ്പടാച്ചി വാദങ്ങളില്‍ അധിഷ്ഠിതമായ പൊങ്ങച്ചനിയമങ്ങളെപ്പറ്റി കേട്ടുകേള്‍വി പോലും ഉണ്ടായിരുന്നില്ല.
അടുത്ത കാലത്തു ചില ഉന്നതന്മാര് അക്ഷരശ്ലോകസര്വ്വജ്ഞന്മാരായി സ്വയം അവരോധിക്കുകയും “പുരോഗമനം” എന്ന പേരില്‍ അനാവശ്യമായ നിയമങ്ങള്‍ സൃഷ്ടിച്ചു പാമരന്മാരെയും പാട്ടറിഞ്ഞുകൂടാത്തവരെയും ആട്ടിയോടിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ അക്ഷരശ്ലോകത്തിന്റെ ശനിദശ ആരംഭിച്ചു. യഥാര്‍ത്ഥ അക്ഷരശ്ലോകം നിലനില്ക്കണമെങ്കില് പാമരന്മാരുടെ പിന്തുണ കൂടിയേ തീരൂ. അവരെ അടിച്ചോടിച്ചിട്ടു “മൂല്യവര്‍ദ്ധിത അക്ഷരശ്ലോകം” എന്ന പേരില്‍ മാര്‍ക്കറ്റു ചെയ്യപ്പെടുന്ന വസ്തു യഥാര്‍ത്ഥ അക്ഷരശ്ലോകത്തിന്റെ നിഴല്‍ മാത്രമേ ആവുകയുള്ളൂ.
ആരാണു വിലയില്ലാത്തവര്‍?
“പാമരന്മാര് വിലയില്ലാത്തവരാണ്. അവര്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ക്കും വിലയില്ല. അവര്‍ ശ്ലോകം ചൊല്ലുന്ന ശൈലിക്കും വിലയില്ല. അതിനാല്‍ അവരെ എലിമിനേറ്റു ചെയ്യണം. എങ്കില്‍ മാത്രമേ അക്ഷരശ്ലോകകലയുടെ മൂല്യവും ആസ്വാദ്യതയും വര്‍ദ്ധിക്കുകയുള്ളൂ”. ഇതാണ് അഭിനവ അക്ഷരശ്ലോകപണ്ഡിതന്മാരുടെ സിദ്ധാന്തം.
മുടന്തന്മാര്ക്കും നടക്കാന്‍ അവകാശമുണ്ട്. അവര്‍ നടക്കാന്‍ പാടില്ല എന്നു പറയാന്‍ മുടന്തില്ലാത്തവര്ക്ക് അവകാശമില്ല. അവരുടെ നടപ്പിനു മൂല്യമില്ല എന്നു വിധിക്കാനും അവകാശമില്ല. ഒരിടത്തുനിന്നു പുറപ്പെട്ടു മറ്റൊരിടത്തു
ചെന്നെത്താന്‍ ഉപകരിക്കുന്നിടത്തോളം കാലം അവരുടെ നടപ്പിനു മൂല്യമുണ്ട്. അതിന് ഒരു “നടപ്പുപണ്ഡിത”ന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
വിക്കുള്ളവര്ക്കു സംസാരിക്കാന്‍ അവകാശമുണ്ട്. സമൂഹം അതു നിഷേധിച്ചിരുന്നെങ്കില്‍ ഈ.എം.എസ്. എന്ന ഒരു നേതാവ് ഉണ്ടാകുമായിരുന്നോ?
ശബ്ദമേന്മ, സംഗീതവാസന, വിദ്യാഭ്യാസയോഗ്യത മുതലായവയൊക്കെ കുറഞ്ഞവര്‍ക്കും അക്ഷരശ്ലോകം ചൊല്ലാന്‍ അനിഷേദ്ധ്യമായ അവകാശമുണ്ട്. ഏതു സര്‍വ്വജ്ഞനാണ് അതു നിഷേധിക്കാന്‍ അധികാരമുള്ളത്?
