കല്പിതകഥകള്‍

1. ആസ്വാദ്യമായ ഉപ്പ്

ഒരിടത്ത് ഒരു വലിയ വ്യവസായി ഉണ്ടായിരുന്നു. ജനോപകാരപ്രദമായ പല ഉല്‍പ്പന്നങ്ങളും രൂപകല്‍പ്പന ചെയ്തു നിര്‍മ്മിച്ചു വിപണനം ചെയ്യുന്ന കാര്യത്തില്‍ അപാര കഴിവുള്ള ആളാണെന്നു സ്വയം വിശ്വസിച്ചിരുന്ന അദ്ദേഹം പല നൂതന പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കി വന്നു. അതില്‍ ഒന്നാണ് ആസ്വാദ്യമായ ഉപ്പിന്റെ നിര്‍മ്മാണവും വിപണനവും.

അദ്ദേഹം നോക്കിയപ്പോള്‍ പഞ്ചസാര ടണ്‍  കണക്കിന് ഉല്‍പ്പാദിപ്പിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. പഞ്ചസാരയ്ക്ക് എപ്പോഴും ആവശ്യക്കാര്‍ ഉണ്ട്. എത്ര ഉല്‍പ്പാദിപ്പിച്ചാലും ചെലവാകും. പഞ്ചസാരയ്ക്കു വേണ്ടി ക്യൂ നില്‍ക്കുന്നവര്‍ ധാരാളമാണ്. പക്ഷേ ഉപ്പിന് അത്രത്തോളം ആവശ്യക്കാരില്ല. ഉപ്പ് ഉല്‍പ്പാദിപ്പിക്കാന്‍ എളുപ്പമാണെങ്കിലും അതു വാങ്ങാന്‍ ആളില്ല. എന്തുകൊണ്ടാണ് ഇത്? ഉപ്പിന് ആസ്വാദ്യത വളരെ കുറവായതു കൊണ്ടു തന്നെ. അതിനാല്‍ ഉപ്പിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിച്ചാല്‍ ആവശ്യക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കും. ലാഭവും കിട്ടും. ഇതാണ് അദ്ദേഹത്തിന്‍റെ അപാര ബുദ്ധിയില്‍ ഉദിച്ച നൂതനമായ ആശയം.

അങ്ങനെ അദ്ദേഹം ആസ്വാദ്യമായ ഉപ്പ് ഉണ്ടാക്കാന്‍ തുടങ്ങി. കടല്‍വെള്ളം കോരിക്കൊണ്ടു വന്ന് അതില്‍ കരിമ്പിന്‍ നീരു, കരിക്കിന്‍വെള്ളം, പാല്‍ മുതലായവ ഒരു നിശ്ചിത അളവില്‍ ചേര്‍ക്കുക. എന്നിട്ടു വറ്റിച്ചെടുക്കുക. അപ്പോള്‍ ആസ്വാദ്യമായ ഉപ്പു കിട്ടും. അങ്ങനെ ഉണ്ടാക്കിയ ഉപ്പ് അദ്ദേഹം മാര്‍ക്കറ്റു ചെയ്യാന്‍ തുടങ്ങി. മൂല്യബോധവും ആസ്വാദനശേഷിയും ഉള്ള ഉപഭോക്താക്കള്‍ അതു വാങ്ങാന്‍ മുന്നോട്ടു വരികയും ചെയ്തു. അത്തരം ഉപഭോക്താക്കളുടെ പോക്കറ്റില്‍ ഉള്ള പണമെല്ലാം വ്യവസായിയുടെ പെട്ടിയിലേക്ക് ഒഴുകി. വ്യവസായിയുടെ ബുദ്ധിയെയും അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തമായ പുതിയ ഉപ്പിന്റെ മൂല്യം ആസ്വാദ്യത മുതലായ ഗുണഗണങ്ങളെയും അവരെല്ലാം വാനോളം പുകഴ്ത്തുകയും ചെയ്തു.

ഗുണപാഠം :  ലോകത്തു മൂല്യബോധവും ആസ്വാദനശേഷിയും ഉള്ള ഉപഭോക്താക്കള്‍ വേണ്ടത്ര ഉള്ളിടത്തോളം കാലം ബുദ്ധിശക്തിയും അന്വേഷണത്വരയും കര്‍മ്മകുശലതയും ഉള്ള ഇത്തരം വ്യവസായികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതികള്‍ അഭൂതപൂര്‍വമായ വിജയം കൈവരിക്കുക തന്നെ ചെയ്യും.

2. റഫ്രിജറേറ്ററിനകത്തു ഹീറ്റിംഗ് കോയില്‍ ഫിറ്റു ചെയ്ത മഹാന്‍

ഒരിടത്തു മഹാബുദ്ധിമാനായ ഒരു എന്‍ജിനീയര്‍ ഉണ്ടായിരുന്നു. ഫ്രിഡ്ജില്‍ നിന്നു തണുത്ത ഭക്ഷണം മാത്രമേ കിട്ടൂ എന്നത് എക്കാലത്തും അദ്ദേഹത്തെ അലട്ടിയിരുന്നു. അദ്ദേഹത്തെ മാത്രമല്ല ഫ്രിഡ്ജ് ഉപയോഗിക്കുന്ന എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണല്ലോ അത്. ഭക്ഷണം ചൂടോടെ കഴിക്കാന്‍ ആണ് ഏവരും ആഗ്രഹിക്കുക. തണുത്തുറഞ്ഞ ഭക്ഷണം കഴിക്കാന്‍ ആരാണ് ഇഷ്ടപ്പെടുക?

