അക്ഷരശ്ലോകപ്രേമികളുടെ ചോദ്യങ്ങളും അവയ്ക്കുള്ള ഞങ്ങളുടെ ഉത്തരങ്ങളും ആണ് ഈ പേജില്‍ കൊടുക്കുന്നത്.
ചോദ്യം 1
സാഹിത്യമൂല്യം അളന്നു മാര്‍ക്കിടാതെ അക്ഷരശ്ലോകമത്സരം നടത്തിയാല്‍ നിലവാരം താഴ്ന്നു താഴ്ന്നു പോകുകയില്ലേ?
-ഇ. കെ. ബാബുരാജന്, ഇടയാറന്മുള
ഉത്തരം:
ഇല്ല.അക്ഷരശ്ലോകത്തില്‍ അത്തരം ഭയാശങ്കകള്‍ എല്ലാം അസ്ഥാനത്താണ്. അനുഷ്ടുപ്പല്ലാത്ത സംസ്കൃതവൃത്തത്തില്‍ വൃത്തഭംഗം നിരര്‍ത്ഥകത ഭാഷാപരമായ വൈകല്യം മുതലായ ദോഷങ്ങളൊന്നും ഇല്ലാതെ രചിക്കപ്പെട്ട ശ്ലോകങ്ങള്‍ മാത്രമാണല്ലോ സ്വീകരിക്കപ്പെടുന്നത്. അത്തരം ഒരു ശ്ലോകത്തിന്റെ നിലവാരം എത്ര താഴ്ന്നാലും ഒരു പരിധിയിലധികം താഴോട്ടു പോകുകയില്ല. അത്തരത്തില്‍ ഒരു മിനിമം നിലവാരം ധാരാളം മതി എന്നാണു പൂര്വികന്മാര് വിധിച്ചിട്ടുള്ളത്. മിനിമംനിലവാരം ഉള്ളവയെ എല്ലാം തുല്യമായി പരിഗണിക്കാം. മഹത്തായ കൊടുങ്ങല്ലൂര്‍ കളരിയില്‍ പോലും സാഹിത്യമൂല്യം അളക്കാതെയാണു മത്സരങ്ങള്‍ നടത്തിയിരുന്നത്. അവിടെ നിലവാരം കുറഞ്ഞുപോയതായി ആരുംതന്നെ പരാതിപ്പെട്ടിട്ടില്ല.
നിലവാരത്തെപ്പറ്റി ചിന്തിച്ചു തല പുണ്ണാക്കുന്നവര്‍ ജനാധിപത്യത്തില്‍ വോട്ടര്‍മാരുടെ നിലവാരം ഉറപ്പുവരുത്തുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കുന്നതു നന്നായിരിക്കും. വോട്ടു ചെയ്യുന്നവര്‍ക്കു വിവേകം അഥവാ തിരിച്ചറിവ് ഉണ്ടായിരിക്കണം എന്ന കാര്യം നിര്‍ബ്ബന്ധമാണ്. ഇതെങ്ങനെയാണ് ഉറപ്പുവരുത്തുക? താഴെപ്പറയുന്ന യോഗ്യതകളെല്ലാം ഉള്ള ഏതൊരാള്‍ക്കും വോട്ടു ചെയ്യാനുള്ള മിനിമം തിരിച്ചറിവുണ്ടായിരിക്കും എന്നാണു സങ്കല്പം.
…..1. മനുഷ്യനായിരിക്കണം
…..2. പ്രായപൂര്‍ത്തിയായിരിക്കണം
…..3. കലശലായ ഭ്രാന്തുണ്ടായിരിക്കരുത്
…..4. കടുത്ത ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുള്ള ആളായിരിക്കരുത്
ഇതെല്ലാം ഒത്തിണങ്ങിയ ഒരാള്‍ ഒരു പക്ഷേ ഒരു മരമണ്ടനായിരിക്കാം. നിരക്ഷരകുക്ഷിയായിരിക്കാം. ഇന്ത്യയുടെ തലസ്ഥാനം എതെന്നുപോലും അറിഞ്ഞുകൂടാത്ത കൂപമണ്ഡൂകമായിരിക്കാം. എങ്കിലും അയാളുടെ വോട്ടിനു പൂര്‍ണമൂല്യം ഉണ്ട്. അവിടെ എന്തിന്റെയെങ്കിലും മൂല്യം അളന്നു മാര്‍ക്കിടേണ്ട യാതൊരാവശ്യവും ഇല്ല. അങ്ങനെ മാര്ക്കിട്ടില്ലെങ്കിലും ജനാധിപത്യത്തിന്റെ നിലവാരം താഴ്ന്നു താഴ്ന്നു പോകുകയോ ആകാശം ഇടിഞ്ഞുവീഴുകയോ ചെയ്യുകയില്ല.
ചോദ്യം 2
അക്ഷരശ്ലോകം കലയാണോ?
-എന്‍. കെ. കൃഷ്ണന് നായര്‍ , കരിയം.