യഥാര്‍ത്ഥത്തില്‍ ആരാണു വിലയില്ലാത്തവര്‍? മേല്‍പ്പറഞ്ഞവര്‍ക്കു വിലയില്ല എന്നു വിധിക്കുന്ന പണ്ഡിതമ്മന്യന്മാര്. രത്നം മണപ്പിച്ചും നക്കിയും ഒക്കെ നോക്കിയിട്ടു വിലയില്ല എന്നു തീരുമാനിച്ചു ദൂരെ എറിയുന്ന
മൊച്ചക്കുരങ്ങന്മാരെപ്പോലെയാണ് അവര്‍. അവര്‍ക്കു രത്നത്തിന്റെ വില അറിഞ്ഞുകൂടാ. അതുകൊണ്ടുതന്നെ വിധികര്‍ത്താക്കള്‍ എന്ന നിലയില്‍ അവര്‍ വിലയില്ലാത്തവരാണ്. തങ്ങള്‍ വിലയില്ലാത്തവര്‍ ആണെന്ന് അവര്‍
അറിയുന്നില്ല. അതുകൊണ്ടു വിലയില്ലായ്മ എന്ന ദോഷം അവര്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്നു. അന്ധന് ഒറ്റക്കണ്ണനെ കുറ്റം പറയുന്നതു പോലെ.
പരിഷ്കാരം തുഗ്ലക് സ്റ്റൈല്‍
ഏതു പ്രസ്ഥാനത്തെയും അവസ്ഥയെയും പരിഷ്കരിക്കാം. പക്ഷേ പരിഷ്കരിക്കുമ്പോള്‍
ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാകുന്നത് എങ്കില്‍ ആ പരിഷ്കാരം ഒരു ഹിമാലയന്‍
വിഡ്ഢിത്തം ആയിത്തീരും. തുഗ്ലക്കിന്റെ പരിഷ്കാരമാണ് ചരിത്രം നമുക്കു കാട്ടിത്തരുന്ന
ഉദാഹരണം. ഒരു സാങ്കല്പിക ഉദാഹരണം കൂടി നല്‍കാം. ജനാധിപത്യ വ്യവസ്ഥിതി
പരിഷ്കരിക്കാന്‍ ഏതാനും “ജനാധിപത്യപണ്ഡിതന്മാര്” ഇറങ്ങിപ്പുറപ്പെട്ടു എന്നിരിക്കട്ടെ.
ഇപ്പോഴത്തെ രീതി അനുസരിച്ച് ഏതു നിസ്സാരനും വോട്ടു ചെയ്യാം. കൂടുതല്‍ വോട്ടു
നേടിയാല്‍ ഏതു തല്ലിപ്പൊളി സ്ഥാനാര്‍ഥിക്കും ജയിച്ചു ഭരണാധികാരി ആകുകയും ചെയ്യാം.
ജനാധിപത്യത്തിന്റെ മൂല്യവും നിലവാരവും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ബുദ്ധിമാന്മാരും
വിദ്യാസമ്പന്നന്മാരും മാത്രമേ വോട്ടു ചെയ്യാവൂ എന്നും അത്തരക്കാര്‍ മാത്രമേ ഭരണത്തില്‍
എത്താവൂ എന്നും ഒരു പുതിയ പരിഷ്കാരം ആ “മഹാന്മാര്” കൊണ്ടു വന്നാല്‍ എന്തു
സംഭവിക്കും? ജനാധിപത്യത്തിന്റെ നിലവാരം ഉയരുകയല്ല, അതു തകര്‍ന്നടിയുക ആയിരിക്കും
ചെയ്യുക. ജനാധിപത്യം പാടേ നശിക്കുകയും ഡെമോക്രസിയുടെ സ്ഥാനം അരിസ്റ്റോക്രസി
കയ്യടക്കുകയും ചെയ്യും. പരിഷ്കാരം ഒരു അബദ്ധപ്പഞ്ചാംഗം ആയി മാറും എന്നര്‍ത്ഥം.