മുന്‍പറഞ്ഞ എന്‍ജിനീയര്‍ തല പുകഞ്ഞ് ആലോചിച്ച് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി. ഫ്രിഡ്ജിനകത്ത് ഒരു ഹീറ്റിംഗ് കോയില്‍ ഫിറ്റു ചെയ്യുക. അങ്ങനെ ആയാല്‍ ഫ്രിഡ്ജ് തുറന്നാല്‍ ഉടന്‍ ചൂടുള്ള ഭക്ഷണം കിട്ടും.

അദ്ദേഹം അങ്ങനെയുള്ള റഫ്രിജറേറ്ററുകള്‍ നിര്‍മ്മിച്ചു വില്‍ക്കാന്‍ തുടങ്ങി. ചൂടുള്ള ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണാസ്വാദകന്‍മാര്‍ എല്ലാവരും അവ വാങ്ങി ഉപയോഗിക്കുകയും അദ്ദേഹത്തിന്‍റെ ബുദ്ധിശക്തിയെ വാനോളം പുകഴ്ത്തുകയും ചെയ്തു.

ഗുണപാഠം : ആസ്വാദകന്‍മാരുടെ അഭിലാഷം മനസ്സിലാക്കി അതിനനുസരിച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍ ഏത് ഉല്‍പ്പന്നത്തിന്റെയും വിപണിമൂല്യം വര്‍ദ്ധിക്കുകയും ധാരാളം ഗ്രാഹകരെ കിട്ടുകയും ചെയ്യും. ഗണ്യമായ ലാഭം ഉണ്ടാകുന്നതിനു പുറമേ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ മനസ്സിലാക്കിയ ഉപഭോക്താക്കളില്‍ നിന്നു മുക്തകണ്ഠമായ പ്രശംസയും ലഭിക്കും.

3. നീലക്കുറുക്കന്‍

നീലക്കുറുക്കന്‍റെ കഥ സുപ്രസിദ്ധമാണ്. അതു കേട്ടിട്ടില്ലാത്തവര്‍ വളരെ വിരളമായിരിക്കും. എങ്കിലും അത് ഇവിടെ ആവര്‍ത്തിക്കുകയാണ്. നമ്മുടെ സന്ദര്‍ഭത്തിലും സാഹചര്യത്തിലും അതിന് അത്രയ്ക്കു പ്രസക്തി ഉണ്ട്.

ഒരിടത്ത് ഒരു കുറുക്കന്‍ ഉണ്ടായിരുന്നു. ഇര തേടി നടക്കുന്നതിനിടയില്‍ അതിന് ഒരു അക്കിടി പറ്റി. ആരോ നീലച്ചായം കലക്കി വച്ചിരുന്ന ഒരു വലിയ തൊട്ടിയില്‍ അതു കാല്‍ വഴുതി വീണു. വല്ല വിധവും രക്ഷപ്പെട്ട് പുറത്തു വന്ന കുറുക്കന്റെ ശരീരം മുഴുവന്‍ നീല നിറം ആയിപ്പോയി. കുളത്തില്‍ ഇറങ്ങി കഴുകിക്കളയാന്‍ ശ്രമിച്ചെങ്കിലും ഒരുഫലവും ഉണ്ടായില്ല. വ്യസനത്തോടെ കുറുക്കന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. വഴിയില്‍ കണ്ട മറ്റു മൃഗങ്ങള്‍ കുറുക്കനെ അദ്ഭുതത്തോടെ നോക്കി. അവര്‍ പരസ്പരം ഇങ്ങനെ പറഞ്ഞു.  “ഇതാ ഒരു അദ്ഭുതമൃഗം. ഇതിന്‍റെ നിറം എത്ര ആകര്‍ഷകം ആയിരിക്കുന്നു! നമുക്കും ഇവന്റെ നിറം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!” ഇതു കേട്ടപ്പോള്‍ കൌശലക്കാരനായ കുറുക്കന്റെ മനസ്സില്‍ ഒരു പുതിയ ആശയം ഉദിച്ചു. അവന്റെ വിഷാദം എല്ലാം പമ്പ കടന്നു. അവന്‍ മറ്റു മൃഗങ്ങളുടെ മുമ്പില്‍ ധൈര്യപൂര്‍വ്വം ചെന്നു നിന്ന് ഇങ്ങനെ പറഞ്ഞു. ” ഞാനാണ്‌ ഇന്നു മുതല്‍ നിങ്ങളുടെ രാജാവ്‌. ദൈവം എന്നെ മൃഗരാജാവായി നിശ്ചയിച്ച് ഇങ്ങോട്ട് അയച്ചതാണ്”. സിംഹവും ആനയും കടുവയും ഉള്‍പ്പെടെ കാട്ടിലുള്ള മറ്റു മൃഗങ്ങള്‍ എല്ലാവരും അതു വിശ്വസിക്കുകയും നീലക്കുറുക്കനെ സിംഹാസനത്തില്‍ ഇരുത്തി ഭയഭക്തിബഹുമാനങ്ങളോടെ സേവിച്ചു പോരുകയും ചെയ്തു.