ഉത്തരം:
അല്ല. അത് ഒരു വിനോദം മാത്രമാണ്. അക്ഷരശ്ലോകത്തിന്റെ നിയമങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ അതു വ്യക്തമാകും. ഭാഷാവൃത്തങ്ങള്‍ പാടില്ല. അക്ഷരം നോക്കി ശ്ലോകം ചൊല്ലണം. അനുഷ്ടുപ്പ് ഒഴിവാക്കണം. ഇത്തരം നിയമങ്ങള്‍ ലോകത്ത് ഒരു കലയിലും കാണാന്‍ കഴിയുകയില്ല. ചോദ്യത്തിനു വ്യക്തമായ ഉത്തരം വളരെ പണ്ടുതന്നെ സ്വാമി കേശവാനന്ദ സരസ്വതി ശ്ലോകരൂപത്തില്‍ നല്‍കിയിട്ടുണ്ട്.
ശ്ലോകമോതുവതിനെക്കലയെന്നാ-
യാര് കഥിച്ചു? ചില ബോധവിഹീനര്.
സ്വീകരിക്കുമിവരോതുവതെല്ലാം
ധീ കുറഞ്ഞ പടുവങ്കജനൌഘം.
സംഗീതം നൃത്തം മുതലായ കലകളുടെ കൂട്ടത്തില്‍ അക്ഷരശ്ലോകത്തെ പെടുത്താനാവില്ല. അതു ചീട്ടുകളി ചതുരംഗം മുതലായ വിനോദങ്ങളുടെ കൂട്ടത്തിലാണ് പെടുക. നിയമങ്ങള്‍ക്കു സാമ്യം അവയോടാണ്.
അക്ഷരശ്ലോകം കലയാണെന്ന് ഉറച്ചു വിശ്വസിക്കുകയും ഘോരഘോരം വാദിക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്ക് അനുകൂലമായ ചില വസ്തുതകളും ഉണ്ട്. പുരാതനഭാരതീയര്‍ 64 കലകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയപ്പോള്‍ അതില്‍ അക്ഷരശ്ലോകത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടത്രേ. കലയാക്കിയാല്‍ അവിടെ പ്രാധാന്യം സദസ്യരെ ആഹ്ലാദിപ്പിക്കലിനാകും. അതിനു വേണ്ട ശബ്ദസൌകുമാര്യം സംഗീതപാടവം മുതലായവ ഉള്ള അക്ഷരശ്ലോകക്കാര്‍ക്ക് അക്ഷരശ്ലോകം കലയാണെന്നു പറഞ്ഞുകേള്ക്കാനാകും താല്പര്യം. കലയാണെന്നു സ്ഥാപിച്ചുകിട്ടാന്‍ വേണ്ടി അവര്‍ ഏതറ്റം വരെയും പോകും. ഉന്നതന്മാരായ ജഡ്ജിവര്യന്മാരെയും ധനാഢ്യന്മാരായ ആസ്വാദകവരേണ്യന്മാരെയും കൂട്ടുപിടിച്ചുകൊണ്ട് സാധാരണക്കാരായ അക്ഷരശ്ലോകക്കാരെയെല്ലാം കലയുടെ പേരും പറഞ്ഞ് എലിമിനേറ്റു ചെയ്തിട്ടു സ്ഥാനമാനങ്ങള്‍ മുഴുവന്‍ സ്വന്തമാക്കാന്‍ അവര്‍ക്കു യാതൊരു മടിയും ഉണ്ടാവുകയില്ല. അക്ഷരശ്ലോകം കലയാണെന്നു സ്ഥാപിച്ചെടുത്താല്‍ അവര്‍ക്കു ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാകും. അതിനാല്‍ ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന നിലപാട് അവര്‍ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ഏതു കലയുടെയും പരമമായ ലക്ഷ്യം മറ്റുള്ളവരെ ആഹ്ലാദിപ്പിക്കല്‍ ആണ്. അക്ഷരശ്ലോകത്തിന്റെ എല്ലാ നിയമങ്ങളും ഈ ലക്ഷ്യത്തിനു വിലങ്ങുതടിയായി നില്ക്കുന്നവയാണ്. ശ്ലോകം ചോല്ലലിനെ ശരിക്കും ഒരു കലയാക്കി മാറ്റണമെങ്കില്‍ അക്ഷരശ്ലോകത്തിന്റെ എല്ലാ നിയമങ്ങളും റദ്ദു ചെയ്യേണ്ടി വരും.
ചോദ്യം 3
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി എന്ന ശ്ലോകം ചൊല്ലാന്‍ പാടുണ്ടോ? അതു കല്യാണി എന്ന ഭാഷാവൃത്തമല്ലേ?
-വി.എം.കെ. നമ്പൂതിരി, കുട്ടംപേരൂര്‍
ഉത്തരം:
കല്യാണി വൃത്തത്തിലുള്ള ശ്ലോകങ്ങള്‍ ചൊല്ലാന്‍ യാതൊരു തടസ്സവും ഇല്ല. യഥാര്‍ത്ഥത്തില്‍ അതൊരു കുറ്റമറ്റ സംസ്കൃതവൃത്തമാണ്. വൃത്തമഞ്ജരിയില്‍ സംസ്കൃതവൃത്തമായി കാണിച്ചിട്ടില്ല എന്നേ ഉള്ളൂ. സംസ്കൃതത്തില്‍ അതിനു വിധ്വങ്കമാല എന്നാണു പേര്. വിധ്വങ്കമാലയ്ക്കു തം തം ത ഗം ഗം എന്നു കുട്ടിക്കൃഷ്ണമാരാരുടെ വൃത്തശില്പത്തില്‍ ലക്ഷണവും പറഞ്ഞിട്ടുണ്ട്. പേരുള്ളതും ഇല്ലാത്തതും ആയ ലക്ഷക്കണക്കിനു സംസ്കൃതവൃത്തങ്ങള്‍ ഉണ്ട്. നാലു വരിയിലും ഗുരുലഘുക്രമം ഒരുപോലെ വന്നാല്‍ ഏതു ഭാഷാവൃത്തവും അവയില്‍ ഒന്നാകും. ഭാഷാകവികള്‍ ധാരാളമായി ഉപയോഗിച്ചതു കൊണ്ടു മാത്രമാണു കല്യാണി ഭാഷാവൃത്തങ്ങളുടെ കൂട്ടത്തില്‍ അകപ്പെട്ടുപോയത്. ഭുജംഗപ്രയാതം എന്ന പ്രസിദ്ധ സംസ്കൃതവൃത്തത്തിന്റെ ആദ്യാക്ഷരം ഉപേക്ഷിച്ചാല്‍ കല്യാണി(വിധ്വങ്കമാല) ആകും.
