ഗുരുശിഷ്യസംവാദം

പരിഷ്കരിച്ച അക്ഷരശ്ലോകം പഠിപ്പിക്കുന്ന ഒരു ഗുരുവും അത് പഠിക്കുന്ന ഒരു ശിഷ്യനും തമ്മിലുള്ള സംഭാഷണമാണ് ഈ പേജിലെ വിഷയം.

ശിഷ്യന്‍ : പുരോഗമനപരമായ അക്ഷരശ്ലോകമത്സരങ്ങളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?

ഗുരു : ഉന്നതന്മാരുടെ പ്രീതിക്കു പാത്രമായാല്‍ ജയിക്കും. അല്ലെങ്കില്‍ തോല്‍ക്കും. ഇതാണ് ഏറ്റവും വലിയ പ്രത്യേകത.

ശി : ഉന്നതന്മാരുടെ പ്രീതിക്കു പാത്രമാകാന്‍ എന്തെല്ലാം വേണം?

ഗു : ശബ്ദസൗകുമാര്യം, ശബ്ദഗാംഭീര്യം, ശബ്ദശക്തി മുതലായ ശബ്ദഗുണങ്ങളില്‍ ഒന്നെങ്കിലും കൂടിയേ തീരൂ. സംഗീതഗന്ധിയായ ആലാപനശൈലി കൂടി ഉണ്ടെങ്കില്‍ സംഗതി കുറേക്കൂടി എളുപ്പമാകും.

ശി : യുവജനോത്സവത്തില്‍ പെണ്‍കുട്ടികള്‍ മാത്രം ജയിക്കുന്നത് എന്തുകൊണ്ടാണ്?

ഗു : അവരുടെ കിളിശബ്ദം മാര്‍ക്കിടുന്നവരെ വളരെയേറെ സ്വാധീനിക്കും. അതിനാല്‍ അവര്‍ക്കു കൂടുതല്‍ മാര്‍ക്കു കിട്ടും.

ശി : എലിമിനേഷന്‍ കൊണ്ടുള്ള ഗുണം എന്താണ്?

ഗു : നെല്ലില്‍ നിന്നു പതിരു വേര്‍തിരിച്ചു കളയുന്നതു പോലെയുള്ള ഒരു പ്രക്രിയയാണ് എലിമിനേഷന്‍. അക്ഷരശ്ലോകം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള കലാപരിപാടി ആയതുകൊണ്ട് അതിനുള്ള കഴിവില്ലാത്തവരെ പുറന്തള്ളിയാല്‍ മാത്രമേ കലാപരിപാടി ആസ്വാദ്യം ആവുകയുള്ളൂ. സ്വരമാധുര്യം, സംഗീതഗന്ധിയായ ആലാപനശൈലി ഇവയൊന്നും ഇല്ലാത്തവരെ എലിമിനേറ്റു ചെയ്താല്‍ ധരാളം ആസ്വാദകരെ കിട്ടും. അക്ഷരശ്ലോകത്തെ രംഗപ്രയോഗസാദ്ധ്യതയുള്ള ഒരു ശ്രേഷ്ഠകലയായി ഉയര്‍ത്തുക എന്നതാണ് എലിമിനെഷന്‍റെ ലക്ഷ്യം. സംഗീതമത്സരത്തില്‍ നന്നായി പാടാത്തവരെ പുറന്തള്ളുന്നതു പോലെ തന്നെയാണ് ഇതും.

ശി: കേരളത്തിലെ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആരാണ്?

ഗു: K.J.യേശുദാസ്. അദ്ദേഹത്തിന്‍റെ ശബ്ദം ശ്രോതാക്കളെ ആനന്ദസാഗരത്തില്‍ ആറാടിക്കും. സംഗീതമധുരമായ ആലാപനശൈലി ആസ്വാദകരെ പുളകം കൊള്ളിക്കും. സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു കൊടുക്കാന്‍ ഒരു പണ്ഡിതന്‍റെ സഹായം കൂടി ഉണ്ടെങ്കില്‍ അദ്ദേഹത്തെ വെല്ലാന്‍ ആര്‍ക്കും കഴിയുകയില്ല. അദ്ദേഹത്തിന്‍റെ ഒരേയൊരു പോരായ്മ ഉദാത്തം അനുദാത്തം സ്വരിതം ഇവയെപ്പറ്റി വലിയ ഗ്രാഹ്യമില്ല എന്നതാണ്. അതുകൂടി പരിഗണിച്ചാല്‍ K.P.C. അനുജന്‍ ഭട്ടതിരിപ്പാട് ആയിരിക്കും ഏറ്റവും വലിയ വിദഗ്ദ്ധന്‍.

ശി: ധിക്കാരത്തിന്‍റെ സുവിശേഷം എന്നാല്‍ എന്താണ്?

ഗു: “ഞങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ഞങ്ങള്‍ ജയിപ്പിക്കും. അല്ലാത്തവരെ ഞങ്ങള്‍ എലിമിനേറ്റു ചെയ്യും.” ഇതാണു ധിക്കാരത്തിന്‍റെ സുവിശേഷം. ഇതിനു “വമ്പിച്ച പുരോഗമനം” എന്നും പേരുണ്ട്.

ശി:- വിഡ്ഢിത്തത്തിന്‍റെ സുവിശേഷം എന്നാല്‍ എന്താണ്?

ഗു:- “സ്വരമാധുര്യവും പാട്ടും ഉള്ളവര്‍ അക്ഷരശ്ലോകം ചൊല്ലിയാല്‍  ശ്രോതാക്കള്‍ക്കു വളരെ ആസ്വാദ്യം ആയിരിക്കും. അതുകൊണ്ട് അത്തരക്കാര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കണം”. ഇതാണു വിഡ്ഢിത്തത്തിന്‍റെ സുവിശേഷം. ഇതും വമ്പിച്ച പുരോഗമനങ്ങളുടെ കൂട്ടത്തില്‍ പെടും.

ശി:- പണ്ടൊന്നും അച്ചു മൂളിയവരെ ജയിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് അത്തരക്കാരെ ജയിപ്പിക്കുന്നത്?

ഗു:- ശങ്കുണ്ണിക്കുട്ടന്‍റെ മൂല്യനിര്‍ണ്ണയം ബാധകമായ മത്സരങ്ങളില്‍ അച്ചു മൂളിയവരെ ജയിപ്പിക്കാം എന്നു ശങ്കുണ്ണിക്കുട്ടന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ.

ശി :- അക്ഷരശ്ലോകമത്സരങ്ങള്‍ എങ്ങനെ ആസ്വാദ്യമാക്കാം?

ഗു :- സ്വരമാധുര്യം അളന്നു മാര്‍ക്കിട്ടു കുറേപ്പേരെ ആദ്യം തന്നെ എലിമിനേറ്റു ചെയ്യുക. എന്നിട്ടു ബാക്കിയുള്ളവരുടെ കൂട്ടത്തില്‍ നിന്നു രാഗതാളമേളനത്തോടെ സംഗീതഗന്ധിയായി ചൊല്ലിയവരെ വിജയികളായി പ്രഖ്യാപിക്കുക. ഇങ്ങനെയായാല്‍ മത്സരം നടക്കുന്ന ഹാളുകള്‍ ആസ്വാദകരെക്കൊണ്ടു തിങ്ങി നിറയും.