അപ്രതീക്ഷിതമായി കൈവന്ന തന്‍റെ രാജയോഗത്തില്‍ കുറുക്കന്‍ അത്യധികം സന്തോഷിച്ചു. യാതൊരു അല്ലലും അലട്ടും ഇല്ലാതെ സുഖജീവിതം നയിക്കാനും കാട്ടിലെ എല്ലാ മൃഗങ്ങളെയും അടക്കി ഭരിക്കാനും തുടങ്ങി. സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കാനും കുറുക്കന്‍മാരുടെ സ്വാഭാവിക ചേഷ്ടകള്‍ ഒന്നും കാണിക്കാതിരിക്കാനും നീലക്കുറുക്കന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതിനാല്‍ കുറുക്കന്റെ കൌശലത്തിന് അദ്ഭുതകരമായ ഫലപ്രാപ്തി ഉണ്ടായി.

പക്ഷേ കുറുക്കന്റെ രാജയോഗം അധികകാലം നീണ്ടു നിന്നില്ല. ഒരു ദിവസം മറ്റു കുറുക്കന്മാര്‍ ഓരിയിടുന്നതു കേട്ടപ്പോള്‍ നീലക്കുറുക്കനും അറിയാതെ ഓരിയിട്ടു പോയി. അതോടെ  സത്യാവസ്ഥ മറ്റു മൃഗങ്ങള്‍ക്കു ബോദ്ധ്യമായി. അവര്‍ കുറുക്കനെ സിംഹാസനത്തില്‍ നിന്നു വലിച്ചു താഴെ ഇടുകയും അടിച്ച് ഓടിക്കുകയും ചെയ്തു.

നീലക്കുറുക്കന്മാര്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉണ്ട്. വീണു കിട്ടിയതും വിലയില്ലാത്തതും ആയ ചില അനുകൂലസാഹചര്യങ്ങളെ മുതലാക്കി ഉന്നതപദവികള്‍ നേടി എടുക്കുകയും ചക്രവര്‍ത്തി ചമഞ്ഞു മറ്റുള്ളവരെ അടക്കി ഭരിക്കുകയും ചെയ്യുക എന്നത് അവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്. സത്യാവസ്ഥ മറ്റുള്ളവര്‍ക്കു ബോദ്ധ്യപ്പെടുന്നതു വരെ മാത്രമേ അവരുടെ രാജയോഗത്തിനും നിലനില്‍പ്പുള്ളൂ.

4. രാജാവിന്‍റെ ഫുട്ബാള്‍ ആസ്വാദനം

മന്ദപുരം എന്ന രാജ്യത്ത് ഉഗ്രശാസനന്‍ എന്ന ഒരു രാജാവ്‌ ഉണ്ടായിരുന്നു. അദ്ദേഹതിന്റെ ആജ്ഞകള്‍ അക്ഷരം പ്രതി നടപ്പാക്കപ്പെട്ടിരുന്നു. തിരുവായ്ക്ക് എതിര്‍വാ പറയാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. പറഞ്ഞാല്‍ തല പോകും.

അദ്ദേഹത്തിന്‍റെ രാജ്യത്ത് ആദ്യമായി ഒരു ഫുട്ബാള്‍ മത്സരം അരങ്ങേറി. തൃക്കണ്‍പാര്‍ക്കാന്‍ അദ്ദേഹം പരിവാരസമേതം എഴുന്നള്ളി. ഇരുപത്തിരണ്ടു കളിക്കാര്‍ ഉണ്ടെങ്കിലും പന്ത് ഒന്നേ ഉള്ളൂ എന്നു കണ്ട് അദ്ദേഹം കോപകുലനായി. നമ്മുടെ രാജ്യത്തു പന്തിന് ഇത്രയും ക്ഷാമമോ? ” ആരവിടെ?”. ഒരു ഭടന്‍ വിനയാന്വിതനായി പ്രവേശിക്കുന്നു. ഉഗ്രശാസനന്‍ ആജ്ഞാപിച്ചു. “ഉടന്‍ തന്നെ ഇരുപത്തിരണ്ടു പന്തു കൊണ്ടു വരട്ടെ”. ആജ്ഞ ശിരസാ വഹിക്കപ്പെട്ടു. ഓരോ കളിക്കാരനും ഓരോ പന്തു കൊടുത്ത ശേഷം ഉഗ്രശാസനന്‍ നിര്‍ദ്ദേശിച്ചു. “പന്തിനു വേണ്ടി നിങ്ങള്‍ ഇനി ഒട്ടും കഷ്ടപ്പെടേണ്ടതില്ല. സമാധാനമായി നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ പന്തുകളിവൈദഗ്ദ്ധ്യം പ്രകടിപ്പിക്കാം.” റഫറിമാര്‍ക്കും അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. “നിങ്ങള്‍ കളിക്കാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ ഉടനീളം ഓടി നടന്നു കഷ്ടപ്പെടേണ്ടതില്ല. ഗ്രൌണ്ടിന്റെ ഒരു വശത്തു മേശയും കസേരയും ഇട്ടു സ്വസ്ഥമായി ഇരുന്നു കളി ആസ്വദിക്കുക എന്നതാണു നിങ്ങളുടെ ചുമതല. ഓരോ കളിക്കാരനും അവതരിപ്പിക്കുന്ന കളിയുടെ മൂല്യം, ആസ്വാദ്യത, ശൈലി, ലാവണ്യം മുതലായ ഗുണങ്ങള്‍ അളന്നു നിങ്ങള്‍ മാര്‍ക്കിടണം. മാര്‍ക്കു കൂടിയവരെ വിജയികളായി പ്രഖ്യാപിക്കണം. ഗോള്‍ അടിച്ചാലും ഇല്ലെങ്കിലും അതു പരിഗണിക്കേണ്ട ആവശ്യമില്ല. മാര്‍ക്കാണു സര്‍വ്വപ്രധാനം എന്നു നാം ഉത്തരവായി തുല്യം ചാര്‍ത്തിയിരിക്കുന്നു.”