ചോദ്യം 4
ഏകാക്ഷരമത്സരങ്ങള്‍ നടത്താന്‍ ജഡ്ജിമാര്‍ എന്തിനാണ്? ജഡ്ജിമാര്‍ ഇല്ലാതെ തന്നെ നടത്താവുന്നതല്ലേ ഉള്ളൂ?
-കെ.പി.സി. നാരായണന് ഭട്ടതിരിപ്പാട്, പെരുവനം
ഉത്തരം:
എത്ര ലളിതമായ മത്സരമായാലും തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. തര്‍ക്കവിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അഭിജ്ഞനായ ഒരു അധികാരസ്ഥന് ഏതു മത്സരത്തിനും ആവശ്യമാണ്. മുന്‍ ചോദ്യത്തില്‍ തന്നെ ഒരു തര്‍ക്കവിഷയം പ്രതിപാദിക്കപ്പെടുന്നുണ്ടല്ലോ. അതുപോലെ നൂറുകണക്കിനു തര്‍ക്കവിഷയങ്ങള്‍ ഉണ്ടാകാം. സുവ്യക്തവും കിറുകൃത്യവും ആയ നിയമങ്ങളുള്ള ചതുരംഗമത്സരങ്ങളില് പോലും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അവ പരിഹരിക്കാന്‍ ആര്‍ബിറ്റര്‍മാര്‍ എന്ന പേരില്‍ നിയന്താക്കളും ഉണ്ട്.
ചോദ്യം 5
ഞാന്‍ ധാരാളം അക്ഷരശ്ലോകമത്സരങ്ങളില്‍ പങ്കെടുത്തു. എത്ര അദ്ധ്വാനിച്ചിട്ടും ജയിക്കാന്‍ കഴിഞ്ഞില്ല. എല്ലാ മത്സരങ്ങളിലുംപെണ്കുട്ടികള് മാത്രമാണു ജയിച്ചത്. ഞാന്‍ ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കണമോ?
-ഒരു ആണ്‍കുട്ടി
ഉത്തരം:
തീര്‍ച്ചയായും പങ്കെടുക്കണം. യഥാര്‍ത്ഥ അക്ഷരശ്ലോകമത്സരങ്ങള്‍ എവിടെയുണ്ടെന്ന് അന്വേഷിച്ചു കണ്ടുപിടിച്ചു പങ്കെടുത്താല്‍ അര്‍ഹിക്കുന്ന സമ്മാനം നിശ്ചയമായും കിട്ടും. അതാണ് അക്ഷരശ്ലോകത്തിന്റെ മഹത്വം. അക്ഷരശ്ലോകം എന്ന പേരില്‍ നടത്തപ്പെടുന്ന ശ്ലോകപ്പാട്ടുമത്സരങ്ങളില് പങ്കെടുത്താലാണ് ഇത്തരം നിരാശാജനകമായ അനുഭവങ്ങള്‍ ഉണ്ടാകുന്നത്.
ചോദ്യം 6
ഇരുപത്തിനാലുവൃത്തത്തിലെയും പതിന്നാലുവൃത്തത്തിലെയും ശ്ലോകങ്ങള്‍ ചൊല്ലാന്‍ പാടുണ്ടോ? — എന്‍.കെ.കൃഷ്ണന് നായര്‍, കരിയം
ഉത്തരം:
പാടുണ്ട്. ഈ ഗ്രന്ഥങ്ങളില്‍ ധാരാളം നല്ല ശ്ലോകങ്ങള്‍ ഉണ്ട്. വൃത്തഭംഗം പോലെയുള്ള ദോഷങ്ങലുള്ള ചില ശ്ലോകങ്ങളും ഉണ്ട്. നല്ലവ തെരഞ്ഞെടുത്തിട്ടു മോശപ്പെട്ടവ ഉപേക്ഷിച്ചാല്‍ മതി. ഒരു കവിയുടെ നിലവാരം കുറവാണെന്നുവച്ച് അയാളുടെ രചനകള്‍ക്കു മുഴുവനായി വിലക്കു കല്‍പ്പിക്കേണ്ട ആവശ്യമില്ല.