ഇതുപോലെ ഒരു പരിഷ്കാരം ആയിരുന്നു തൃശ്ശൂര്‍ പണ്ഡിതന്മാര് അക്ഷര
ശ്ലോകരംഗത്തു വരുത്തിയത്. അക്ഷരശ്ലോകത്തിന്റെ മൂല്യവും നിലവാരവും വര്‍ദ്ധിപ്പിക്കുക
ആയിരുന്നു അവരുടെ ലക്ഷ്യം. മൂല്യം കൂടിയ ശ്ലോകങ്ങളും മൂല്യം കൂടിയ ചൊല്ലുകാരും
മാത്രം മതി ഈ രംഗത്ത് എന്ന് അവര്‍ പ്രഖ്യാപിച്ചു. ബാക്കി എല്ലാം നിഷ്കരുണം
തള്ളിക്കളയുക എന്നതായിരുന്നു അവരുടെ നയം. മര്‍ത്ത്യാകാരേണ ഗോപീ എന്ന ശ്ലോകം
സ്വീകാര്യം ആയപ്പോള്‍ എട്ടാണ്ടെത്തിയ മോരുമെന്റെ ശിവനേ എന്നത് അസ്വീകാര്യം ആയി.
കെ.പി.സി. അനുജന് ഭട്ടതിരിപ്പാട് സ്വീകാര്യന്‍ ആയപ്പോള്‍ കുഞ്ഞുകുഞ്ഞ് ആദിശ്ശര്‍
അസ്വീകാര്യന്‍ ആയി. പരിഷ്കാരികള്‍ കാണിച്ച അബദ്ധങ്ങള്‍ ഇവിടെ അക്കമിട്ടു
നിരത്തുകയാണ്.
1. ശ്ലോകങ്ങളെ മൂല്യം കൂടിയവ എന്നും മൂല്യം കുറഞ്ഞവ എന്നും വിഭജിച്ചു. ഇത്
അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്വങ്ങള്ക്കുപോലും എതിരാണെന്ന കാര്യം അവര്‍
വിസ്മരിച്ചു. അനുഷ്ടുപ്പ് അല്ലാത്തതും നിരര്‍ത്ഥകത വൃത്തഭംഗം മുതലായ ദോഷങ്ങള്‍
ഇല്ലാത്തതും ആയ എല്ലാ ശ്ലോകങ്ങളെയും തുല്യമായി പരിഗണിക്കുക എന്നതാണു ശരിയായ
നയം.
2. ആസ്വാദ്യമായി ചൊല്ലുന്നവര്‍ക്കു കൂടുതല്‍ പരിഗണന നല്കി. അപ്പോള്‍ സ്വരമാധുര്യം
സംഗീതവാസന മുതലായ ജന്മസിദ്ധമായ മേന്മകള് ഉള്ളവര്‍ക്ക് അനര്‍ഹമായ മുന്‍തൂക്കം
കിട്ടാനും മറ്റുള്ളവര്‍ അവഗണിക്കപ്പെടാനും തുടങ്ങി.
3. അച്ചുമൂളിയവര്‍ പുറത്തു പോകേണ്ടതില്ല എന്നു വിധിച്ചു. അക്ഷരശ്ലോകത്തിന്റെ
പരമ്പരാഗതനിയമങ്ങള്‍ അനുസരിച്ചു പരാജയത്തിനുള്ള ഏക കാരണം അച്ചുമൂളല്‍ ആണെന്ന
ബാലപാഠം പോലും പണ്ഡിതന്മാര് വിസ്മരിച്ചു. അച്ചുമൂളിയവരെ പുറത്താക്കുന്നത്തിനു
പകരം തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ പുറത്താക്കുക എന്ന നയമാണ് അവര്‍ സ്വീകരിച്ചത്.