ആജ്ഞകള്‍ എല്ലാം അക്ഷരം പ്രതി പാലിക്കപ്പെട്ടു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ആ രാജ്യത്തു പരിഷ്കൃതം, പുരോഗമനപരം, മൂല്യവര്‍ദ്ധിതം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന പുതിയ തരം ഫുട്ബാള്‍ കളി നിലവില്‍ വന്നു. അത്യധികം ആസ്വാദ്യമായ അതിനു ധാരാളം ആരാധകരും ഉണ്ടായി. ഉഗ്രശാസനന്‍റെ ബുദ്ധിശക്തിയെയും മൂല്യബോധത്തെയും  ആസ്വാദനശേഷിയെയും ആ രാജ്യത്തെ പ്രജകള്‍ വാനോളം പുകഴ്ത്തി.

5. അതിബുദ്ധിമാന്‍ ആയ ചീഫ് എലെക്ഷന്‍ കമ്മീഷണര്‍

ഒരു രാജ്യത്തെ ചീഫ് എലെക്ഷന്‍ കമ്മീഷണര്‍ അതിബുദ്ധിമാന്‍ ആയിരുന്നു. ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന് ഒരു ഭൂതോദയം ഉണ്ടായി. ജനാധിപത്യത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കണം. ഉടന്‍ അദ്ദേഹം വോട്ടേഴ്സ് ലിസ്റ്റില്‍ സമൂലപരിവര്‍ത്തനം വരുത്തി. 50ല്‍ താഴെ ഐ.ക്യു. ഉള്ളവരെയും പ്രീ ഡിഗ്രി വരെയെങ്കിലും വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവരെയും ലിസ്റ്റില്‍ നിന്നും എലിമിനേറ്റു ചെയ്തു. വോട്ടെണ്ണുന്ന രീതിയിലും പരിഷ്കാരം വരുത്തി. ഓരോ വോട്ടറുടെയും ബുദ്ധിശക്തി, വിദ്യാഭ്യാസയോഗ്യത, രാഷ്ട്രീയപ്രബുദ്ധത മുതലായവ എല്ലാം അളന്നു മാര്‍ക്കിടും. വോട്ടിന്റെ എണ്ണം പരിഗണിച്ചല്ല മൊത്തം മാര്‍ക്കു പരിഗണിച്ചാണ് ഫലം പ്രഖ്യാപിക്കുക.

അങ്ങനെ ജനാധിപത്യത്തിന്റെ മൂല്യം പതിന്മടങ്ങു വര്‍ദ്ധിച്ചു. ജനങ്ങള്‍ അദ്ദേഹത്തിന്‍റെ ബുദ്ധിശക്തിയെയും ചിന്താശക്തിയെയും വാനോളം പുകഴ്ത്തി.