ചോദ്യം 7
അക്ഷരശ്ലോകമത്സരവും ശ്ലോകപ്പാട്ടുമത്സരവും തമ്മില്‍ ഉള്ള വ്യത്യാസം എന്താണു്? — ഒരു ശ്രോതാവ്
ഉത്തരം: പി.ലീലയും ശങ്കുണ്ണിക്കുട്ടന്‍ മാസ്റ്ററും നാരായണീയ ശ്ലോകങ്ങള്‍ അക്ഷരശ്ലോക രീതിയില്‍ ചൊല്ലുന്നു എന്നു വയ്ക്കുക. ഒരു നാരായണീയപ്രേമി ജഡ്ജിയായി ഇരുന്നു മാര്‍ക്കിടുന്നു എന്നും വയ്ക്കുക. പി.ലീല ജയിക്കുന്നു എങ്കില്‍ അതു ശ്ലോകപ്പാട്ടു മത്സരമാണ്. ശങ്കുണ്ണിക്കുട്ടന്‍ മാസ്റ്റര്‍ ജയിക്കുന്നു എങ്കില്‍ മാത്രമേ അതു അക്ഷരശ്ലോക മത്സരം ആവുകയുള്ളൂ. ഇത്തരത്തില്‍ പരിശോധിച്ചാല്‍ മാര്‍ക്കിടല്‍ ഉള്ള മിക്ക മത്സരങ്ങളും ശ്ലോകപ്പാട്ടുമത്സരങ്ങള്‍ ആണെന്നു കാണാവുന്നതാണ്.
ശ്ലോകങ്ങള്‍ വിദഗ്ദ്ധമായി ചൊല്ലാന്‍ കഴിവുള്ളവരും വിദഗ്ദ്ധമായി പാടാന്‍ കഴിവുള്ളവരും ഉണ്ട്. പാടാന്‍ കഴിവുള്ളവരായിരിക്കും എപ്പോഴും ജഡ്ജിമാരുടെ പ്രീതിക്കു പത്രമാവുക. അതിനാല്‍ മാര്‍ക്കിട്ടാല്‍ ഒരിക്കലും സാധാരണക്കാരായ ചൊല്ലുകാര്‍ക്ക് നീതി ലഭിക്കുകയില്ല. അതുകൊണ്ടാണ് അക്ഷരശ്ലോക മത്സരങ്ങളില്‍ മാര്‍ക്കിടാന്‍ പാടില്ല എന്നു പറയുന്നത്.
ചോദ്യം 8
മാര്‍ക്കിടല്‍ ആണോ എലിമിനേഷന് ആണോ ആദ്യം ഉണ്ടായത്? — ഒരു ചരിത്രകുതുകി
ഉത്തരം : അവിശ്വസനീയമായ വിരോധാഭാസം ആയി തോന്നാം എങ്കിലും എലിമിനേഷന് ആണ് ആദ്യം ഉണ്ടായത്. എലിമിനേഷന് ഉണ്ടായത് 1955ല്‍ ആണ്. പുത്തേഴത്തു രാമന് മേനോന് ആണ് ഇതിന്റെ ഉപജ്ഞാതാവ്. മോശപ്പെട്ട ശ്ലോകങ്ങള്‍ മോശപ്പെട്ട ശൈലിയില്‍ ചൊല്ലുന്നവരെ ജഡ്ജിമാര്‍ നോട്ടപ്പുള്ളികളായി മനസ്സില്‍ സൂക്ഷിക്കും. ഓരോ ഇടവേള കഴിയുമ്പോഴും അവരെ എലിമിനേറ്റു ചെയ്യും. എലിമിനേഷനെ അതിജീവിച്ച ഏതാനും പേരുടെ കൂട്ടത്തില്‍നിന്നു ഏറ്റവും ഇഷ്ടപ്പെട്ടവരെ വിജയികളായി പ്രഖ്യാപിക്കും. ജയിക്കണമെങ്കില്‍ ജഡ്ജിമാരുടെ പ്രീതിക്കു പാത്രമാകണമെന്നു ചുരുക്കം. തൃശ്ശൂരില്‍ ആരും ഈ പുതിയ പരിഷ്കാരത്തെ ചോദ്യംചെയ്തില്ല. രാമന് മേനോന് ഇതിന്റെ പേരില്‍ എന്തെങ്കിലും ദുരനുഭവം ഉണ്ടായതായി അറിവില്ല. രാമന് മേനോന്റെ പിന്‍ഗാമിയായി വന്ന എന്‍.ഡി. കൃഷ്ണനുണ്ണിയും ഈ പരിപാടി തുടര്‍ന്നു. പക്ഷേ എലിമിനേറ്റു ചെയ്യപ്പെട്ടവരില്‍ നിന്നും തോറ്റവരില്‍ നിന്നും അദ്ദേഹത്തിനു കണക്കിനു ശകാരം കിട്ടി. ശകാരിച്ച എണ്ണമറ്റ വിദഗ്ദ്ധന് മാരില്‍ ഒരാള്‍ കുഞ്ഞുകുഞ്ഞു ആദിശ്ശര്‍ ആയിരുന്നു. തിരുവിതാംകൂര്‍ ഭാഗത്തെ അക്ഷരശ്ലോക വിദഗ്ദ്ധന്മാരില് അഗ്രഗണ്യന്‍ എന്ന ഖ്യാതി ഉണ്ടായിരുന്ന ഇദ്ദേഹം അജയ്യനും മുടിചൂടാമന്നനും ഒക്കെയായി കരുതപ്പെട്ടിരുന്നു. അങ്ങനെയുള്ള അദ്ദേഹത്തെയാണു കൃഷ്ണനുണ്ണി