ഒന്നോ രണ്ടോ പ്രാവശ്യം അച്ചുമൂളിയാലും ഭംഗിയായി ചൊല്ലാന്‍
കഴിവുള്ളവരെ പുറത്താക്കേണ്ടതില്ല എന്നാണു തൃശ്ശൂരിലെ പണ്ഡിതന്മാര് വിധിച്ചത്.
തിരുവനന്തപുരത്തെ ചില മഹാന്മാര് അതിനെ ഒന്നുകൂടി പരിഷ്കരിച്ച് എത്ര പ്രാവശ്യം
അച്ചുമൂളിയാലും ആരും പുറത്തു പോകേണ്ടതില്ല എന്നാക്കി. അതിനാല്‍ തുരുതുരെ
അച്ചുമൂളിയാലും ജയിക്കാം എന്ന അവസ്ഥയുണ്ടായി. ജയിക്കാന്‍ വേണ്ടത് ഒന്നു മാത്രം:
ഭംഗിയായി ചൊല്ലാനുള്ള കഴിവ്!
4. മാര്‍ക്കിടല്‍ ഏര്‍പ്പെടുത്തി. ചതുരംഗം കളിയില്‍ ഓരോ നീക്കത്തിന്റെയും മൂല്യവും
ആസ്വാദ്യതയും ഒക്കെ അളന്നു മാര്‍ക്കിടേണ്ട ആവശ്യം ഇല്ലാത്തതു പോലെ
അക്ഷരശ്ലോകത്തില്‍ ഓരോ ശ്ലോകത്തിന്റെയും മൂല്യവും ആസ്വാദ്യതയും അളന്നു മാര്‍ക്ക്
ഇടേണ്ട യാതൊരാവശ്യവും ഇല്ല എന്ന കാര്യം അവര്‍ ഓര്‍മ്മിച്ചില്ല. മാര്‍ക്കിട്ടാല്‍ അതു
പമ്പരവിഡ്ഢിത്തം ആകും എന്നു ചിന്തിക്കാനും അവര്‍ക്കു കഴിഞ്ഞില്ല. ഫുട്ബാള്‍ മത്സരം
മാര്‍ക്കിട്ടു നടത്തിയാല്‍ ഗോളടിക്കാത്തവര്‍ ജയിക്കുന്ന സാഹചര്യം ഉണ്ടാകുകയും അത്
ഒരു വലിയ പ്രശ്നം ആകുകയും ചെയ്യും. അതുപോലെ അക്ഷരശ്ലോകം മാര്‍ക്കിട്ടു
നടത്തിയാല്‍ അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം ഉണ്ടാകും. അതും ഒരു പ്രശ്നമാകും
എന്നു മുന്‍കൂട്ടി കാണാനുള്ള ചിന്താശക്തി പണ്ഡിതന്മാര്ക്കുണ്ടായില്ല.
തൃശ്ശൂര്‍ പണ്ഡിതന്മാരുടെ പരിഷ്കാരത്തിന്റെ ഫലമായി അക്ഷരശ്ലോകം
ശ്ലോകപ്പാട്ടായി അധഃപതിച്ചു. സ്വരമാധുര്യമുള്ള പാട്ടുകാര്‍ക്ക് അച്ചുമൂളിയാലും ജയിക്കാം.
യേശുദാസും ജയചന്ദ്രനും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുക്കുന്നു എന്നു സങ്കല്‍പ്പിക്കുക.
ജയചന്ദ്രന് പതിനായിരം ശ്ലോകങ്ങള്‍ പഠിച്ചിട്ടുണ്ട്. യേശുദാസ് നൂറു ശ്ലോകങ്ങളേ
പഠിച്ചിട്ടുള്ളൂ. എന്നാലെന്ത്? യേശുദാസ് തന്നെ ജയിക്കും. അതാണു പരിഷ്കാരത്തിന്റെ
മഹത്വം.
പരിഷ്കാരം സിന്ദാബാദ്! തുഗ്ലക് ശൈലി സിന്ദാബാദ്!!