6. സായിപ്പിന്‍റെ നീതിബോധം

ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സായിപ്പ് കേരളത്തിലെ ഒരു നാട്ടിന്‍പുറത്തുകൂടി നടന്നു പോകുകയായിരുന്നു. വഴിക്ക് ഒരിടത്തു രണ്ടു മരംവെട്ടുകാര്‍ മുറിച്ചിട്ട മരം ഈര്‍ച്ചവാള്‍ കൊണ്ട് ഈരുന്നതു കണ്ടു. രണ്ടറ്റത്തും പിടിയുള്ള വലിയ ഈര്‍ച്ചവാളാണ്. ഓരോ അറ്റത്തും ഓരോ ആള്‍ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ശക്തിയായി വലിച്ചാണ് ഈരുന്നത്. ഒരാള്‍ തടിയനും മറ്റേ ആള്‍ മെലിഞ്ഞവനും
ആയിരുന്നു. അവരുടെ പ്രവൃത്തി കണ്ട സായിപ്പിനു തോന്നിയതു മെലിഞ്ഞവന്റെ വാള്‍ പിടിച്ചുപറിക്കാന്‍ തടിയന്‍ ശ്രമിക്കുന്നു എന്നും മെലിഞ്ഞവന്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ചു പ്രതിരോധിക്കുന്നു എന്നും ആണ്. സായിപ്പിന്‍റെ നീതിബോധം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സായിപ്പു നേരേ ചെന്നു തടിയന്റെ കരണത്തു നല്ല ഒരടി കൊടുത്തിട്ടു വാള്‍ പിടിച്ചുവാങ്ങി മെലിഞ്ഞവനു കൊടുത്തു. എന്നിട്ട് അയാളോട്
അനുകമ്പാപൂര്‍വ്വം ഇങ്ങനെ പറഞ്ഞു. “നീതിമാന്മാരായ ഞങ്ങള്‍ ഭരിക്കുമ്പോള്‍ ഇത്തരം തെമ്മാടികളെ ഒട്ടും പേടിക്കേണ്ടതില്ല. സമാധാനമായി വീട്ടില്‍ പൊയ്ക്കൊള്ളൂ”.

ഇതുപോലെയാണ് തൃശ്ശൂരിലെ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരുടെ നീതിബോധവും. അവര്‍ നോക്കിയപ്പോള്‍ അക്ഷരശ്ലോകമത്സരങ്ങളില്‍ സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ഭംഗിയില്ലാതെ ചൊല്ലുന്നവര്‍ ജയിക്കുന്നു. കാളിദാസന്റെയും മറ്റും ഉത്തമമുക്തകങ്ങള്‍ യേശുദാസ്
പാടുന്നതു പോലെ കര്‍ണ്ണാനന്ദകരമായ ഈണത്തിലും രാഗത്തിലും ഭംഗിയായി അവതരിപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കുന്ന അനുഗൃഹീതകലാകാരന്‍മാര്‍ തോല്‍ക്കുന്നു. പിന്നെ നീതിമാന്മാരായ അവര്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ? ഉടന്‍ തന്നെ അവര്‍ ഒരു
മൂല്യനിര്‍ണ്ണയരീതി ഏര്‍പ്പെടുത്തി. സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിടും. മാര്‍ക്കു കുറഞ്ഞവരെ ആദ്യം തന്നെ എലിമിനേറ്റു ചെയ്യും. മാര്‍ക്കു കൂടിയവരെ മാത്രമേ തുടര്‍ന്നു ചൊല്ലാന്‍ അനുവദിക്കുകയുള്ളൂ. അവരുടെ കൂട്ടത്തില്‍ നിന്ന് ശ്രോതാക്കളെ ഏറ്റവും ആഹ്ലാദിപ്പിച്ച ആളിനെ ജയിപ്പിക്കും. ഒന്നോ രണ്ടോ പ്രാവശ്യം അച്ചുമൂളിയാലും കുഴപ്പമില്ല.

തൃശ്ശൂര്‍ക്കാരുടെ ഈ പരിഷ്കൃത അക്ഷരശ്ലോകത്തെ മറ്റു ചിലര്‍ ഒന്നുകൂടി പരിഷ്കരിച്ചു ഗംഭീരം ആക്കുകയുണ്ടായി. അതില്‍ അച്ചുമൂളല്‍ ഒരു പ്രശ്നമേയല്ല. എത്ര പ്രാവശ്യം അച്ചുമൂളിയാലും ആരും പുറത്തുപോകേണ്ടതില്ല. അവസാനം മൊത്തം മാര്‍ക്കു കൂട്ടി നോക്കി മാര്‍ക്കു കൂടിയ ആളിനെ ജയിപ്പിക്കും. 20 റൌണ്ടുള്ള മത്സരത്തില്‍ വെറും 9 റൌണ്ടു മാത്രം ചൊല്ലിയ ആളിനെ
വേണമെങ്കിലും ജയിപ്പിക്കാം. സ്വരമാധുര്യം വേണമെന്നു മാത്രം. മാര്‍ക്കിന്റെ കണക്കു നോക്കുക: സ്വരമാധുര്യം ഇല്ലാത്ത ഒരാള്‍ സ്വന്തം ശ്ലോകങ്ങള്‍ ചൊല്ലി ഒരുറൌണ്ടില്‍ പോലും അച്ചുമൂളാതെ മത്സരം പൂര്‍ത്തിയാക്കി നേടിയ മാര്‍ക്കു 20 x 4 = 80 .
നല്ല സ്വരമാധുര്യവും പാട്ടും ഉള്ള ഒരു അനുഗൃഹീതഗായകന്‍ കാളിദാസന്റെ മുക്തകങ്ങള്‍ മനഃപാഠമാക്കി കൊണ്ടു വന്ന് 9 റൌണ്ടില്‍ മാത്രം ചൊല്ലി നേടിയ മാര്‍ക്ക് 9 x 9 = 81.