നിസ്സാരന് എന്നു വിധിച്ച് എലിമിനേറ്റു ചെയ്തത്. പോരേ പൂരം? അന്നു കിട്ടിയ ശകാരത്തിനു കണക്കും കയ്യും ഇല്ല. അതു പോലെ പലരില്‍ നിന്നും കിട്ടി. എങ്കിലും ഉണ്ണി മാസ്റ്റര്‍ പ്രവര്‍ത്തനശൈലി മാറ്റിയില്ല. രാമന് മേനോന് ആകാമെങ്കില്‍ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ? ഇതില്‍ തെറ്റൊന്നും ഇല്ലല്ലോ. ഇതു സദുദ്ദേശപ്രേരിതമായ പുരോഗമനം അല്ലേ? ഇങ്ങനെയൊക്കെയാണ് അദ്ദേഹം ചിന്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യനായ ശങ്കുണ്ണിക്കുട്ടന്‍ മാസ്റ്റര്‍ക്ക് അല്പം പന്തികേടു തോന്നി. വഴിയേ പോകുന്ന ശകാരത്തെയെല്ലാം വിളിച്ചു വരുത്തുന്ന ശൈലിയുടെ ദൂഷ്യഫലങ്ങളില്‍ നിന്നു ഗുരുവിനെ രക്ഷിക്കാന്‍ ഒരു വഴിക്കു വേണ്ടി തല പുകഞ്ഞ് ആലോചിച്ചു. ശൈലി മൂഢമാണെന്നും അതുകൊണ്ട് അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ഗുരുവിനോടു തുറന്നു പറഞ്ഞാല്‍ മതിയായിരുന്നു. ഗുരുനാഥന്റെ അപ്രിയം ഭയന്നിട്ടാകാം അദ്ദേഹം അങ്ങനെ പറയാന്‍ മടിച്ചു. ഗുരുവിന്റെ പ്രവര്‍ത്തനശൈലിയെ ഒന്നു വെള്ള പൂശി എടുക്കാനുള്ള സൂത്രപ്പണിയാണ് അദ്ദേഹം നോക്കിയത്. അങ്ങനെ ശങ്കുണ്ണിക്കുട്ടന്‍ മാസ്റ്റര്‍ ഏര്‍പ്പെടുത്തിയ മറ്റൊരു പുതിയ പരിഷ്കരമാണ് മാര്‍ക്കിടല്‍. സര്വ്വജ്ഞന്മാരായ മൂന്നു ജഡ്ജിമാര്‍ ഇരുന്നു സാഹിത്യമൂല്യം അവതരണഭംഗി ആസ്വാദ്യത മുതലായ മഹത്തായ കാര്യങ്ങള്‍ അളന്നു മാര്‍ക്കിടണം.മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് എലിമിനേഷന് എന്നു പറഞ്ഞാല്‍ എലിമിനേറ്റു ചെയ്യപ്പെടുന്നവര്‍ മിണ്ടാതെ പൊയ്ക്കൊള്ളും. അഥവാ എന്തെങ്കിലും വിമര്‍ശനം വന്നാല്‍ സര്വ്വജ്ഞന് മാരുടെയും മാര്‍ക്കിടല്‍ പ്രസ്ഥാനത്തിന്റെയും മഹത്വം വിശദീകരിച്ചു കൊടുത്താല്‍ മതി.
ചോദ്യത്തിനുള്ള ഉത്തരം ആയി. എങ്കിലും മാര്‍ക്കിടല്‍ പ്രസ്ഥാനം വന്നതോടുകൂടി ശകാരം അവസാനിച്ചോ? എന്ന ഉപചോദ്യം വരാം എന്നതുകൊണ്ട് അതിനും കൂടി ഉത്തരം പറയുന്നു.
“ശങ്കുണ്ണിക്കുട്ടന്റെ മൂല്യനിര്‍ണ്ണയം”, “അഖിലകേരള അക്ഷരശ്ലോക പരിഷത്തിന്റെ മൂല്യനിര്‍ണ്ണയം” എന്നൊക്കെ കൊട്ടി ഘോഷിക്കപ്പെടുന്ന മാര്‍ക്കിടല്‍ പ്രസ്ഥാനം വന്നിട്ടും ശകാരത്തിനു കുറവൊന്നും ഉണ്ടായില്ല. ഇഷ്ടപ്പെടാത്തവരെ എലിമിനേറ്റു ചെയ്യുകയും ഇഷ്ടപ്പെട്ടവരെ ജയിപ്പിക്കുകയും ചെയ്യുക എന്ന അടിസ്ഥാനപരമായ പ്രവര്‍ത്തനശൈലി എങ്ങനെയെല്ലാം വെള്ള പൂശിയാലും ബുദ്ധിശക്തിയും ചിന്താശക്തിയും ഉള്ളവരെ കബളിപ്പിക്കാന്‍ പര്യാപ്തം ആവുകയില്ല. സ്വാമി കേശവാനന്ദസരസ്വതി എന്ന അതിവിദഗ്ദ്ധനായ ഒരു