ഇങ്ങനെ പ്രതിഭാശാലികള്‍ ജയിക്കും. അര്‍ഹതയില്ലാത്ത പ്രതിഭാഹീനന്‍മാരില്‍ നിന്നു വിജയം പിടിച്ചെടുത്ത് അര്‍ഹതയുള്ള പ്രതിഭാശാലികള്‍ക്കു കൊടുക്കുന്നു. പ്രതിഭാശാലികള്‍ അച്ചുമൂളിയാലെന്ത്? മാര്‍ക്കു നേടി അവര്‍ പ്രതിഭ തെളിയിച്ചില്ലേ? നീതിബോധം പ്രകടിപ്പിക്കുന്നു എങ്കില്‍ അത് ഇങ്ങനെ വേണം.

7. രാജാവു കൊടുത്ത ശിക്ഷ

ഒരു ദിവസം ഒരു കഴുതയും ഒരു പുലിയും തമ്മില്‍ പുല്ലിന്‍റെ നിറത്തെപ്പറ്റി തര്‍ക്കിച്ചു.
കഴുത പറഞ്ഞു: പുല്ലിന്‍റെ നിറം നീലയാണ്.
പുലി പറഞ്ഞു: അല്ല; പുല്ലിന്‍റെ നിറം പച്ചയാണ്‌.
ഏറെ നേരം തര്‍ക്കിച്ചിട്ടും രണ്ടാള്‍ക്കും ഒരു സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അവര്‍ കാട്ടുരാജാവിന്‍റെ വിധി തേടാന്‍ തീരുമാനിച്ചു.
വിചാരണ ആരംഭിച്ചു. രണ്ടു പേരും അവരവരുടെ വാദങ്ങള്‍ വളരെ വിശദമായിത്തന്നെ അവതരിപ്പിച്ചു. കാഴ്ച്ചക്കാരായ മൃഗങ്ങള്‍ വിധി കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചിരുന്നു. ഒടുവില്‍ രാജാവു വിധി പറഞ്ഞു. പക്ഷേ അത് എല്ലാവരെയും നിരാശപ്പെടുത്തി.
പുലിക്ക് ഒരു മാസത്തെ കഠിനതടവ്‌! കഴുത നിരപരാധി ആയതിനാല്‍ വെറുതേ വിട്ടിരിക്കുന്നു!!
പുലി വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു: രാജാവേ! പുല്ലിന്‍റെ നിറം പച്ചയല്ലേ?
രാജാവ്: അതേ.
പുലി: പിന്നെന്തിനാണു ശരി പറഞ്ഞ എന്നെ കാരാഗൃഹത്തില്‍ അടയ്ക്കുന്നത്?
രാജാവ്: നീ പറഞ്ഞതു ശരി തന്നെ. പക്ഷേ നീ ഒരു കഴുതയോടു തര്‍ക്കിച്ചു എന്നതാണു നീ ചെയ്ത വലിയ തെറ്റ്. അതിനാല്‍ നിനക്ക് ഒരു പാഠമാവാന്‍ വേണ്ടിയും ഇനി ഒരിക്കലും കാര്യങ്ങള്‍ മനസ്സിലാവാത്തവരോടു തര്‍ക്കിക്കാതിരിക്കാന്‍ വേണ്ടിയും ആണ് ഈ ശിക്ഷ.

ഗുണപാഠം:

കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്തവര്‍ എല്ലാ സമൂഹങ്ങളിലും ധാരാളം ഉണ്ടായിരിക്കും. അവരോടു തര്‍ക്കിച്ചതുകൊണ്ടോ അവരെ നേര്‍വഴിക്കു നയിക്കാന്‍ ശ്രമിച്ചതു കൊണ്ടോ യാതൊരു ഫലവും ഉണ്ടാവുകയില്ല.

8. കുരങ്ങന്‍റെ കയ്യില്‍ വാള്‍ കൊടുത്ത രാജാവ്‌

ഒരു രാജാവിനു സേവകനായി വളരെ വിശ്വസ്തനായ ഒരു കുരങ്ങന്‍ ഉണ്ടായിരുന്നു. കുരങ്ങന്‍റെ രാജഭക്തിയും സ്നേഹവും വിശ്വാസ്യതയും മറ്റും കണ്ട് അങ്ങേയറ്റം പ്രീതനും സന്തുഷ്ടനും ആയ രാജാവു കുരങ്ങനെ തന്‍റെ പ്രധാന അംഗരക്ഷകന്‍ ആയി നിയമിച്ചു. ഒരു ദിവസം രാജാവ്‌ ഉറങ്ങാന്‍ പോയപ്പോള്‍ വാതില്‍ക്കല്‍ കാവലിനു കുരങ്ങനെ ആണു നിര്‍ത്തിയത്. കുരങ്ങന്‍റെ കയ്യില്‍ നല്ല മൂര്‍ച്ചയുള്ള ഒരു വാളും കൊടുത്തിരുന്നു. രാജാവ്‌ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഒരു ഈച്ച പറന്നു വന്നു രാജാവിന്‍റെ മൂക്കില്‍ ഇരിപ്പുറപ്പിച്ചു. കുരങ്ങന്‍ ഈച്ചയെ പല പ്രാവശ്യം ആട്ടിപ്പായിച്ചു. പക്ഷേ അതെല്ലാം നിഷ്ഫലം ആയി. എത്ര ആട്ടിപ്പായിച്ചാലും ഈച്ച വീണ്ടും വന്നു രാജാവിന്‍റെ
മൂക്കില്‍ത്തന്നെ ഇരിക്കും. കുരങ്ങനു കഠിനമായ ദേഷ്യം വന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല. വാളെടുത്ത് ഈച്ചയ്ക്ക് ആഞ്ഞൊരു വെട്ടു കൊടുത്തു. ഈച്ച പറന്നുപോയി. രാജാവിനു ഗുരുതരമായി മുറിവേറ്റു.

ഗുണപാഠം : കുരങ്ങന്‍റെ കയ്യില്‍ വാള്‍ കൊടുക്കുന്നതു പോലെയാണ് ചില അക്ഷരശ്ലോകജഡ്ജിമാര്‍ക്കു മാര്‍ക്കിടാനുള്ള അധികാരം കൊടുക്കുന്നത്. മൂല്യവും ആസ്വാദ്യതയും മറ്റും അളക്കാനുള്ള അധികാരമാകുന്ന വാള്‍ ഉപയോഗിച്ച് അവര്‍ ആഞ്ഞു വെട്ടുമ്പോള്‍ യഥാര്‍ത്ഥ അക്ഷരശ്ലോകപ്രേമികള്‍ക്കു സാരമായി മുറിവേല്‍ക്കുന്നു.

9. മുറിമൂക്കനെ രാജാവാക്കിയപ്പോള്‍

സാധാരണയായി മുറിമൂക്കന്മാരെ രാജാവാക്കുന്നതു മൂക്കില്ലാത്തവരുടെ രാജ്യങ്ങളിലാണ്. പക്ഷേ പണ്ടൊരിക്കല്‍ നല്ല ഒന്നാംതരം മുഴുമൂക്കുള്ള ലക്ഷക്കണക്കിനു മിടുക്കന്മാരുള്ള ഒരു രാജ്യത്തു കിംഗ്‌മേക്കര്‍മാര്‍ എന്ന് അറിയപ്പെടുന്ന ചില മഹാജ്ഞാനികള്‍ ഒരു മുറിമൂക്കനെ രാജാവാക്കി. മൂക്കുള്ളവരെക്കാള്‍ മഹത്തായ പല മേന്മകളും മുറിമൂക്കന് ഉണ്ട് എന്നതായിരുന്നു അവരുടെ ന്യായീകരണം.

മുറിമൂക്കന്‍ രാജാവായ ശേഷം ആദ്യം ചെയ്തതു മന്ത്രിസ്ഥാനം, ഉന്നത ഉദ്യോഗങ്ങള്‍ മുതലായവയെല്ലാം മുറിമൂക്കന്മാര്‍ക്കു മാത്രം കിട്ടത്തക്ക വിധത്തില്‍ ഭരണഘടനയും നിയമങ്ങളും എല്ലാം മാറ്റി എഴുതുകയായിരുന്നു. അന്നു മുതല്‍ ആ രാജ്യത്തു മുറിമൂക്കന്‍മാരുടെ സുവര്‍ണ്ണകാലം ആരംഭിച്ചു.

പക്ഷേ മുറിമൂക്കന്‍മാരല്ലാത്തവര്‍ക്കു കഷ്ടകാലം ആയി. അവര്‍ എത്ര അദ്ധ്വാനിച്ചാലും എത്ര ഉയര്‍ന്ന യോഗ്യതകള്‍ നേടിയാലും യാതൊന്നും കിട്ടുകയില്ല. അവരുടെ പരാതികളും പരിദേവനങ്ങളും ഒന്നും ആരും ശ്രദ്ധിക്കുകയും ഇല്ല.

രാജ്യത്തുള്ള എല്ലാ മുറിമൂക്കന്‍മാരും തങ്ങളുടെ രാജാവിന്‍റെ ബുദ്ധിശക്തി, ചിന്താശക്തി പ്രജാവാത്സല്യം മുതലായ സല്‍ഗുണങ്ങളെ വാനോളം പുകഴ്ത്താനും വാഴ്ത്തിപ്പാടാനും തുടങ്ങി.

10. കുരങ്ങനും കുരുവിയും

ഒരു കാട്ടില്‍ ഒരു കുരങ്ങന്‍ ഉണ്ടായിരുന്നു. വളരെ തണുപ്പുള്ള ഒരു സന്ധ്യ നേരത്തു കുരങ്ങന്‍ തണുത്തു വിറയ്ക്കാന്‍ തുടങ്ങി. വിറകു കൂട്ടി തീ കത്തിച്ചു തീ കായാന്‍ കുരങ്ങന്‍ തീരുമാനിച്ചു. വിറകുകൊള്ളികള്‍ ശേഖരിച്ചു കൂട്ടി വച്ചു. പക്ഷേ തീയോ തീപ്പെട്ടിയോ കിട്ടാനില്ല. കുരങ്ങന് ഒരു ബുദ്ധി തോന്നി. ഒരു മിന്നാമിനുങ്ങിനെ പിടിച്ചുകൊണ്ടു വന്നു വിറകിനടിയില്‍ വച്ച് ഊതാന്‍ തുടങ്ങി. എത്ര ഊതിയിട്ടും തീ  കത്തുന്നില്ല. ഇതു കണ്ട ഒരു കുരുവി പറഞ്ഞു “ഹേ കുരങ്ങച്ചാരെ! മിന്നാമിനുങ്ങിനെ എത്ര ഊതിയാലും തീ കത്തുകയില്ല”. കുരങ്ങനു ദേഷ്യം വന്നു. നീ ആരാ എന്നെ ഉപദേശിക്കാന്‍? എന്നു ചോദിച്ചുകൊണ്ടു കുരുവിയെ പിടിച്ചു നിലത്തടിച്ചു കൊന്നു. എന്നിട്ടു വീണ്ടും ഊതിക്കൊണ്ടേ ഇരുന്നു.