മത്സരാര്‍ഥിയെ തൃശ്ശൂര്‍ പൂരം മത്സരത്തില്‍നിന്നു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എലിമിനേറ്റു ചെയ്തു. ആദിശ്ശരില് നിന്നു കിട്ടിയതിനേക്കാള്‍ കടുത്ത ശകാരമാണു സ്വാമിയില്‍ നിന്നു കിട്ടിയത്. പുതുമോടിക്കാരെയും അവരുടെ പരിഷ്കാരത്തെയും കഠിനമായി ശകാരിക്കുന്ന നൂറില്‍പരം ശ്ലോകങ്ങള്‍ ഉള്ള ഒരു പുസ്തകം തന്നെ അദ്ദേഹം എഴുതി. പുസ്തകത്തിന്റെ പേരു “ശകാരശതകം”. ആദ്യശ്ലോകം തന്നെ മൂഢന്മാര് എന്നാണു തുടങ്ങുന്നത്. ഉദ്ധതന്, അന്ധന്, ധൃഷ്ടന്, മഠയന്‍, ഖലന്‍ , ശഠന്‍, ദുഷ്ടന്, മുട്ഠാളന്, ബോധഹീനന്‍, തണ്ടന്‍ ഇങ്ങനെയുള്ള വാക്കുകള്‍ നിര്‍ലോഭമായി ഉപയോഗിച്ചിട്ടുണ്ട്. “ശങ്കുണ്ണിക്കുട്ടന്റെ മൂല്യനിര്‍ണ്ണയം” എന്ന ഉമ്മാക്കി കാട്ടി പേടിപ്പിച്ചാല്‍ എലിമിനേറ്റു ചെയ്യപ്പെടുന്ന എല്ലാവരും മിണ്ടാതെ തിരിച്ചു പൊയ്ക്കൊള്ളും എന്ന പ്രതീക്ഷ അസ്ഥാനത്താണ് എന്നു തെളിഞ്ഞു. മൂല്യനിര്‍ണ്ണയം ശങ്കുണ്ണിക്കുട്ടന്റെയല്ല ദേവേന്ദ്രന്റെ തന്നെ ആയാലും അക്ഷരശ്ലോകത്തില്‍ മൂല്യം കുറഞ്ഞുപോയി എന്നു പറഞ്ഞു മത്സരാര്‍ഥികളെ എലിമിനേറ്റു ചെയ്യുന്നതു നിയമവിരുദ്ധമാണ്. ആദിശ്ശരെയും സ്വാമിയെയും പോലെയുള്ളവരെ എലിമിനേറ്റു ചെയ്താല്‍ ശകാരം കിട്ടുക തന്നെ ചെയ്യും. കൊള്ളരുതായ്മയെ എത്ര വെള്ള പൂശിയാലും ബുദ്ധിയുള്ളവര്‍ അതു കൊള്ളരുതായ്മ ആണെന്നു തിരിച്ചറിയും. അതിനാല്‍ കൊള്ളരുതായ്മ കാണിക്കാതിരിക്കുന്നതാണ് ബുദ്ധിയും മാന്യതയും ഉള്ളവര്‍ക്കു ഭൂഷണം.
ചോദ്യം 9
നല്ല ശ്ലോകങ്ങള്‍ നന്നായി അവതരിപ്പിക്കുന്ന ഒരാള്‍ക്കു നിര്‍ഭാഗ്യവശാല്‍ ഒരു റൌണ്ടില്‍ ശ്ലോകം ചൊല്ലാന്‍ കിട്ടിയില്ല എന്നു വച്ച് അയാളെ പരാജിതന് എന്നു വിധിക്കേണ്ട ആവശ്യമുണ്ടോ? അയാള്‍ ചൊല്ലിയ ശ്ലോകങ്ങളുടെ മൂല്യവും അവതരണത്തിന്റെ ഭംഗിയും പരിഗണിച്ച് അയാളെ വിജയിപ്പിക്കുന്നതല്ലേ ശരിയായ സമീപനം? —
പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അക്ഷരശ്ലോകപ്രേമി
ഉത്തരം : ഇതിനുള്ള ഉത്തരം ദശാബ്ദങ്ങള്‍ക്കു മുമ്പു തന്നെ തിരുവനന്തപുരത്തെ അക്ഷരശ്ലോകാചാര്യന്‍ ആയിരുന്ന ശ്രീ. കെ. നാരായണന് പോറ്റി തന്നിട്ടുണ്ട്. അത് ഇവിടെ ആവര്‍ത്തിക്കുകയാണു. “ഇതു വെറും ശ്ലോകമല്ല; അക്ഷരശ്ലോകമാണ്.” എന്നു വച്ചാല്‍ അച്ചു മൂളിയവര്‍ പരാജയപ്പെട്ടേ മതിയാവൂ എന്നര്‍ത്ഥം. ക്രിക്കറ്റ് കളിയില്‍ വിക്കറ്റ് തെറിച്ചു പോയാല്‍ ബാറ്റ്സ്മാന് പുറത്തു പോയേ മതിയാവൂ. കളിക്കാരന് സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ തന്നെ ആയാലും അക്കാര്യത്തില്‍ ദാക്ഷിണ്യത്തിനു പഴുതില്ല.
ചോദ്യം 10
ഇത്ര മഹത്വം ഉണ്ടെന്നു പറയപ്പെടുന്ന അക്ഷരശ്ലോകം കള്ളത്തരം കാണിക്കാന്‍ ഏറ്റവും എളുപ്പമുള്ള ഒന്നല്ലേ? ഒരാള്‍ അയാള്‍ക്കു മാത്രം അറിയാവുന്ന ശ്ലോകങ്ങള്‍ അക്ഷരം മാറ്റി ചൊല്ലിയാല്‍ ആര്‍ക്കെങ്കിലും കണ്ടുപിടിക്കാന്‍ പറ്റുമോ? —ഡോ.കെ.എം. ജോസഫ്, കോട്ടയം
ഉത്തരം : ഈ പ്രശ്നം അക്ഷരശ്ലോകത്തിനു മാത്രം ഉള്ളതല്ല. ജീവിതത്തിന്റെ എല്ലാ തുറകളിലും ഉള്ളതാണ്. ഉദാഹരണത്തിനു ബാങ്കുകളുടെ പ്രവര്‍ത്തനം. മുക്കുപണ്ടം പണയം വയ്ക്കുന്നവരുമായി ഒത്തുകളിച്ചു ബാങ്കിന്റെ പണം തട്ടിയെടുക്കാന്‍ ബാങ്കു ജീവനക്കാര്‍ക്കു നിഷ്പ്രയാസം സാധിക്കും. അവര്‍ അങ്ങനെ ചെയ്യുകയില്ല എന്ന ഒരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുപോലെ അന്തസ്സുള്ള മത്സരാര്‍ഥികള്‍ അക്ഷരം മാറ്റി ചൊല്ലുകയില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അക്ഷരശ്ലോകവും മുന്നോട്ടു പോകുന്നത്.
ചോദ്യം 11
കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാന്‍ കഴിവില്ലാത്തവര്‍ക്ക് അക്ഷരശ്ലോകവിദഗ്ദ്ധന്മാര് ആകാന്‍ കഴിയുമോ?
ഉത്തരം: 1955 വരെ കഴിയുമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ കഴിയും. സ്വരമാധുര്യവും പാട്ടും ഉണ്ടായിരുന്നാല്‍ മതി. അതാണു “പുരോഗമനം”.
ചോദ്യം 12
ഏതു വൃത്തത്തില്‍ ഉള്ള കവിതയും എനിക്കു നന്നായി ചൊല്ലാന്‍ അറിയാം.പിന്നെ എന്തിനാണ് അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കണം എന്നു പറയുന്നത്? —വിജി മോഹന്‍, ദുബായ്
ഉത്തരം: നന്നായി ചൊല്ലുക എന്നതാണ് അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം എന്ന തെറ്റിദ്ധാരണയുടെ ഫലമാണ് ഈ ചോദ്യം.യുവജനോത്സവത്തിലെ അക്ഷരശ്ലോകമത്സരങ്ങള്‍ കണ്ടു വളര്‍ന്ന തലമുറയില്‍ പെട്ടവര്‍ക്ക് അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ. അക്ഷരശ്ലോകം ചൊല്ലുന്നവര്‍ എല്ലാവരും നന്നായി ചൊല്ലിക്കൊള്ളണമെന്നു യാതൊരു നിര്‍ബ്ബന്ധവും ഇല്ല. കവികളുടെയും പണ്ഡിതന്മാരുടെയും മിടുക്കു പരീക്ഷിക്കുന്ന ഒരു സാഹിത്യവിനോദം ആയിട്ടാണ് കേരളീയ അക്ഷരശ്ലോകം ആരംഭിച്ചത്. അക്കാലത്തു മിക്കവരും സ്വന്തമായി കവിതകള്‍ ഉണ്ടാക്കി ചൊല്ലുകയായിരുന്നു പതിവ്. പരീക്ഷയുടെ ഉന്നതനിലവാരം നിലനിര്‍ത്താന്‍ വേണ്ടി എളുപ്പമുള്ള പല വൃത്തങ്ങളും നിരോധിക്കേണ്ടി വന്നു. അങ്ങനെയാണ് അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും നിരോധിച്ചത് പിന്നീടു കവികള്‍ക്കും പണ്ഡിതന്മാര്ക്കും പുറമേ സാധാരണക്കാരും ഈ രംഗത്തേക്കു കടന്നു വന്നു. എങ്കിലും നിയമങ്ങളില്‍ മാറ്റം വരുത്തിയില്ല. വരുത്തുന്നത് ഉചിതവും അല്ല. അക്ഷരശ്ലോകത്തിന്റെ പ്രൌഢി നിലനില്ക്കണമെങ്കില് അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കിയേ മതിയാവൂ. നന്നായി ചൊല്ലാന്‍ അറിയാം എന്നു വച്ച് എന്തും ചൊല്ലാന്‍ അവസരം കിട്ടണം എന്നു പറയുന്നതു ശരിയല്ല.
ചോദ്യം 13
അക്ഷരശ്ലോകസ്പര്ദ്ധായാം തൃതീയപാദസ്യ പ്രഥമാക്ഷരം പശ്യന്തി വിധികര്ത്താരഃ. കിമര്‍ത്ഥം ഏവം? കിമപി കാരണം അസ്തി വാ? തദ്വദ് അനുഷ്ടുപ്പ് ഛന്ദഃ ന ഉപയുജ്യതേ. കേന കാരണേന അനുഷ്ടുപ്പ് വര്‍ജ്ജ്യം അസ്തി?
——————- ഏകഃ സംസ്കൃതവിദ്യാര്ത്ഥീ
ഉത്തരം : വ്യക്തതാര്ത്ഥം മലയാളഭാഷായാം ഉത്തരം വദാമി.