ഗുണപാഠം:-  വിഡ്ഢികളെ ഉപദേശിക്കരുത്. അവരെ അവരുടെ പാട്ടിനു വിടുക. അവര്‍ വിഡ്ഢിത്തങ്ങള്‍ ചെയ്തുകൊണ്ടേ ഇരിക്കും. എത്ര ഉപദേശിച്ചാലും അവരുടെ പ്രവര്‍ത്തനശൈലിയില്‍ ഒരു മാറ്റവും വരികയില്ല. ഉപദേശിക്കുന്നവരെ അവര്‍ ശത്രുക്കളായി കണക്കാക്കി ശിക്ഷിച്ചെന്നും വരാം. സത്തുക്കള്‍ ചെന്നു ശിക്ഷിച്ചു ചൊല്ലുമ്പോള്‍ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നൂ ചിലര്‍ എന്നു പൂന്താനവും വല്ലാതെ കുറ്റം പറയുന്നതായാല്‍ തല്ലാനൊരുങ്ങും ശഠരായ കൂട്ടര്‍ എന്നു സ്വാമി കേശവാനന്ദ സരസ്വതിയും പറഞ്ഞിട്ടുണ്ട്. ദൈവം വിഡ്ഢികളെ സൃഷ്ടിച്ചിരിക്കുന്നതു വിഡ്ഢിത്തം കാണിക്കാന്‍ വേണ്ടിയാണ്. അവര്‍ ഇഷ്ടം പോലെ വിഡ്ഢിത്തങ്ങള്‍ കാണിച്ചു കൊള്ളട്ടെ.

11. മഠയന്‍റെ ഫുട്ബാള്‍ മത്സരം.

ഒരിടത്ത് ഉന്നതനുംധനാഢ്യനും ആയ ഒരു മഠയന്‍ ഉണ്ടായിരുന്നു. താന്‍ ഒരു ഫുട്ബാള്‍ സര്‍വ്വജ്ഞന്‍ ആണെന്ന് അയാള്‍ക്ക് ഒരു ധാരണയുണ്ടായിരുന്നു. ഫുട്ബാള്‍ കളിയുടെ ലക്ഷ്യം കാണികളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന് അയാള്‍ ഘോരഘോരം പ്രസംഗിച്ചു കൊണ്ടു നടക്കുക പതിവായിരുന്നു.

അയാള്‍ ഒരിക്കല്‍ സ്വന്തം ചെലവില്‍ ഒരു ഫുട്ബാള്‍ മത്സരം നടത്തി. ഓരോ കളിക്കാരനും അവതരിപ്പിക്കുന്ന കളിയുടെ മൂല്യവും ആസ്വാദ്യതയും അളന്നു മാര്‍ക്കിടാന്‍ റഫറിമാരെ ഏര്‍പ്പാടു ചെയ്തു. സ്വന്തം രാജ്യവും അയല്‍രാജ്യവും തമ്മിലായിരുന്നു മത്സരം. അയല്‍രാജ്യം അഞ്ചു ഗോളടിച്ചപ്പോള്‍ സ്വന്തം രാജ്യം നാലു ഗോളേ അടിച്ചുള്ളൂ. എങ്കിലും അയാളും അയാളുടെ ആജ്ഞാനുവര്‍ത്തികളായ റഫറിമാരും കൂടി സ്വന്തം രാജ്യത്തെ വിജയിയായി പ്രഖ്യാപിച്ചു. റഫറിമാര്‍ ഇട്ട മാര്‍ക്കു കൂടുതല്‍ സ്വന്തം രാജ്യത്തിന്‌ ആയിരുന്നു എന്നായിരുന്നു ന്യായീകരണം. അയല്‍രാജ്യക്കാര്‍ എതിര്‍ത്തപ്പോള്‍ ഉന്നതന്‍ ഇങ്ങനെ തിരിച്ചടിച്ചു.

“റഫറിമാരുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ല എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ഇത് എന്‍റെ പണം കൊണ്ടു ഞാന്‍ നടത്തുന്ന മത്സരമാണ്‌. എന്‍റെ നിയമങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നവര്‍ മാത്രം ഇങ്ങോട്ടു വന്നാല്‍ മതി.”

ഇതു കേട്ട് അയല്‍രാജ്യക്കാര്‍ ചൂളിപ്പോയി. അവര്‍ പിന്നെ ഒന്നും പറയാതെ തിരിച്ചു പോയി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s