ധാരാളം ശ്ലോകങ്ങള്‍ അറിയാവുന്നവര്‍ക്ക് ആ അറിവ് ഉപയോഗപ്പെടുത്തി ജയിക്കാവുന്ന ഒരു വിനോദമത്സരമായിട്ടാണ് അക്ഷരശ്ലോകം ആരംഭിച്ചത്. പുരാതനകാലത്ത് ഇതിന്റെ പേര് അന്ത്യാക്ഷരി എന്നായിരുന്നു. ഒരാള്‍ ചൊല്ലുന്ന ശ്ലോകത്തിന്റെ അന്ത്യാക്ഷരം (നാലാം വരിയിലെ അവസാനത്തെ അക്ഷരം) കൊണ്ട് ആരംഭിക്കുന്ന മറ്റൊരു ശ്ലോകം അടുത്തയാള്‍ ചൊല്ലണം. ചൊല്ലാന്‍ പറ്റാത്തയാള്‍ പരാജയപ്പെടും. സ്വന്തമായി നിമിഷശ്ലോകങ്ങള്‍ ഉണ്ടാക്കിച്ചൊല്ലാനും അനുവാദമുണ്ട്. അനുഷ്ടുപ്പ് ശ്ലോകങ്ങള്‍ക്കു പണ്ടു നിരോധനം ഉണ്ടായിരുന്നില്ല.
1870 നോടടുപ്പിച്ചു കൊടുങ്ങല്ലൂര്‍ കളരിയിലെ കവികള്‍ മുന്‍പറഞ്ഞ നിയമങ്ങള്‍ സമഗ്രമായി പരിഷ്കരിച്ചു. അതിനുള്ള പ്രധാന കാരണം മലയാളവാക്കുകളുടെ അവസാനം ള്‍, ര്‍ മുതലായ വാക്കുകള്‍ വരുന്നതു കൊണ്ടുള്ള ദുര്‍ഘടം ആയിരുന്നു. മൂന്നാം വരിയുടെ ആദ്യാക്ഷരം എടുത്താല്‍ ഈ ദുര്‍ഘടം ഒഴിവാക്കാം.
അനുഷ്ടുപ്പ് ഒഴിവാക്കിയത് നിമിഷകവികളെ നിയന്ത്രിക്കാന്‍ ആണ്. സ്വന്തമായി ശ്ലോകങ്ങള്‍ ഉണ്ടാക്കി ചൊല്ലുന്നവര്‍ക്ക് ഏറ്റവും എളുപ്പമുള്ള വൃത്തമാണ് അനുഷ്ടുപ്പ്. അനുഷ്ടുപ്പ് അനുവദിച്ചാല്‍ ആരും പരാജയപ്പെടുകയില്ല എന്ന അവസ്ഥ കൊടുങ്ങല്ലൂര്‍ കളരിയില്‍ ഉണ്ടായി. അതുകൊണ്ട് അവര്‍ അനുഷ്ടുപ്പ് നിരോധിച്ചു.
അന്നു മാര്‍ക്കിടല്‍ ഉണ്ടായിരുന്നില്ല. ശ്ലോകം ചൊല്ലാതിരിക്കല് (അച്ചുമൂളല്‍) മാത്രമായിരുന്നു പരാജയകാരണം. അതുകൊണ്ട് ഈ രണ്ടു നിയമങ്ങള്‍ക്കും വലിയ പ്രസക്തി ഉണ്ടായിരുന്നു. ഇപ്പോള്‍ സ്കൂള്‍ യുവജനോത്സവങ്ങളിലും മറ്റും മാര്‍ക്കു മാത്രമാണു മാനദണ്ഡം. അപ്പോള്‍ ഈ നിയമങ്ങള്‍ക്കു പ്രസക്തി ഇല്ലാതായി. എങ്കിലും യാന്ത്രികമായി തുടരുന്നു. ഈ നിയമങ്ങള്‍ എന്തിനാണെന്നു പോലും കുട്ടികള്‍ക്ക് അറിയില്ല. അദ്ധ്യാപകരോടു ചോദിച്ചാല്‍ അവര്‍ക്കും വ്യക്തമായ ഉത്തരം നല്കാന് കഴിയുകയില്ല. പണ്ടേ അക്ഷരശ്ലോകം ചൊല്ലുന്നത് ഇങ്ങനെയാണ് എന്നു മാത്രമേ അവര്‍ക്കും പറയാന്‍ കഴിയൂ. മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ തുരുതുരെ അച്ചുമൂളിയവര്‍ ജയിക്കാറുണ്ട്. എങ്കിലും ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴും എന്ന് അവര്‍ ഭയപ്പെടുന്നു.
the slokas of ramayana,mahabharatha,hari namakeerthanam,etc… can we use for aksharaslokam
പുരാണശ്ലോകങ്ങള് പാടില്ല എന്നൊരഭിപ്രായം പണ്ടു ചിലര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ അത്തരം നിയന്ത്രണങ്ങള്‍ ഒന്നും ഇല്ല.വാല്മീകിരാമായണത്തിലും മഹാഭാരതത്തിലും ഒക്കെ അനുഷ്ടുപ്പ് അല്ലാത്ത പല ശ്ലോകങ്ങളും ഉണ്ട്. അവ ചൊല്ലാന്‍ യാതൊരു തടസ്സവും ഇല്ല. ഹരിനാമകീര്ത്തനതിലെ വൃത്തം ഭാഷാവൃത്തം ആണെന്നാണ് അഭിജ്ഞന്മാരുടെ അഭിപ്രായം.അതിനാല്‍ അതു സ്വീകാര്യമല്ല.
can we say the slokas of ramayana mahabaratha harinamakeerthanam etc
See answer above.